ADVERTISEMENT

1986 ജൂൺ മാസത്തിലെ പാതിരാ സമയം. നാട്ടിലെ ലൈബ്രറി ഹാളിൽ ഫുട്‍ബോൾ പ്രേമികൾ ഇംഗ്ലണ്ട്, അർജന്റീന ക്വാർട്ടർ ഫൈനൽ കാണാൻ ഒത്തുകൂടിയിരിക്കുന്നു. കളർ ടെലിവിഷൻ ലൈബ്രറിയിൽ ഉള്ളതുകൊണ്ടാണ് കാൽപ്പന്തുപ്രേമികൾ അവിടെ ഒത്തുകൂടിയിരിക്കുന്നത്. അർജന്റീനയുടെ ആക്രമത്തെ പ്രതിരോധിക്കാനായി ഇംഗ്ലണ്ടിന്റെ ഡിഫൻഡർ പന്ത് മറിച്ച് ഗോളിക്ക് ലാക്കാക്കി ഉയർത്തികൊടുക്കുന്നു. പെനൽറ്റി ഏരിയയിലേക്ക് ഓടിയെത്തി ബോൾ കൈക്കലാക്കാൻ ഗോളി ഇരുകൈകളും ഉയർത്തി ചാടുന്നു. പക്ഷേ കൊടുങ്കാറ്റുപോലെ പെനൽറ്റി ബോക്സിൽ കുതിച്ചെത്തിയ മറഡോണ ഗോളിക്കൊപ്പം ഉയർന്നുചാടി ഹെഡറിലൂടെ പന്ത് ഗോൾ വലയത്തിലാക്കുന്നു. ഗോളിയും ഇംഗ്ലണ്ടിന്റെ മറ്റു കളിക്കാരും ഹാൻഡ് ബോൾ, ഹാൻഡ്‌ബോൾ എന്ന് അലറിവിളിച്ചുകൊണ്ട് റഫറിയുടെ പിന്നാലെ പായുന്നു. പക്ഷേ റഫറി ഗോൾ എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു.

പല ആംഗിളിൽ ഹെഡർ കണ്ടുനോക്കിയിട്ടും, തലകൊണ്ടാണോ കൈകൊണ്ടാണോ, തോളുകൊണ്ടാണോ മറഡോണ ആ ഗോൾ നേടിയതെന്ന്  മനസിലാക്കാൻ സാധിച്ചിരുന്നില്ല. ഇതേക്കുറിച്ച് കളിക്കുശേഷം അദ്ദേഹത്തോട് ചോദിച്ചപ്പോൾ മറഡോണ പറഞ്ഞ മറുപടിയാണ് പിന്നീട് പ്രശസ്തമായ ‘ദൈവത്തിന്റെ കൈ’ പ്രയോഗത്തിന് കാരണമായത്: ‘അത് ഹാൻഡ് ബോൾ ആയിരുന്നെങ്കിൽ എന്റെ കൈകളായിരിക്കില്ല, ദൈവത്തിന്റെ കൈകളായിരിക്കും!’

അതേ ലോകകപ്പിൽ മറഡോണ നേടിയ രണ്ടാമത്തെ ഗോളിനെ ‘നൂറ്റാണ്ടിലെ ഗോൾ’ എന്നാണ് വിശേഷിപ്പിക്കുന്നത്. മിഡ്‌ഫീൽഡിൽ വച്ച്  ഇംഗ്ലണ്ടിന്റെ രണ്ടു കളിക്കാരുടെ ഇടയിലൂടെ പന്ത് സ്വീകരിച്ച്  ഏകനായി മറഡോണ അതീവ വേഗത്തിൽ മുന്നേറി. എതിർ ടീമിലെ അഞ്ചു കളിക്കാർ പലപ്പോഴായി മറഡോണയെ തടയാൻ ശ്രമിച്ചു. തന്റെ ഇരുകാലുകളിലും പന്ത് കെട്ടിയിട്ടിരിക്കുകയാണ് എന്ന്  തോന്നിപ്പിക്കുന്ന വിധത്തിൽ,  അതിവിദഗ്‌ദമായി പന്തിനെ നിയന്ത്രിച്ച് അദ്ദേഹം മുന്നോട്ടുപോയി. ഇംഗ്ലണ്ടിന്റെ ഗോൾകീപ്പർ ഓടിവന്ന്  മറഡോണയുടെ കാലിൽ നിന്നും പന്ത് കൈക്കലാക്കാൻ ശ്രമിച്ചു. വേഗതയും പന്തടക്കവും കൗശലവും ഒത്തുചേർന്ന ഈ  മാന്ത്രികപ്രകടനത്തിന്റെ അവസാനം ഗോളിയേയും മറികടന്ന് ഒഴിഞ്ഞു കിടന്ന ഗോൾവലയത്തിലേക്ക്  പന്ത് ലാഘവത്തോടെ അടിച്ചുകയറ്റി. ലോകമാകമനം ഉള്ള ഫുട്ബോൾ പ്രേമികളുടെ ഹൃദയത്തിലേക്കുള്ള ഗോൾ കൂടിയായി,  അർജന്റീന നേടിയ ഈ വിജയ ഗോൾ!

ദൃഢമായ പേശികൾ ഉരുണ്ടുകൂടിയതും, പന്ത് കിട്ടിയാൽ നഷ്ടപ്പെടുത്താത്തതുമായ മറഡോണയുടെ കാലുകൾ എതിരാളികൾക്ക് എന്നും ഒരു പേടിസ്വപ്നമായിരുന്നു. അവർ അതിനെ ‘ചെകുത്താന്റെ കാലുകൾ’ എന്നാവും കരുതിയിരിക്കുക.

അർജന്റീനയിലെ ഒരു ചേരിയിൽ ജനിച്ച് കാൽപ്പന്തു കളിയിൽ നേടിയ പ്രാഗൽഭ്യത്താൽ മാത്രം സമ്പത്തിന്റെയും പ്രശസ്തിയുടെയും നെറുകയിലെത്തിയ മഹാനാണ്  മറഡോണ. അറുപതാമത്തെ വയസ്സിൽ,  കോടാനുകോടി കായിക പ്രേമികളെ വേദനിപ്പിച്ച് ജീവിതമാകുന്ന സ്റ്റേഡിയത്തിലെ കളി അവസാനിപ്പിച്ച്  മടങ്ങിപ്പോയ താരത്തിന് ആദരാജ്ഞലികൾ.

English Summary: Diego Maradona, 'Hand of God'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com