sections
MORE

മറഡോണയുടെ മരണത്തിൽ ദുരൂഹത? ചികിത്സിച്ച ഡോക്ടർക്കെതിരെ അന്വേഷണം

Maradona
മറഡോണ ഡോക്ടർ ലിയോപോൾഡോ ലുക്യുവിനൊപ്പം. (ഫയൽചിത്രം)
SHARE

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച അർജന്റീന നിയമ വകുപ്പ് അദ്ദേഹത്തെ ചികിൽസിച്ച ഡോക്ടർ ലിയോപോൾഡോ ലുക്യുവിന്റെ സ്വത്ത് സംബന്ധിച്ച് തിരച്ചിൽ നടത്താൻ ഉത്തരവിട്ടു. മറഡോണയുടെ അടുത്ത ബന്ധുക്കളിൽനിന്ന് മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശനിയാഴ്ച ശേഖരിച്ചതായി പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു. തുടർന്നാണു ഡോക്ടറുടെ സ്വത്ത് തിട്ടപ്പെടുത്താൻ സെർച്ച് ഓർഡർ പുറപ്പെടുവിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഡോക്ടറുടെ വീട്ടിലും ഓഫിസിലും റെയ്ഡ് നടത്തിയേക്കും. 

ഡോക്ടറുടെ പിഴവുമൂലമാണു മറഡോണ മരിച്ചതെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ പെൺമക്കൾ രംഗത്തിറങ്ങിയതായി ചില വാ‍ർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ലിയോപോൾഡോയുടെ വസതിയിൽ റെയ്ഡ് നടത്തിയതായും റിപ്പോർട്ടുകളുണ്ട്. 

കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതത്തെ തുടർന്നായിരുന്നു മറഡോണയുടെ (60) അന്ത്യം. കഴിഞ്ഞ കുറച്ചു മാസങ്ങളായി മറഡോണയുടെ ആരോഗ്യനില ആശങ്കാജനകമായിരുന്നെങ്കിലും വിയോഗം അപ്രതീക്ഷിതമായിരുന്നു. ഒക്ടോബർ 30ന് 60–ാം ജന്മദിനം ആഘോഷിച്ച് ദിവസങ്ങൾക്കകമാണു മറഡോണയ്ക്ക് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കൂടിയത്. ഭക്ഷണം കഴിക്കാൻ മടി കാണിച്ച മറഡോണയെ ബ്യൂനസ് ഐറിസിനു സമീപത്തുള്ള ലാ പ്ലാറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 

അംഗരക്ഷകരിൽ ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചതോടെ അതിനു മുൻപു തന്നെ ഐസലേഷനിലായിരുന്നു മറഡോണ. എന്നാൽ, പിന്നീടു തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. 80 മിനിറ്റ് ദൈർഘ്യമുള്ളതായിരുന്നു ശസ്ത്രക്രിയ. ഇതിനു ശേഷം അദ്ദേഹം തന്റെ ഡോക്ടർ ലിയോപോൾഡോ ലുക്യുവിന്റെ ഒപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ലഹരിയിൽ നിന്നുള്ള ‘വിടുതൽ ലക്ഷണങ്ങൾ’ (വിത്ഡ്രോവൽ സിൻഡ്രം) അലട്ടിയതിനാൽ അതിനു കൂടി ചികിത്സ തേടിയ ശേഷം മറഡോണ ആശുപത്രി വിട്ടു. മൂത്ത മകളുടെ വസതിക്കു സമീപമുള്ള വീട്ടിലായിരുന്നു ചികിത്സാനന്തര വാസം. അതുകഴിഞ്ഞു രണ്ടാഴ്ച പിന്നിടുമ്പോഴായിരുന്നു അന്ത്യം. 

അന്വേഷണം: കാരണമെന്ത് ?

അന്വേഷണത്തിനു കാരണമെന്താണെന്ന് ഔദ്യോഗികമായി ഇതുവരെ അറിയിപ്പൊന്നുമില്ലെങ്കിലും മറഡോണയുടെ അഭിഭാഷകൻ മത്തിയാസ് മോറിയ അതിലേക്കു നീളുന്ന ചില സൂചനകൾ നൽകിയിരുന്നു. മറഡോണയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായപ്പോൾ ആംബുലൻസ് എത്താൻ വൈകിയിരുന്നു. അരമണിക്കൂറിലധികം സമയമെടുത്താണ് ആംബുലൻസ് എത്തിയതെന്നും കുറ്റകരമായ അനാസ്ഥ സംഭവിച്ചെന്നും മത്തിയാസ് പിന്നീടു ട്വീറ്റ് ചെയ്തിരുന്നു. 

English Summary: Investigation on Diego Maradona's death

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA