sections
MORE

അവർ എന്നെ ബലിയാടാക്കി; മറഡോണയുടെ ഡോക്ടർ മാധ്യമപ്രവർത്തകർക്കു മുന്നിൽ

luque and wife romina
മറഡോണയുടെ ഡോക്ടർ ലിയോപോൾഡോ ലുക്യുവും ഭാര്യ റോമിനയും മാധ്യമങ്ങളെ കണ്ടപ്പോൾ.
SHARE

ബ്യൂനസ് ഐറിസ് ∙ അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തിനു പിന്നിൽ താനാണെന്നു വരുത്തിത്തീർക്കാനാണു ചിലരുടെ ശ്രമമെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ ലിയോപോൾഡോ ലുക്യു. തന്റെ വസതിയിലും ഓഫിസിലും നടന്ന റെയ്ഡ് പൂർത്തിയായ ശേഷമാണു ഡോക്ടർ മാധ്യമങ്ങൾക്കു മുന്നിൽ നിറകണ്ണുകളോടെ പ്രതികരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഹൃദയാഘാതത്തെത്തുടർന്നു മറഡോണയുടെ (60) അന്ത്യം.

‘എന്റെ സുഹൃത്തുകൂടിയായ ഡിയേഗോയുടെ ജീവൻ രക്ഷിക്കാൻ എന്നെക്കൊണ്ടു പറ്റുന്നതെല്ലാം ഞാൻ ചെയ്തു. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ഞെട്ടലിൽനിന്നു ഞാൻ ഇനിയും മോചിതനായിട്ടില്ല. എന്റെ വീട്ടുപടിക്കൽ പൊലീസിനെ കണ്ടപ്പോൾ തകർന്നുപോയി. എല്ലാവർക്കും വേണ്ടതൊരു ബലിയാടിനെയാണ്’ – ലുക്യു പറ‍ഞ്ഞു.

‘ഒക്ടോബർ 30ന് 60–ാം ജന്മദിനാഘോഷം കഴിഞ്ഞപ്പോൾ മുതൽ അദ്ദേഹം ക്ഷീണിതനായിരുന്നു. വിശദപരിശോധനയിലാണു തലച്ചോറിലെ രക്തസ്രാവം കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം ലഹരി വിമുക്ത ചികിത്സയിലായിരുന്നു മറഡോണ. പക്ഷേ, അതിനോടു മറഡോണ മോശമായാണു പ്രതികരിച്ചത്. ഉറക്കമരുന്നിന്റെയും മദ്യത്തിന്റെയും ലഹരിയിൽനിന്നു മോചിതനാക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, ഡിയേഗോയുടെ ഏറ്റവും വലിയ ശത്രു അദ്ദേഹം തന്നെയായിരുന്നു. ഡിയേഗോ ചികിത്സയോടു സഹകരിച്ചില്ല. അദ്ദേഹത്തെ രക്ഷിക്കാൻ ആവുന്നതെല്ലാം ഞാൻ ചെയ്തു’ ഡോക്ടർ പറഞ്ഞു.

ബ്യൂനസ് ഐറിസിൽ മകളുടെ വസതിക്കു സമീപത്ത് ഒരു വീട്ടിലായിരുന്നു 24 മണിക്കൂറും മെഡിക്കൽ സൗകര്യങ്ങളോടെ മറഡോണയ്ക്കു താമസം ഒരുക്കിയിരുന്നത്. ഹൃദയാഘാതം ഉണ്ടായ ശേഷം ആംബുലൻസ് എത്താൻ വൈകിയെന്നും ഡോക്ടർ ചികിത്സിച്ച രീതി ശരിയായില്ലെന്നും പെൺമക്കൾ പൊലീസിനോടു പരാതിപ്പെട്ടിരുന്നു. ഇവർ ഉൾപ്പെടെയുള്ള മറഡോണയുടെ ബന്ധുക്കളുടെ മൊഴികൾ ഇന്നലെ പൊലീസ് രേഖപ്പെടുത്തി.

ഡോക്ടർ ലിയോപോൾഡോ ലുക്യുവിന്റെ വസതിയിലും ആശുപത്രിയിലും നടത്തിയ പരിശോധനയിൽ കംപ്യൂട്ടർ രേഖകൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു. മറഡോണയ്ക്കു നൽകിയിരുന്ന മരുന്നുകളെക്കുറിച്ചു വിദഗ്ധ സംഘം പരിശോധന നടത്തും.

നാപ്പോളി സ്റ്റേഡിയത്തിന് മറഡോണയുടെ പേരിടും

മിലാൻ ∙ മറഡോണ മരിച്ചശേഷമുള്ള തങ്ങളുടെ ആദ്യ ഇറ്റാലിയൻ സീരി എ മത്സരത്തിൽ വൈകാരിക വിജയം സ്വന്തമാക്കി ഇതിഹാസ താരത്തിന്റെ മുൻ ക്ലബ് നാപ്പോളി. എഎസ് റോമയെ 4–0നാണു നാപ്പോളി തോൽപിച്ചത്. ഇതിഹാസ താരത്തിന്റെ സ്മരണാർഥം ഹോം ഗ്രൗണ്ടായ സാൻ പൗലോ സ്റ്റേഡിയത്തെ ഡിയേഗോ അർമാൻഡോ മറഡോണ മൈതാനമെന്ന് ഉടൻ പുനർനാമകരണം ചെയ്യും.

English Summary: Maradona's doctor tearfully denies responsibility for 60-year-old football icon's fatal heart attack

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA