sections
MORE

കൽപാന്തകാലത്തോളം...; ഫുട്ബോൾ ഇതിഹാസത്തിന് ലോകത്തിന്റെ ഹൃദയാഞ്ജലി

Maradona-9
ആരവങ്ങൾക്കപ്പുറം... അർജന്റീനയുടെ കൊടി പുതച്ച്, ലോകത്തിന്റെ സ്നേഹവും പേറി ഈ പേടകത്തിൽ ഉറങ്ങിക്കിടക്കുന്നത് ലോകത്തെ ഏറ്റവും വലിയ ആരാധക സമ്പത്തിനുടമയാണ്. ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മൃതദേഹം അർജന്റീന പ്രസിഡന്റിന്റെ ബ്യൂനസ് ഐറിസിലെ വസതിയിൽ എത്തിച്ചപ്പോൾ. ആ മുഖം ഒരു നോക്കു കാണാൻ ആയിരങ്ങളാണ് ഇവിടേക്ക് ഇരച്ചെത്തുന്നത്.
SHARE

ബ്യൂനസ് ഐറിസ് ∙ പാതിയിൽ നിലച്ച സംഗീതം പോലെ ഡിയേഗോ മറഡോണ ഈ മണ്ണിൽനിന്നു മടങ്ങുന്നു. കളിക്കളത്തിലെ മാന്ത്രിക ചലനങ്ങൾ കൊണ്ടു ഫുട്ബോളിൽ അതിമോഹനമായ സിംഫണി തീർത്ത പ്രിയ ഡിയേഗോ ഇനി കോടിക്കണക്കിന് ആരാധകരുടെ ഹൃദയമൈതാനങ്ങളിലെ നിത്യസാന്നിധ്യം.

ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി ഹൃദയാഘാതത്തെത്തുടർന്ന് ജീവൻ വെടിഞ്ഞ ഇതിഹാസതാരത്തിന്റെ വിയോഗവാർത്ത ഞെട്ടലോടെയാണു ലോകം കേട്ടത്. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസിലെ പ്രസിഡൻഷ്യൽ ഹൗസായ കാസ ഓസാദയിൽ‍ അന്ത്യോപചാരമർപ്പിക്കാൻ നാടാകെ ഒഴുകിയെത്തുകയാണ്. അർജന്റീനയിൽ 3 ദിവസത്തെ ദുഃഖാചരണം. 

കാസ ഓസാദയെന്നാൽ റോസ് ഹൗസ്. മറഡോണയുടെ പ്രിയപ്പെട്ട 10–ാം നമ്പർ ജഴ്സി പുതച്ചു കിടക്കുകയാണ് വലിയ മന്ദിരം. അവിടേക്കു മറഡോണയെ അവസാനമായി തേടിയെത്തുന്നവർ ഒരു മഹാ ഗാലറിയിലെ ആരവമാണ് സൃഷ്ടിക്കുന്നത്. അവർ കയ്യടിക്കുന്നു. ‘വാമോസ് ഡിയേഗോ’ എന്നാർത്തുവിളിക്കുന്നു. 10–ാം നമ്പർ ജഴ്സിക്കു ചുറ്റുമാണ് ഇവിടെ എല്ലാം കറങ്ങുന്നത്. രാത്രിയും പകലും 10 മണിക്ക് ജനക്കൂട്ടം കയ്യടിക്കുന്നു. ‘‘ഉണരൂ മാന്ത്രികാ...ഉണരൂ...’’–  അവർ ഉറക്കെ വിളിക്കുന്നു.

‘‘ആകാശം തൊട്ടവനാണ് ഡിയേഗോ, പക്ഷേ, എന്നും മണ്ണിൽ ചവിട്ടി നിന്നു’’– പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസിന്റെ വാക്കുകളിൽ മറഡോണ മാനം മുട്ടുന്നു. ഫ്രാൻസിസ് മാർപാപ്പ ഉൾപ്പെടെ പ്രമുഖർ അനുശോചനമറിയിച്ചു. ബ്യൂനസ് ഐറിസ് നഗരപ്രാന്തത്തിലുള്ള ബെല്ലാ വിസ്ത സെമിത്തേരിയിൽ മാതാപിതാക്കൾക്കു സമീപമായിരിക്കും മറഡോണയുടെ അന്ത്യനിദ്ര. 

ചെകുത്താന്റെയും ദൈവപുത്രന്റെയും വിങ്ങുകളിൽ മാറിമാറി കളിച്ച മാസ്മരികമായ ആ കാലുകൾ പക്ഷേ, അവസാനമായൊന്നു കാണാനാകില്ല. പൂർണമായി മൂടിയ പേടകത്തിനുള്ളിലാണ് ഡിയേഗോ ഉറങ്ങുന്നത്. ഓർമപ്പന്തിന്റെ ദ്രുതചലനങ്ങൾ നിലയ്ക്കില്ല, എത്ര നൂറ്റാണ്ടു കഴിഞ്ഞാലും.

English Summary: Tribute to Diego Maradona

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA