ADVERTISEMENT

മരിച്ചവരെ ഒരിക്കൽ മാത്രമേ അടക്കം ചെയ്യാറുള്ളൂ. പക്ഷേ സമൂഹത്തിന്റെ സമ്പത്തായി മാറിയവരെ ഒരിക്കലും അടക്കം ചെയ്യാൻ സാധിക്കാറില്ല. സമ്പത്തുണ്ടാക്കിയവരെയല്ല ഉദ്ദേശിച്ചത്. ഡിയേഗോ മറഡോണയെ പോലെ സമൂഹത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയവരെ. 

മറഡോണ ബാങ്ക് അക്കൗണ്ട് കണക്കിൽ സമ്പന്നനെന്നു വിലയിരുത്തുന്നവരുണ്ടാകാം. പക്ഷേ, അത്രയ്ക്കൊന്നുമില്ല എന്നതാണു സത്യം. ഡിയേഗോ സമ്പത്തിന്റെയോ ശാസ്ത്രത്തിന്റെയോ വക്താവല്ല. അതുവഴിയുള്ള സാമൂഹിക മാറ്റത്തിന്റെ വക്താവുമല്ല.

ശാസ്ത്രത്തിൽ മാത്രമല്ല, സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, പ്രത്യയശാസ്ത്ര മുന്നേറ്റങ്ങളിൽ മറഡോണ എവിടെ നിൽക്കുന്നു? കായികരംഗത്താണു മറഡോണയുടെ സ്ഥാനം. എന്നാൽ പെലെ, ബെക്കൻ ബോവർ, യോഹാൻ ക്രൈഫ് എന്നിവരുടെ ഗണത്തിലല്ല താനും. തൊഴിലാളി വർഗത്തിനു പ്രിയപ്പെട്ടവനാണു മറഡോണ. സ്വന്തം തൊഴിലിനെ ഏറ്റവും പ്രധാനപ്പെട്ടതായി കരുതുന്ന തൊഴിലാളിയെവിടെ, ഫുട്ബോളിനെ മറന്നു പുതിയ കൂടുകളിലേക്കു ചേക്കേറിയ മറഡോണയെവിടെ?

മറഡോണ 1994ൽ, ലോകകപ്പിൽ നിന്നു പുറത്താക്കപ്പെട്ടു. അതിനു മുൻപേ അദ്ദേഹം ഫുട്ബോളിനെ മനസ്സുകൊണ്ട് ഉപേക്ഷിച്ചതായി വേണം കണക്കാക്കാൻ. കളിക്കാരൻ എന്ന നിലയ്ക്ക് ഉപേക്ഷിച്ചു. ജീവന്റെ ജീവനായ ഫുട്ബോളിനെ തള്ളിക്കളയാൻ ഒരിക്കലും ഡിയേഗോയ്ക്കു കഴിയില്ലല്ലോ. 1994ൽ മനസ്സിന്റെയുള്ളിൽ കളിക്കളത്തിൽ നിന്നു മടങ്ങിപ്പോയ മറഡോണയെ വിടാതെ പിടികൂടിയതു സമൂഹമാണ്. അദ്ദേഹത്തിന്റെ ദൗത്യമായി, തൊഴിലായി ഫുട്ബോളിനെ അടിച്ചേൽപിക്കുകയായിരുന്നില്ലേ ലോകസമൂഹം?  അക്കാലം മുതലാണു മറഡോണ കളിക്കളമെന്ന തുറന്ന വേദിയിൽനിന്നു മാറി വേറിട്ട രീതികളുള്ള ആളായി മാറുന്നത്. 

ഓർക്കുക: ഇറ്റലിയിലെ നേപ്പിൾസിൽ (നാപ്പോളി) തൊള്ളായിരത്തി എൺപതുകളുടെ ആദ്യപകുതിയിൽ നൂറുകണക്കിനു കുഞ്ഞുങ്ങളാണു ഡിയേഗോ അർമാൻഡോ എന്ന പേരിൽ മാമോദീസ മുക്കപ്പെട്ടത്. ചിലർ കൈക്കുഞ്ഞുങ്ങളുമായി വന്ന് ആ പേരിടണം എന്നാവശ്യപ്പെട്ടതാണെങ്കിൽ മറ്റു ചിലർ എന്തു പേരിടണമെന്നു  ചോദിച്ചപ്പോൾ   ഇടവക വികാരി നിർദേശിക്കുകയായിരുന്നു.  

മറഡോണ  സ്വാതന്ത്ര്യം ആഗ്രഹിച്ചിട്ടുണ്ടാവും. തീർച്ച. ഫുട്ബോൾ എന്ന തൊഴിലിൽ നിന്നു വേർപെട്ടു പോകാനുള്ള സ്വാതന്ത്ര്യം. പക്ഷേ ലോകം അനുവദിച്ചില്ല.  വർഗസമരങ്ങളിലേക്കും  പല രാജ്യങ്ങളിലെയും ആഭ്യന്തര സമരങ്ങളിലേക്കും ഡിയേഗോ കണ്ണോടിച്ചിരുന്നു. മനസ്സിരുത്തിയെന്നു പറയാനാവില്ല. വർഗഭേദങ്ങളില്ലാത്ത സമൂഹത്തിലേക്കും അദ്ദേഹം കണ്ണുനട്ടിരുന്നു. എല്ലാറ്റിനും മീതെ ലഹരിയുടെ സ്വാധീനം നിഴൽ വീഴ്ത്തുകയും പിടിമുറുക്കുകയും ചെയ്തുവെന്നതാണു ദൗർഭാഗ്യകരം. 

ചേരിയിൽ ജനിച്ചുവളർന്നയാളാണു ഡിയേഗോ. വലിയ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അദ്ദേഹം പറുദീസ ആഗ്രഹിച്ചിരുന്നു. അവിടെയെത്താനുള്ള തെറ്റായ വഴിയിലേക്ക്, ലഹരിയിലേക്ക് അദ്ദേഹം വീണുപോയി. അശുഭാപ്തിവിശ്വാസക്കാരാ എന്നു മറഡോണയെ വിളിക്കുന്നവരുണ്ട്. പക്ഷേ മറഡോണ റിയലിസ്റ്റിക്കായിരുന്നില്ലേ? പന്തുകളിയെ കൈവിടുമ്പോൾ പച്ച മനുഷ്യനായി ജീവിക്കാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നില്ലേ? 

മറഡോണ ദൈവമെന്നു സ്വയം പ്രഖ്യാപിച്ചിട്ടില്ല. മനുഷ്യൻ പലപ്പോഴും മിഥ്യകൾ തേടുന്നു. അതു തരാൻ ഫുട്ബോൾ നല്ലൊരുപായമാണ്. മനുഷ്യർക്കാവശ്യമായ മിഥ്യകളെ കളിക്കളത്തിലെ 90 മിനിറ്റ് തരുന്നില്ലെങ്കിലും അതിനു പുറത്തു ഫുട്ബോളും അതിന്റെ ദല്ലാളുകളും തരുന്നുണ്ട്. ‘ഇതാ ഒരു ദൈവം’ എന്നു പറഞ്ഞത് അവരെല്ലാവരും കൂടിയാണ്.   അതു ലോകം ഏറ്റുപറഞ്ഞു. 

മറഡോണ പരിശീലകനാവണം. രാജ്യത്തെ ഫുട്ബോൾ ഡയറക്ടറോ ദേശീയ ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റോ ഒക്കെ ആകണമെന്ന് ആഗ്രഹിച്ചത് അർജന്റീനക്കാരാണ്. രാജ്യത്തിന്റെ പ്രസിഡന്റാകണമെന്നും അവർ ആഗ്രഹിച്ചു. നടന്നില്ല. ദേശീയ ടീം കോച്ചാവണം, ടീമിനെ ലോകചാംപ്യൻമാരാക്കണം എന്നു കൊതിച്ചു. സാധിച്ചില്ല. ചിട്ടയോടെ ജീവിക്കുന്നവരെന്നു നടിക്കുന്നവർക്ക് അതിനകം മറഡോണ അനഭിമതൻ ആയിക്കഴിഞ്ഞിരുന്നു. വൈരുദ്ധ്യങ്ങളും അവ തമ്മിൽത്തമ്മിൽ മുറിച്ചുകടക്കുന്ന നേരങ്ങളും ലയിച്ചുചേരുന്ന ചില മുഹൂർത്തങ്ങളും മറഡോണയുടെ ജീവിതത്തിൽ കാണാം. ഒന്നിതാ: 1986 ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ ഹാൻഡ്ബോളും (ദൈവത്തിന്റെ ഗോൾ) തൊട്ടുപിന്നാലെ നേടിയ ഉജ്വലമായ, ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിഗതഗോളും. രണ്ടിലും ടീമിലെ മറ്റാരും പങ്കാളികളല്ല. . ഒരേ ദിവസം, 90 മിനിറ്റിനകം എന്തൊരു വൈരുദ്ധ്യം? 

 മറഡോണയെ സ്നേഹിക്കാം. അല്ലെങ്കിൽ വെറുക്കാം. പക്ഷേ ലോകത്തിന്റെ ഏതു മൂലയ്ക്കും തിരിച്ചറിയാവുന്ന മുഖമായി ശേഷിക്കും. യുറഗ്വായിലെ കവി മാരിയോ ബെനദേത്തി എഴുതിയതുപോലെ: ‘‘ദൈവത്തിന്റെ കൈകൊണ്ട് മറഡോണ ഗോളടിച്ചു, ദൈവമുണ്ടെന്നതിന് ഈ കാലഘട്ടത്തിലെ ഏക തെളിവ്...’’ അതെ, മറഡോണ തന്നെ പിന്തുണയ്ക്കുന്നവരെയും വെറുക്കുന്നവരെയും കൃത്യമായി വേർതിരിച്ചുവച്ചാണു മടങ്ങുന്നത്.  ആ സ്വാധീനം തുടരുകതന്നെ ചെയ്യും. അദ്ദേഹത്തെ അടക്കം ചെയ്യാനാവില്ല. 

English Summary: Maradona the human

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com