ADVERTISEMENT

ഡാക്കാർ (സെനഗൽ)∙ നിലവിലെ ചാംപ്യൻമാരെന്ന പകിട്ടോടെ എത്തിയ ഫ്രാൻസിനെ 2002 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ സെനഗൽ അട്ടിമറിച്ചപ്പോൾ വിജയഗോൾ നേടിയ മിഡ്ഫീൽഡർ പാപ്പ ബൂബ ദിയോപ് അന്തരിച്ചു. 42 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി ദിയോപിന്റെ മരണം. ദീർഘനാളായി രോഗബാധിനായിരുന്നു. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഫുൾഹാം, പോർട്സ്മൗത്ത്, വെസ്റ്റ് ഹാം യുണൈറ്റഡ്, ബിർമിങ്ങം സിറ്റി തുടങ്ങിയ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനു പുറമെ ഫ്രാൻസ്, ഗ്രീസ് എന്നിവിടങ്ങളിലും വിവിധ ക്ലബ്ബുകൾക്കായി കളിച്ചു.

‘ഒരിക്കൽ ലോകകപ്പ് ഹീറോയെങ്കിൽ, എക്കാലവും ലോകകപ്പ് ഹീറോ തന്നെ’ – ദിയോപിന്റെ മരണത്തിനു പിന്നാലെ രാജ്യാന്തര ഫുട്ബോൾ സംഘടനയായ ഫിഫ ട്വീറ്റ് ചെയ്തു. 2002 ലോകകപ്പിൽ സെനഗൽ ക്വാർട്ടർ ഫൈനലിൽ കടന്ന് ചരിത്രം കുറിച്ചത് ദിയോപിന്റെ ബൂട്ടുകളുടെ കരുത്തിലാണ്. അന്ന് ഉദ്ഘാടന മത്സരത്തിൽ കരുത്തരായ ഫ്രാൻസിനെതിരെ വിജയഗോൾ നേടിയതിനു പുറമെ, ഗ്രൂപ്പ് തല മത്സരത്തിൽ യുറഗ്വായ്‌ക്കെതിരെ ഇരട്ടഗോളും സ്വന്തമാക്കി. ഈ മത്സരം 3–3ന് സമനിലയിൽ പിരിഞ്ഞിരുന്നു. പ്രീക്വാർട്ടറിൽ സ്വീഡനെ അട്ടിമറിച്ച സെനഗൽ, ഒടുവിൽ ക്വാർട്ടറിൽ തുർക്കിയോടു തോറ്റാണ് പുറത്തായത്.

നാലു തവണ ആഫ്രിക്ക നേഷൻസ് കപ്പിൽ കളിച്ചു. 2002ൽ സെനഗൽ റണ്ണേഴ്സ് അപ്പ് ആയപ്പോൾ ടീമിൽ അംഗമായിരുന്നു. സെനഗലിനായി 63 മത്സരങ്ങളിൽനിന്ന് 11 ഗോളുകൾ നേടി. 2013ലാണ് രാജ്യന്തര ഫുട്ബോളിൽനിന്ന് വിരമിച്ചത്. 2008ൽ പോർട്സ്മൗത്ത് എഫ്എ കപ്പ് നേടുമ്പോൾ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ദിയോപ്.

English Summary: Senegal World Cup hero Papa Bouba Diop dies at 42

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com