sections
MORE

‘‘നിങ്ങൾക്കു നഷ്ടമായതെന്താണെന്ന് നിങ്ങളറിയുന്നില്ലല്ലോ..’’

maradona-naples
നേപ്പിൾസിൽ മറഡോണയ‌്‌ക്കായി പ്രാർഥിക്കുന്ന ആരാധകർ (എഎഫ്‌പി ചിത്രം)
SHARE

‘‘നിങ്ങൾക്കു നഷ്ടമായതെന്താണെന്ന് നിങ്ങളറിയുന്നില്ലല്ലോ..’’ - 1987ൽ ചരിത്രത്തിലാദ്യമായി നാപ്പോളി ഇറ്റാലിയൻ സീരി എ കിരീടം ചൂടിയതിനു പിന്നാലെ നേപ്പിൾസിലെ സെമിത്തേരികളിലൊന്നിൽ ആരാധകർ എഴുതിത്തൂക്കിയ വാക്കുകളാണിത്. ആയുഷ്കാലമത്രയും ആറ്റുനോറ്റ് നാപ്പോളി ഇറ്റാലിയൻ ചാംപ്യൻമാരാവാൻ കാത്തിരുന്നെങ്കിലും, ഹതാശരായി മരിച്ചു പോവേണ്ടി വന്ന പരസഹസ്രം നേപ്പിൾസ് ആത്മാക്കൾക്കുള്ള സന്ദേശം. ജീവിച്ചിരുന്ന ഓരോ നേപ്പിൾസുകാരനും, അക്കൂട്ടത്തിൽ പെടാതെ പോയതിന് അന്ന് തങ്ങളുടെ രക്ഷകനായി അവതരിച്ച ഡിയേഗോ അർമാൻഡോ മറഡോണയോടു നന്ദി പറഞ്ഞു. ഇപ്പോൾ ജീവിതത്തോടു വിടപറഞ്ഞ് മറഡോണ തങ്ങളുടെ അടുത്തെത്തുമ്പോൾ മരിച്ചു പോയ ഓരോ നേപ്പിൾസുകാരനും ജീവിച്ചിരിക്കുന്നവരോട് ഇതേ വാക്കുകൾ തന്നെ തിരിച്ചു പറയില്ലേ..?

മറഡോണയുടെ വിയോഗത്തിൽ നനഞ്ഞു കുതിർന്ന പന്തു പോലെ കണ്ണീരണിഞ്ഞ് ഭൂമി നിൽക്കുമ്പോൾ അതിൽ തീവ്രവിരഹത്തിന്റെ ഉപ്പുരസം കൂടുതൽ നേപ്പിൾസ് നഗരത്തിന്റെ ഭാഗത്തായിരിക്കും. മറഡോണയെ ഇതുപോലെ ആരാധിച്ചൊരു നഗരമില്ല, മറഡോണ ഇതു പോലെ സ്നേഹിച്ചൊരു നഗരമില്ല. രണ്ടാം വട്ടവും ലോക റെക്കോർഡ് ട്രാൻസ്ഫർ തുക തകർത്ത് 1984ൽ ബാർസിലോനയിൽ നിന്നാണ് മറഡോണ നേപ്പിൾസിലെത്തുന്നത്. മറഡോണയ്ക്കു കൊടുത്ത 5 ദശലക്ഷം പൗണ്ട് കൊണ്ട് നാപ്പോളിക്കു വേണമെങ്കിൽ 10 കളിക്കാരെ വാങ്ങാമായിരുന്നു. പക്ഷേ അഭിജാതരെന്ന് അഹങ്കരിച്ചിരുന്ന ഇറ്റലിയുടെ വടക്കൻ പ്രദേശത്തു നിന്നുള്ള യുവെന്റസ്, മിലാൻ ക്ലബ്ബുകളെ വെല്ലുവിളിക്കാൻ നാപ്പോളിക്ക് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബോൾ താരത്തെ തന്നെ വേണമായിരുന്നു. അതു മറഡോണയല്ലാതെ മറ്റാര്! 

എന്നിട്ടും ബാർസിലോനയിലെ നടപ്പുരീതികളോട് കലഹിച്ചിറങ്ങി നേപ്പിൾസിൽ വന്നു കയറുമ്പോൾ താൻ ‘കാൽക്കാശിനു വകയില്ലാത്തവൻ’ ആണെന്നായിരുന്നു മറഡോണയുടെ വാക്കുകൾ. ‘‘ഞാൻ ഒരു വീട് ചോദിച്ചു, അവരെനിക്കൊരു ഫ്ലാറ്റ് തന്നു. ഞാൻ ഒരു ഫെരാരി ചോദിച്ചു, അവരെനിക്കൊരു ഫിയറ്റ് തന്നു..’’ എന്നാണ് നാപ്പോളിയിലെ ആദ്യദിനങ്ങളെക്കുറിച്ച് മറഡോണ പിന്നീടു പറഞ്ഞത്. പക്ഷേ ബാർസിലോനയോ മറ്റു ക്ലബ്ബുകളോ കൊടുക്കാത്ത ഒരു കാര്യം നാപ്പോളി മറഡോണയ്ക്കു നൽകി– സ്വാതന്ത്ര്യം.

