sections
MORE

മുംബൈയെ വീഴ്ത്തി നോർത്ത് ഈസ്റ്റ് (1–0); ഖാസ കമാറ കളിയിലെ താരം

mcfc-vs-nufc
SHARE

വാസ്കോ ∙ കേരള ബ്ലാസ്റ്റേഴ്സിനു പറ്റിയത് മുംബൈ സിറ്റി എഫ്സിക്കും സംഭവിച്ചു; കളിക്കണക്കിൽ മുന്നിൽ നിന്നിട്ടും ഗോൾ കണക്കിൽ അവർ പിന്നിലായിപ്പോയി. ഐഎസ്എൽ 7–ാം സീസണിലെ 2–ാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മുംബൈയെ വീഴ്ത്തിയത് ഒരേയൊരു ഗോളിന് (1–0). 49–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി കിക്കിലൂടെ ക്വെസി അപിയയാണു വടക്കു കിഴക്കൻ ടീമിന്റെ വിജയഗോൾ നേടിയത്. മിന്നിക്കളിച്ച മിഡ്ഫീൽഡർ അഹമ്മദ് ജാഹു 43–ാം മിനിറ്റിൽ ചുവപ്പു കാർഡ് കണ്ട് പുറത്തു പോയതു മുംബൈയ്ക്കു വലിയ തിരിച്ചടിയായി. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ബർത്തലോമിയോ ഓഗ്ബച്ചെ ഉൾപ്പെടെയുള്ള സൂപ്പർ സ്ട്രൈക്കർമാർ ഉണ്ടായിട്ടും ഗോളിലേക്ക് ഒരൊറ്റ ഷോട്ടു പോലും മുംബൈയ്ക്കു ലക്ഷ്യം വയ്ക്കാനായില്ല. മൈതാനത്തിന്റെ മറ്റെല്ലായിടത്തും ആധിപത്യം പുലർത്തിയെങ്കിലും ഗോൾമുഖത്തെ പോരായ്മ അവർക്കു തിരിച്ചടിയായി. 

കൊണ്ടും കൊടുത്തും കമാറ 

നോർത്ത് ഈസ്റ്റിന്റെ വിജയഗോളിൽ പങ്ക് 3 പേർക്ക്. ബോക്സിന്റെ ഇടതു പാർശ്വത്തിൽനിന്ന് സെക്കൻഡ് പോസ്റ്റിലേക്കു മികച്ച ക്രോസ് നൽകിയ ലൂയി മഷാഡോ, ആ ക്രോസിൽനിന്നു മുംബൈ താരം റൗളിൻ ബോർജസിന്റെ കയ്യിൽ തട്ടിയ ഹെഡർ ഉതിർത്ത ഡൈലൻ ഫോക്സ്, ഹാൻഡ് ബോളിനു കിട്ടിയ പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച ക്വെസി അപിയ. എന്നാൽ, മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതു നോർത്ത് ഈസ്റ്റിന്റെ മധ്യനിരയിൽ നിറഞ്ഞു കളിച്ച മൗറിത്താനിയൻ താരം ഖാസ കമാറയാണ്. ആദ്യ പകുതിയിൽ കമാറയെ ഫൗൾ ചെയ്തതിനാണ് അഹമ്മദ് ജാഹുവിനു ചുവപ്പു കാർഡ് കിട്ടിയത്. 

മുംബൈയ്ക്ക് പറ്റിയത്

ആദ്യ പകുതിയിലെ ആധിപത്യ സമയത്തു മുംബൈയ്ക്ക് അവസരങ്ങൾ കിട്ടിയെങ്കിലും മുതലാക്കാനായില്ല. 12–ാം മിനിറ്റിൽ ആദം ലെ ഫോൺട്രെയുടെ ക്രോസിൽ ഓഗ്ബച്ചെ ലക്ഷ്യം വച്ചെങ്കിലും നോർത്ത് ഈസ്റ്റ് ഡിഫൻഡർ അശുതോഷ് മേത്ത തടഞ്ഞു. അടുത്ത മിനിറ്റിൽ ഓഗ്ബച്ചെയുടെ ഒരു ഹെഡർ ലക്ഷ്യം തെറ്റി. ജാഹുവിന്റെ 2 ലോങ്റേഞ്ചറുകളും ലക്ഷ്യത്തിലേക്കു വന്നില്ല. ജാഹു പുറത്തായി മുംബൈ 10 പേരായി ചുരുങ്ങിയതോടെ നോർത്ത് ഈസ്റ്റ് ആക്രമിച്ചു കളിച്ചു. തുടക്കത്തിൽതന്നെ ഗോൾ വന്നതോടെ ആവേശം കൂടിയ അവർ മുംബൈ പ്രതിരോധം പൊളിച്ചു. ഖുമന്തെം മീട്ടെയും അപിയയും നിരന്തരം ആക്രമിച്ചു കയറിയതോടെ മുംബൈ പ്രതിരോധത്തിലായി. ആദ്യ പകുതിയിലെപ്പോലെ അവസരങ്ങൾ അവർക്കു കിട്ടിയതുമില്ല. 65–ാം മിനിറ്റിൽ സാർഥകിന്റെ ഹെഡർ ക്രോസ് ബാറിനു മുകളിലൂടെ പോയതോടെ മുംബൈ മുട്ടുമടക്കിത്തുടങ്ങി. 

TURNING POINT

മുന്നേറ്റനിര നിറംമങ്ങിയപ്പോൾ ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റ് ഗോൾമുഖത്ത് അപകടം വിതച്ചതു മുംബൈയുടെ ഡിഫൻസീവ് മിഡ്ഫീൽഡർ അഹമ്മദ് ജാഹുവാണ്. ലോങ്റേഞ്ചറുകളുമായി നോർത്ത് ഈസ്റ്റിനെ പരീക്ഷിച്ച മൊറോക്കൻ താരത്തിനു പക്ഷേ, 43–ാം മിനിറ്റിൽ പിഴച്ചു. കമാറയെ പിന്നിൽനിന്നു ഫൗൾ ചെയ്തു വീഴ്ത്തിയതിനു ചുവപ്പു കാർഡ്. മധ്യനിരയിലെ ആധിപത്യം അതോടെ മുംബൈയ്ക്കു നഷ്ടമായി.

English Summary: ISL: NorthEast United FC vs Mumbai City FC

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA