ADVERTISEMENT

ബ്യൂണസ് ഐറിസിലെ തെരുവുകളിൽനിന്ന് ഫുട്‌ബോൾ ലോകത്തിലെ കിരീടം വയ്‌ക്കാത്ത രാജാവെന്ന സ്‌ഥാനത്തെത്തിയ അർജന്റീനയുടെ ഇതിഹാസതാരമാണ് ഡിയേഗോ മാറഡോണ. 1986 ൽ മാറഡോണയുടെ പ്രതിഭയിലേറി ശരാശരിക്കാരായ കളിക്കാരുടെ നിരയായ അർജന്റീന ലോകചാമ്പ്യൻമാരായി. സെമിയിൽ ഇംഗ്ലണ്ടിനെതിരെ ‘ദൈവത്തിന്റെ കൈ’ എന്നറിയപ്പെടുന്ന വിവാദഗോളടക്കമുളള രണ്ടു ഗോളുകൾ ലോകപ്രശസ്തം.

ആറ് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റർ ഓടിക്കയറി ആ ലോകകപ്പിൽ നേടിയ രണ്ടാം ഗോൾ ‘നൂറ്റാണ്ടിന്റെ ഗോൾ’ എന്നു പിന്നീടു വിശേഷിപ്പിക്കപ്പെട്ടു. വിവാദപ്രസ്താവനകളും മയക്കുമരുന്നിന് അടിപ്പെട്ട ജീവിതവും അർജന്റീനയുടെ ആരാധകനായി ഗാലറിയിൽ നിറഞ്ഞുമെല്ലാം മറഡോണ എക്കാലവും വാർത്തകളിൽ നിറഞ്ഞു. 1960 മുതൽ 2020 വരെ നീണ്ട ആ ജീവിതയാത്രയുടെ മൈതാനപ്പാതിക്കിപ്പുറം ഗോൾവലക്കിലുക്കത്തിന്റെ ആരവവും മറുപാതിയിൽ വിവാദപ്പെരുമഴയും നിറഞ്ഞു. ഇതിഹാസതാരത്തിന്റെ വിടവാങ്ങലിൽ മൂന്നു ദിവസത്തെ ദുഃഖാചരണമാണ് അർജന്റീന സർക്കാർ പ്രഖ്യാപിച്ചത്.

പൊക്കമില്ലായ്മയിലും തലപ്പൊക്കം

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ഹൃദയത്തിൽ വിങ്ങലേൽപ്പിച്ചാണ് ഫുട്ബോൾ ഇതിഹാസം ഡിയോഗോ മറഡോണയുടെ വിടവാങ്ങൽ. ഹൃദയാഘാതത്തെത്തുടർന്ന് ടിഗ്രെയിലെ വസതിയിൽ അദ്ദേഹം അന്തരിച്ചുവെന്ന തലക്കെട്ട് ഉൾക്കൊള്ളാൻ ലോകമെമ്പാടും കോടിക്കണക്കിന് ആരാധകർക്കായിട്ടില്ല. ഇക്കഴിഞ്ഞ ഒക്ടോബർ 30 നാണ് അദ്ദേഹത്തിന് അറുപതു വയസ്സു തികഞ്ഞത്.

അർജന്റീനയിലെ ബ്യൂനസ് ഐറിസിന്റെ പ്രാന്തപ്രദേശത്തുളള ലാനസിൽ(Lanus) 1960 ഒക്‌ടോബർ 30ന് ആയിരുന്നു മറഡോണയുടെ ജനനം. നഗ്നപാദനായി പന്തുതട്ടിയും ദാരിദ്ര്യത്തോടു പൊരുതിയുമാണ് മറഡോണ വളർന്നത്. മൂന്നാം പിറന്നാളിന് കസിൻ നൽകിയ പന്താണ് ലോകം കണ്ണിമ ചിമ്മാതെ കണ്ട ഫുട്ബോൾ സ്വപ്നങ്ങളിലേക്ക് മറഡോണയെ കാൽനടത്തിച്ചത്. പ്രാദേശികതലത്തിൽ ‘ലിറ്റിൽ ഒനിയൻ’ ടീമിൽ അംഗമായതോടെ തുടർച്ചയായ 140 മൽസരങ്ങൾ ടീം ജയിച്ചു.

പതിനാറാം വയസ്സിൽ 1977 ഫെബ്രുവരി 27നു ഹംഗറിക്കെതിരായ മൽസരത്തോടെ രാജ്യാന്തര അരങ്ങേറ്റം കുറിച്ചു. കുറിയവനെങ്കിലും മിഡ്‌ഫീൽഡിലെ കരുത്തുറ്റ താരമായി മറഡോണ മാറി. 1978 ൽ അർജന്റീനയെ യൂത്ത് ലോകകപ്പ് ജേതാക്കളാകുമ്പോൾ മറഡോണയായിരുന്നു നായകൻ.

1979ലും 80ലും സൗത്ത് അമേരിക്കൻ പ്ലെയർ ഓഫ് ദി ഇയർ ബഹുമതി. 1982 ൽ ലോകകപ്പിൽ അരങ്ങേറ്റം. നാലു ലോകകപ്പ് കളിച്ചു. 1986ൽ അർജന്റീനയെ മറഡോണ ഏറെക്കുറെ ഒറ്റയ്‌ക്ക് ലോകചാംപ്യൻ പട്ടത്തിലേക്കു നയിച്ചു. ആ ലോകകപ്പിൽ മികച്ച താരത്തിനുള്ള ഫിഫയുടെ ഗോൾഡൻ ബൂട്ട് പുരസ്‌കാരവും നേടി. പച്ചപ്പുൽമൈതാനത്ത് അസാമാന്യ പന്തടക്കത്തോടെ മാറഡോണയുടെ ഡ്രിബിളിങ്ങുകൾ എന്നും ആരാധകരെ ത്രസിപ്പിച്ചു. ഗോളെണ്ണത്തെക്കാൾ സഹതാരങ്ങൾക്ക് മൈതാനം കുതിച്ചെത്തി കൈമാറിയ ഗോൾ അവസരങ്ങളാണ് മറഡോണയുടെ ആരാധകർ എന്നുമോർക്കുക.

ക്ലബ് ഫുട്ബോളിലും താരം, വിവാദങ്ങളിലും

ഫുട്ബോളിൽ നേട്ടങ്ങളുടെ കൊടുമുടി കയറിയപ്പോഴും വ്യക്തിജീവിതത്തിൽ മറഡോണ തിരിച്ചടികൾ സ്വയം വരുത്തിവച്ചു.1991 ൽ കൊക്കെയ്ൻ ഉപയോഗത്തിന് സസ്പെൻഷൻ വാങ്ങി.മൂന്നു വർഷത്തിനു ശേഷം അമേരിക്കൻ ലോകകപ്പിലും ലഹരി ഉപയോഗത്തിന് പുറത്താക്കപ്പെട്ടു.ഹൃദയ സംബന്ധമായ അസുഖത്തിന് 2000 മുതൽ ചികിൽസയിലായിരുന്നു.

ഇടയ്ക്ക് മാരിയുവാന അടിച്ച് ജയിലിലായി.ഫുട്ബോളിൽ അനായാസ ചലനങ്ങളുമായി കുതിച്ചു പാഞ്ഞ മറഡോണ കളിക്കളത്തിനു പുറത്ത് വലിയ ശരീരവുമായി വേച്ചുവേച്ചു നീങ്ങി. എന്നിട്ടും മറഡോണയ്ക്ക് ലോകമെങ്ങും ആരാധകരുണ്ടായി. തലച്ചോറിലെ രക്തസ്രാവത്തിനു ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹം മൂന്നാഴ്ച മുൻപാണ് ആശുപത്രി വിട്ടത്.

ഫുട്ബോൾ ആരാധകർക്ക് പെലെ രാജാവെങ്കിൽ ദൈവമായിരുന്നു മറഡോണ. ലോകത്തെ എക്കാലത്തെയും ജനപ്രിയ ഫുട്ബോൾ താരം, അർജന്റീനയ്ക്ക് രണ്ടു തവണ ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ. 1982, 1986, 1990,1994 ലോകകപ്പുകളിൽ കളിച്ച മറഡോണ അർജന്റീനയ്ക്കായി ജഴ്സിയണിഞ്ഞത് 91 രാജ്യാന്തര മൽസരങ്ങളിൽ, ഇതിൽ 34 ഗോളുകൾ നേടി – ലോകകപ്പുകളിൽ 21 മൽസരങ്ങളിൽ എട്ടു ഗോളുകൾ.

അക്കാലത്തെ റെക്കോർഡ് തുകയായ 9.81 ദശലക്ഷം ഡോളറിനാണ് മറഡോണ സ്പാനിഷ് ഫുട്ബോൾ ക്ലബായ ബാഴ്സലോണയുമായി കരാർ ഒപ്പിട്ടത്. 1983 ൽ കോപ്പ ഡെൽ റേ കപ്പും സ്പാനിഷ് സൂപ്പർ കപ്പും ബാഴ്സ സ്വന്തമാക്കുമ്പോൾ മറഡോണയും ആ ജഴ്സിയിൽ ഒപ്പം തിളങ്ങി. 58 മൽസരങ്ങളിൽ 38 ഗോളുകളാണ് മറഡോണ ബാഴ്സയ്ക്കായി നേടിയത്.

സഹതാരങ്ങളും മാനേജ്മെന്റുമായി പിണങ്ങി ബാഴ്സ വിട്ട മറഡോണയെ ഇറ്റാലിയൻ കപ്പായ നാപ്പോളി നേടിയതും റെക്കോർഡ് തുകയ്ക്ക് – 13.54 ലക്ഷം രൂപ. 1984 മുതൽ 1991 വരെ നീണ്ട നാപ്പോളി ബന്ധത്തിൽ 188 മൽസരങ്ങളിലായി മാറഡോണ നേടിയത് 81 ഗോളുകൾ. ഇക്കാലയളവിൽ നാപ്പോളി ക്ലബിന്റെ കിരീടനേട്ടത്തിൽ രണ്ട് ക്ലബ് സീരി എയും(1987–88, 1988–89) യുവേഫ സൂപ്പർ കപ്പും(988–89)) കോപ്പാ ഇറ്റാലിയ കിരീടവും (1986–87)സൂപ്പർ കോപ്പ ഇറ്റാലിയാനയും(1990–91) ഉൾപ്പെടുന്നു.

മയക്കുമരുന്നുപയോഗം ഉൾപ്പെടെ നിരവധി ആരോപണങ്ങളിലും മാറഡോണ വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞു. 1991 മാർച്ചിൽ ഒരു മൽസരത്തിനു ശേഷം നടത്തിയ ഉത്തജക മരുന്നു പരിശോധനയിൽ മാറഡോണ കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തി. 15 മാസം വിലക്കു നേരിട്ട ശേഷം മടങ്ങിയെത്തിയ ശേഷവും കൊക്കെയ്ൻ കൈവശം വച്ചതിന് അദ്ദേഹം അറസ്റ്റിലായി. നാപ്പോളിയിൽ നിന്ന് സ്പാനിഷ് ക്ലബായ സെവിയ്യയിലേക്കും കൂടുമാറിയ അദ്ദേഹം ക്ലബ് മാറ്റങ്ങളുടെ വാർത്തകളിലും പിന്നീട് താരമായി.

1994 ൽ രണ്ടു മൽസരങ്ങൾ കളിച്ചതിനു പിന്നാലെ ഉത്തേജകമരുന്നു പരിശോധനയിൽ മറഡോണ പിടിക്കപ്പെട്ടു. ലഹരിമരുന്നുപയോഗത്തിൽ വീണ്ടും പുറത്തായതോടെ താരത്തിന്റെ ഭാവി കരിനിഴലിലായി. തുടർന്ന് ലഹരിമരുന്നിൽ നിന്ന് മുക്തിനേടാനായി ചികിൽസ നടത്തിയെങ്കിലും ഉത്തേജക മരുന്നു പരിശോധനയിൽ വീണ്ടും പരാജയപ്പെട്ടതോടെ 1997 ഒക്ടോബർ 30 ന് അദ്ദേഹം ഫുട്ബോൾ കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.. 2008 ൽ അർജന്റീനയുടെ മുഖ്യപരിശീലകനായി രംഗത്തെത്തിയെങ്കിലും 2010 ൽ ലോകകപ്പ് ക്വാർട്ടറിൽ ജർമനിയോട് അർജന്റീന തോറ്റതോടെ മറഡോണയുമായുള്ള പരിശീലന കരാർ പിന്നീട് പുതുക്കിയില്ല.

ഡിയേഗോ അർമാൻഡോ മറഡോണ

ജനനം: 1960 ഒക്ടോബർ 30
രാജ്യാന്തര മത്സരങ്ങൾ: 91. ഗോൾ: 34
ലോകകപ്പുകൾ: 1982, 86, 1990, 94
ലോകകപ്പ് മത്സരങ്ങൾ: 21. ഗോൾ: 8
ക്ലബ് മത്സരങ്ങൾ: 588. ഗോൾ: 312

English Summary: The Football legend, God, named Diego Maradona

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com