ADVERTISEMENT

വർഷങ്ങൾക്കു മുൻപ് നേപ്പിൾസിൽ വച്ചൊരു ടാക്സി ഡ്രൈവർ എന്നോടു ചോദിച്ചു – എവിടെയാ നാട്? ഇന്ത്യയിലാണെന്നു പറഞ്ഞപ്പോൾ അയാളുടെ മുഖം വാടി. അയാളെന്തോ പിറുപിറുത്തു. അയാൾ പറഞ്ഞത് ആവർത്തിക്കാൻ ഞാൻ നിർബന്ധിച്ചപ്പോൾ, മടിച്ചുമടിച്ചു പറഞ്ഞു, ‘ഒന്നുമില്ല, അവിടെ ഫുട്ബോൾ ഇല്ലല്ലോ. സാരമില്ല, ഇത്ര വലിയ രാജ്യമായിട്ടും അമേരിക്കയിലും അതു കാര്യമായിട്ടില്ലല്ലോ.’ ഭിന്നശേഷിക്കാരോടു കാണിക്കുന്ന കാരുണ്യം അയാളുടെ വാക്കുകളിലൂടെ ഞാൻ അനുഭവിച്ചു. തിയോ എന്നായിരുന്നു അയാളുടെ പേര്. 

ഇന്ത്യ വലിയൊരു രാജ്യമാണെന്നും അതിന്റെ തെക്കേ മൂലയിൽ നേപ്പിൾസ് പോലെ കടലും കടൽത്തീരവും തെങ്ങും ഫുട്ബോൾ ഭ്രാന്തന്മാരും ഒക്കെയുള്ള ഒരു സ്ഥലത്തുനിന്നാണു ഞാൻ വരുന്നതെന്നും പറഞ്ഞപ്പോൾ അയാൾ ഉഷാറായി. പിറ്റേന്നു വൈകിട്ട് തിയോ അയാളുടെ ഫിയറ്റ് കാറുമായി വന്നു. ഇത്തവണ പോയത് നേപ്പിൾസിലെ പാവപ്പെട്ടവർ താമസിക്കുന്ന സ്ഥലങ്ങളിലൂടെയായിരുന്നു. ഒടുവിൽ നൈലോ എന്ന് അറിയപ്പെടുന്ന ബാറിലെത്തി. അകത്ത് മറഡോണയുടെ ചിത്രമുണ്ടായിരുന്നു; നേപ്പിൾസിലെ മറഡോണ ക്ഷേത്രം! അവിടെയൊരു കുപ്പിയിൽ വെള്ളം പോലെ തോന്നിച്ച ദ്രാവകം അദ്ദേഹത്തിന്റെ കണ്ണീരാണെന്നു പറയുന്നു. മറ്റൊരു പേടകത്തിൽ മറഡോണയുടേത് എന്നു പറയുന്ന കേശവുമുണ്ട്. അപ്പോഴേക്കും മറഡോണ ധരിച്ചിരുന്ന നാപ്പോളിയുടെ പത്താം നമ്പർ ജഴ്സി ധരിച്ച് ഒരുപറ്റം സ്കൂൾ കുട്ടികൾ അവിടെയെത്തി. 

നേപ്പിൾസിൽ വച്ചാണു മറഡോണ ദൈവമാകുന്നത്. 1984ൽ, 24-ാം വയസ്സിൽ, അന്നത്തെ ഏറ്റവും കൂടുതൽ ട്രാൻസ്ഫർ ഫീസ് നൽകി അദ്ദേഹത്തെ ഇറ്റലിയിലെ നാപ്പോളി എഫ്സി സ്വന്തമാക്കുമ്പോൾ ക്ലബ്ബിന്റെ സ്ഥിതി പരിതാപകരമായിരുന്നു. എസി മിലൻ, ഇന്റർ മിലാൻ, യുവെന്റ്സ്, റോമ തുടങ്ങിയ ക്ലബ്ബുകൾ ഒഴികെ മറ്റാരും ഇറ്റലിയിലെ ഫുട്ബാൾ ലീഗായ സീരി എ ജയിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് അവർക്കു കപ്പ് ജയിക്കണമെന്നൊന്നും മോഹമില്ലായിരുന്നു. മറഡോണയിൽ അവരർപ്പിച്ച വിശ്വാസം, തരംതാഴ്ത്തലിന്റെ വക്കിൽനിന്നു ക്ലബ്ബിനെ എങ്ങനെയെങ്കിലും അദ്ദേഹം കരകയറ്റുമെന്നായിരുന്നു. 1984 ജൂലൈ 5നു നേപ്പിൾസിലെ സാൻ പോളോ സ്റ്റേഡിയത്തിൽ ആദ്യമായി നാപ്പോളിയുടെ ജഴ്സിയിൽ മറഡോണ കളിക്കാൻ ഇറങ്ങിയപ്പോൾ, സ്റ്റേഡിയത്തിലെ 75,000 കാണികളിൽനിന്ന് ആർപ്പുവിളിയുയർന്നു. “അവർക്ക് ഉറപ്പായിരുന്നു, രക്ഷകനെത്തി” – ഒരു സ്പോർട്സ് ലേഖകൻ എഴുതി. 

തരംതാഴ്ത്തലിൽ നിന്നു നാപ്പോളിയെ രക്ഷിച്ചുവെന്നു മാത്രമല്ല, മറഡോണ അതിലപ്പുറവും ചെയ്തു. അതിനിടെ, ഹോർഹെ വാൾഡാനോ ഒഴികെ, പേരെടുത്ത മറ്റൊരു കളിക്കാരനുമില്ലാത്ത അർജന്റീനയെ മറഡോണ ഒറ്റയ്ക്കു ലോകകപ്പ് ജയിപ്പിച്ചു. നേപ്പിൾസിലെ ചുമരുകളിൽ മറഡോണയുടെ ചിത്രങ്ങൾ നിറഞ്ഞു. അക്കാലത്തെ മാമോദീസ റജിസ്റ്ററുകൾ പരിശോധിച്ചാൽ, ആൺകുട്ടികൾക്ക് ഏറ്റവും കൂടുതലിട്ട പേര് ‘ഡിയേഗോ’ ആണെന്നു കണ്ടെത്താം. നാപ്പോളി 1986-87ൽ സീരി എ ചാംപ്യന്മാരായി. വീണ്ടും ഒരിക്കൽകൂടി സീരി എ കപ്പ് മറഡോണ നേപ്പിൾസിൽ എത്തിച്ചു. അവർ മറഡോണയുടെ കീഴിൽ യുവേഫ കപ്പും ജയിച്ചു. നേപ്പിൾസിലെ രണ്ടു വീടുകളെടുത്താൽ അതിലൊന്നിൽ യേശുവിന്റെ ചിത്രത്തിന്റെ അപ്പുറത്ത് മറഡോണയുടെ ചിത്രവും പ്രത്യക്ഷപ്പെട്ടു എന്നാണു പറയപ്പെടുന്നത്. 

നേപ്പിൾസിൽ വച്ചുതന്നെയാണു മറഡോണ സാത്താനുമായി സഖ്യം ചെയ്തതും. നേപ്പിൾസിൽ മറഡോണയെ തേടിയെത്തിയ സാത്താൻ കമൊറോ എന്ന മാഫിയാ സംഘമായിരുന്നു. അവർ മറഡോണയുടെ ആസക്തി ചൂഷണം ചെയ്തു. അദ്ദേഹത്തിനു കൊക്കെയ്ൻ എത്തിച്ചു. ലഹരിമരുന്നിന് അടിമയായ ശേഷം മറഡോണയുടെ ജീവിതത്തിന്റെയും കളിയുടെയും താളംതെറ്റി. 

1990ൽ നേപ്പിൾസുകാർ ശരിക്കും ദൈവത്തിന്റെ പരീക്ഷ നേരിട്ടു. 6 വർഷം മുൻപ് മറഡോണ ആദ്യമായി നാപ്പോളിക്കു വേണ്ടി കളിക്കാനിറങ്ങിയ സാൻ പോളോ സ്റ്റേഡിയത്തിൽ വച്ചായിരുന്നു ഇറ്റലിയും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് സെമിഫൈനൽ. ജന്മനാടും കൺകണ്ട ദൈവവും തമ്മിലുള്ള മത്സരം. കളി എക്സ്ട്രാ ടൈം കഴിഞ്ഞിട്ടും 1-1 സമനിലയിലായിരുന്നു. പെനൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന 4-3നു ജയിച്ചു. അർജന്റീനയെ ഫൈനലിൽ എത്തിച്ച നാലാമത്തെ ഗോൾ അടിച്ചതു മറഡോണയായിരുന്നു. മറഡോണ ഇറ്റലിക്കാരുടെ പൊതു ശത്രുവായി; നേപ്പിൾസുകാരെ അദ്ദേഹം ധർമസങ്കടത്തിൽ തള്ളിയിട്ടു. 

വാസ്തവത്തിൽ മറഡോണയെ മറഡോണയാക്കി നിർവചിച്ചത് നാപ്പോളിയിൽ ചെലവിട്ട 1984 മുതലുള്ള 7 സുവർണ വർഷങ്ങളായിരുന്നു. ഇന്നലെ അർജന്റീനയ്ക്കു പുറത്ത് ഏറ്റവും കൂടുതൽ ദുഃഖപ്രകടനങ്ങൾ നടന്നതു നേപ്പിൾസിലെ തെരുവുകളിലാണ്. 

‌അർജന്റീനയിൽ മറഡോണയ്ക്കു മറ്റൊരു പരിവേഷം കൂടിയുണ്ടായിരുന്നു: രാജ്യത്തിന്റെ മുറിവ് ഉണക്കിയവൻ. 1986ലെ, ഇംഗ്ലണ്ടുമായുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തെക്കുറിച്ച് മറഡോണ തന്റെ ‘എൽ ഡിയേഗോ’ എന്ന ആത്മകഥയിൽ പറയുന്നത് ഇപ്രകാരമാണ്: “ആ കളിയിൽ ഒരു ഫുട്ബോൾ ടീമിനെയല്ല, ഒരു രാജ്യത്തെയാണു തോൽപിച്ചത്. അതൊരു ഫുട്ബോൾ മത്സരം മാത്രമാണെന്നും മൽവിനസ് (ഫാക്‌ലാൻഡ്സ്) യുദ്ധവുമായി ബന്ധമില്ലെന്നും ഞങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും ഞങ്ങൾക്ക് അറിയാവുന്ന മറ്റൊരു കാര്യം, മൽവിനസിൽ അർജന്റീനയിലെ ഒട്ടേറെ പയ്യന്മാർ മരിച്ചു വീണിട്ടുണ്ടെന്നാണ്; നമ്മളെ അവർ കുഞ്ഞുപക്ഷികളെപ്പോലെ അരിഞ്ഞുവീഴ്ത്തി എന്നും.” 

സാമ്രാജ്യത്വത്തിന്റെ മൂക്കിനേറ്റ കൂറ്റൻ ഇടിയായി ഇംഗ്ലണ്ട് - അർജന്റീന മത്സരത്തിലെ മറഡോണയുടെ രണ്ടാമത്തെ ഗോളിനെ കാണുന്നവരുണ്ട്. ആ ഗോളോടെ കേരളത്തിൽ ‘അർജന്റീന മതം’ നിലവിൽ വന്നു. മലയാളികൾ ബ്രസീൽ, അർജന്റീന എന്നിങ്ങനെ രണ്ടായിത്തിരിഞ്ഞു. മറഡോണ ബൂട്ട്സ് അഴിച്ചുവച്ചിട്ട് ഒരു തലമുറ കഴിഞ്ഞെങ്കിലും കേരളത്തിലെമ്പാടും അദ്ദേഹത്തിന്റെ നാമം വാഴ്ത്തപ്പെടുന്നു. പുസ്കാസ്, പെലെ, ജോർജ് ബെസ്റ്റ്, ബെക്കാം, മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ... ഇവരെല്ലാം മഹാന്മാരായ കളിക്കാരാണ്; പക്ഷേ, മറഡോണയെപ്പോലെ ജനങ്ങളെ ഇത്രയധികം സ്പർശിച്ച മറ്റൊരു ഫുട്ബോൾ കളിക്കാരൻ ഉണ്ടായിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com