FBL-ITA-ARG-MARADONA-OBIT
മറഡോണയുടെ ചിത്രമുള്ള പതാകയുമായി നേപ്പിൾസിൽ ഒരു ആരാധകൻ (എഎഫ്‍പി ചിത്രം)

മറഡോണ ആദ്യം ആസ്വദിച്ചത് മൈതാനത്തെ സ്വാതന്ത്ര്യമാണ്. പരുക്കൻ അടവുകൾക്കു പേരുകേട്ട ഇറ്റാലിയൻ ഫുട്ബോളിൽ മറഡോണ ലാറ്റിനമേരിക്കൻ ഛായ പടർത്തി. 1983–84 സീസണിൽ തരംതാഴ്ത്തൽ ഭീഷണിയിലായിരുന്ന നാപ്പോളി അടുത്ത വർഷം ലീഗിൽ 3–ാം സ്ഥാനത്തെത്തി. അതിനടുത്ത സീസണിൽ ജേതാക്കളുമായി. പിന്നാലെ കോപ്പ ഇറ്റാലിയ കിരീടവും. അതിനു മുൻപുള്ള 100 വർഷം കൊണ്ട് നടക്കാത്ത കാര്യം മറഡോണ വന്നതിനു ശേഷമുള്ള 3–ാം വർഷം തന്നെ നാപ്പോളിക്കു സ്വന്തം!

അതോടെ മറഡോണയുടെ ജീവിതം സ്വാതന്ത്യത്തിൽ നിന്ന് സാഹസികതയിലേക്ക് വെട്ടിത്തിരിഞ്ഞു. ഉജ്വലമായ വിജയങ്ങൾക്കു ശേഷം ഉന്മത്തമായ പാർട്ടികൾ പതിവായി. 

നേപ്പിൾസിനെ വരിഞ്ഞു മുറുക്കിയിരുന്ന മാഫിയാക്കൈകൾ മറഡോണയെയും കാറിൽക്കയറ്റി. 1987–88 സീസണിൽ അവസാന 3 മത്സരങ്ങളും തോറ്റ് നാപ്പോളി കിരീടം എസി മിലാന് അടിയറ വച്ചു. ആ തോൽവികൾക്കു പിന്നിൽ ഇറ്റാലിയൻ മാഫിയയുടെ വാതുവയ്പ്പ് കരങ്ങളുണ്ടെന്ന് ആരാധകർ ന്യായമായും സംശയിച്ചു. സ്വാഭാവികമായി മറഡോണയും പ്രതിസ്ഥാനത്തായി. പക്ഷേ പിറ്റേവർഷം യുവേഫ കപ്പും 1990ൽ രണ്ടാമതൊരു ലീഗ് കിരീടവും കൂടി വന്നതോടെ നേപ്പിൾസ് നയം മാറ്റി– ലോകത്തിനു മുന്നിൽ മുടിയനായ പുത്രനായി മാറിക്കഴിഞ്ഞിരുന്ന മറഡോണയെ അവർ അണച്ചു പിടിച്ച് സംരക്ഷിച്ചു. മത്സരങ്ങൾക്കു മുൻപ് മറഡോണയ്ക്കു പകരം മറ്റേതെങ്കിലും താരത്തെ വരെ നാപ്പോളി ഡോപ്പിങ് പരിശോധനയ്ക്കു വിടുന്നു എന്ന് കഥകളുണ്ടായി. 

1990 ഇറ്റാലിയ ലോകകപ്പിൽ ഈ ‘പൊതിഞ്ഞു കെട്ടൽ’ അഴിഞ്ഞു വീണു. നേപ്പിൾസിന്റെ സ്വന്തം സ്റ്റേഡിയത്തിലായിരുന്നു അർജന്റീന–ഇറ്റലി മത്സരം. നേപ്പിൾസുകാരെല്ലാം അർജന്റീനയെ പിന്തുണയ്ക്കണമെന്ന മറഡോണയുടെ ആവശ്യം ഇറ്റലിയിൽ പ്രതിഷേധക്കൊടുങ്കാറ്റായി. മറഡോണയുടെ പെനൽറ്റി കിക്കിൽ അർജന്റീന മത്സരം ജയിച്ചതിനു പിന്നാലെ ഇറ്റലിയിലാകെ മറഡോണ വികാരം ആഞ്ഞടിച്ചു. മറഡോണയെ രക്ഷിക്കാൻ അദ്ദേഹത്തെ കൊണ്ടു നടന്ന മാഫിയക്കൂട്ടം പോലുമുണ്ടായില്ല. സാമ്പത്തിക ക്രമക്കേടുകളും മയക്കു മരുന്നു കേസുകളും ഒന്നൊന്നായി വന്നു. ശിക്ഷയായി 15 മാസത്തെ വിലക്കും വന്നതോടെ 7 വർഷം മുൻപ് ആഘോഷത്തിമിർപ്പോടെ വന്ന മറഡോണ ആരുമറിയാതെ നേപ്പിൾസ് വിട്ടു.

പക്ഷേ തകർന്നു പോയ അതിതീവ്രമായ ഒരു പ്രണയത്തെ നെഞ്ചിൽ കൊണ്ടു നടക്കുന്ന പോലെ നേപ്പിൾസ് പിന്നീടും മറഡോണയെ സ്നേഹിച്ചു. നഗരത്തെരുവുകളിൽ നിന്ന് അദ്ദേഹത്തിന്റെ ചിത്രം അടർന്നു വീണില്ല. ‘മറഡോണയുടെ കാലത്ത് ഞാൻ അവിടെയുണ്ടായിരുന്നു..’ എന്നത് നിയൊപൊളിറ്റൻ നൊസ്റ്റാൾജിയയുടെ ഒന്നാം വാക്യമായി തുടർന്നു. 

English Summary: RIP Diego Maradona

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA