sections
MORE

2 ഗോൾ വീതം നേടി ബെംഗളൂരു, ഗോവ; കരുത്തരുടെ പോരാട്ടം സമനിലയിൽ

isl angulo goa hero
ബെംഗളൂരുവിനെതിരെ ഗോൾ നേടിയ ഇഗോർ അംഗുലോയെ (മധ്യത്തിൽ തലയുയർത്തി നിൽക്കുന്നയാൾ) ഗോവൻ സഹതാരങ്ങൾ അഭിനന്ദിക്കുന്നു.
SHARE

മഡ്ഗാവ് ∙ ബെംഗളൂരുവിന്റെ 90 മിനിറ്റ് അധ്വാനം തുല്യം ഗോവയുടെ 3 മിനിറ്റ് ആവേശം! ജയം ഉറപ്പിച്ചു കളിച്ച ബെംഗളൂരുവിനെ 2–ാം പകുതിയിലെ 3 മിനിറ്റുകളിൽ പിറന്ന 2 ഗോളുകളിൽ പിടിച്ചിട്ട എഫ്സി ഗോവയ്ക്ക് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ആവേശ സമനില (2–2). സ്പാനിഷ് താരം ഇഗോർ അംഗുലോയാണ്

ഗോവയുടെ 2 ഗോളും നേടിയത്. 66, 69 മിനിറ്റുകളിലായിരുന്നു അംഗുലോയുടെ ഗോളുകൾ. അംഗുലോ തന്നെയാണ് കളിയിലെ താരം. ബെംഗളൂരുവിനായി ക്ലെയ്ട്ടൻ സിൽവ, യുവാൻനാൻ എന്നിവർ സ്കോർ ചെയ്തു. 

ബെംഗളൂരുവിന്റെ പകുതി 

ഫറ്റോർഡയിലെ സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ അവസരങ്ങളേറെ തുറന്നെടുത്തത് ബെംഗളൂരു. 11–ാം മിനിറ്റിൽ ഇടതു പാർശ്വത്തിൽ നിന്ന് 3 പേരെ വെട്ടിച്ചു കയറിയ മലയാളി താരം ആഷിഖ് കുരുണിയന്റെ ഷോട്ട് പക്ഷേ ദുർബലമായിപ്പോയി. 27–ാം മിനിറ്റിൽ ബെംഗളൂരു ലീഡ് എടുത്തു. ഹർമൻജോത് ഖബ്രയുടെ ത്രോ ഗോവൻ ബോക്സിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു.

പന്ത് തോൾപ്പൊക്കത്തിൽ കിട്ടിയ ബ്രസീലിയൻ താരം അത് ഹെഡ് ചെയ്ത് വലയിലേക്കിട്ടു. ബെംഗളൂരുവിന്റെ 2–ാം ഗോൾ വന്നതും സെറ്റ്പീസിൽ നിന്നു തുടക്കമിട്ട മുന്നേറ്റത്തിൽ നിന്ന്. ആഷിഖിന്റെ ഫ്രീകിക്ക് ദെഷോൺ ബ്രൗൺ എറിക് പാർത്താലുവിന് നൽകി. ഓസ്ട്രേലിയൻ താരത്തിന്റെ പാസ് യുവാൻനാൻ വലയിലെത്തിച്ചു. 

ഗോവയുടെ പകുതി 

45–ാം മിനിറ്റിൽ ഗോൾ ലക്ഷ്യമാക്കി തിരിച്ചുവിട്ട ഫ്ലിക്കിലൂടെ ഇഗോർ അംഗുലോ ബെംഗളൂരുവിന് സൂചന നൽകിയതാണ്. കഴിഞ്ഞ സീസണുകളിൽ ഗോവയ്ക്കു വേണ്ടി ഗോളടിച്ചു തകർത്ത ഫെറാൻ കൊറാമിനോസിനു പകരമെത്തിയ അംഗുലോയുടെ പ്രഹരശേഷി ബെംഗളൂരു വൈകാതെയറിഞ്ഞു. ബ്രണ്ടൻ ഫെർണാണ്ടസും ആൽബർട്ടോ നോഗ്വേരയുമൊത്തുള്ള ഒരു മുന്നേറ്റത്തിനൊടുവിൽ ലക്ഷ്യം കണ്ട് സ്പാനിഷ് താരം ഗോവയെ മത്സരത്തിലേക്കു തിരിച്ചു കൊണ്ടു വന്നു.

പിന്നാലെ ജെസുരാജിന്റെ ക്രോസ് വയറു കൊണ്ട് ഗോളിലേക്കു തട്ടിയിട്ട് ഗോവയെ ഒപ്പമെത്തിച്ചു. ഇൻജറി ടൈമിൽ വിജയം സ്വന്തമാക്കാൻ ഗോവയ്ക്ക് അവസരമൊരുങ്ങിയതാണ്. എന്നാൽ ജോർജ് ഓർട്ടിസ് മെൻഡോസയുടെ ശ്രമം ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു തടഞ്ഞു. 

TURNING POINT

2–ാം പകുതിയിൽ എഫ്സി ഗോവ പരിശീലകൻ യുവാൻ ഫെറാൻഡോയുടെ സബ്സ്റ്റിറ്റ്യൂഷനുകൾ കളി തന്നെ മാറ്റിക്കളഞ്ഞു. റൊമാരിയോ ജെസുരാജ്, ബ്രണ്ടൻ ഫെർണാണ്ടസ്, ആൽബർട്ടോ നോഗ്വേര, എയ്ബാൻബ ദോലിങ് എന്നിവരെയാണ് ഫെറാൻഡോ ഇറക്കി വിട്ടത്. അംഗുലോയുടെ ആദ്യഗോളിന്റെ അസിസ്റ്റ് നൊഗ്വേര, രണ്ടാം ഗോളിന്റെ അസിസ്റ്റ് ജെസുരാജിന്റെ വക. 2 നീക്കങ്ങളിലും പങ്കാളിയായി ബ്രണ്ടൻ ഫെർണാണ്ടസും തിളങ്ങി. 

MATCH STATS

ഗോവ, ബെംഗളൂരു

64% പന്തവകാശം 36%

82% പാസ് കൃത്യത 66% 

8 ഓഫ് സൈഡ് 0

5 ഗോൾ ഷോട്ട് 3

17 ഫൗൾ 9

3 കോർണർ 4

4 മഞ്ഞക്കാർഡ് 1 

English Summary: FC Goa vs Bengaluru FC

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA