ADVERTISEMENT

തൃശൂർ ∙ കളിയെഴുത്തുകാർ മിസ്റ്റർ ഡിപ്പൻഡബ്ൾ എന്നു വിളിച്ച മുൻ ഇന്ത്യൻ ഗോളി ഫ്രാൻസിസ് ഇഗ്നേഷ്യസ് ഓർമയായി. വിക്ടർ മഞ്ഞിലയ്ക്കു ശേഷം ഇന്ത്യൻ ഗോൾവലയ്ക്കു കേരളം സമ്മാനിച്ച കാവലാൾ; തൃശൂർ മിഷൻ ക്വാർട്ടേഴ്സ് റോസ്‌വില്ലയിൽ ഫ്രാൻസിസ് ഇഗ്നേഷ്യസ്. ബെംഗളൂരുവിൽ ജോലിക്കിടെ ഹൃദയാഘാതംമൂലം ഫ്രാൻസിസ് മരണത്തിനു കീഴടങ്ങിയെന്ന വാർത്ത കേട്ടതിന്റെ ഞെട്ടലിലാണു സഹകളിക്കാരും സുഹൃത്തുക്കളും.

ആറടിയോളം ഉയരമായിരുന്നു ഫ്രാൻസിസിന്റെ കരുത്ത്. പന്ത് വലിച്ചെറിഞ്ഞാൽ എതിർ പോസ്റ്റിന്റെ വാതിൽക്കലെത്തുമായിരുന്നെന്ന് ഐ.എം.വിജയനും സി.വി.പാപ്പച്ചനും ഓർമിക്കുന്നു. ഗോൾവല കാക്കാനുള്ള മിടുക്കുമൂലമാണു ‘മിസ്റ്റർ ഡിപ്പൻഡബ്ൾ’ എന്ന വിളിപ്പേരുണ്ടായത്. ജിജോ എന്നായിരുന്നു ഓമനപ്പേര്.

പഠനം കഴിഞ്ഞയുടൻ കേരള പൊലീസിൽ ഹവിൽദാറായി ജോലിയിൽ പ്രവേശിച്ചു. കേരള പൊലീസ് ടീമിനു വേണ്ടി കളിച്ചു. 1986 മേയ് 10ന് കോട്ടയത്തു നടന്ന മാമ്മൻ മാപ്പിള ട്രോഫി ഫുട്ബോൾ ഫൈനലിൽ തിരുവനന്തപുരം ടൈറ്റാനിയത്തെ കീഴടക്കി കേരള പൊലീസ് കിരീടം നേടിയപ്പോൾ മുഖ്യവിജയശിൽപി ഫ്രാൻസിസായിരുന്നു. സഡൻ ഡെത്ത് വരെ ആവേശം നീണ്ട മത്സരമായിരുന്നു അത്. സഡൻ ഡെത്തിൽ പൊലീസിനായി ആദ്യകിക്കെടുത്ത ഫ്രാൻസിസ് അതു ലക്ഷ്യത്തിലെത്തിച്ചു. പിന്നീട്, ടൈറ്റാനിയത്തിന്റെ കിക്കെടുത്ത നജിറുദ്ദീന്റെ കിക്ക് രക്ഷപ്പെടുത്തി പൊലീസിനു കിരീടം സമ്മാനിച്ചു. 

പക്ഷേ, ഫ്രാൻസിസ് കേരള പോലീസ് ടീം വിട്ടത് കേസ് നടത്തിയാണ്. ബെംഗളൂരു ഐടിഐ (ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ്)യിൽ നിന്നു നല്ല ഓഫർ വന്നപ്പോൾ മികച്ച ഗോളിയായ ഫ്രാൻസിസിസിനു രാജിവച്ചു പോകാൻ കേരള പൊലീസ് അനുമതി നിഷേധിച്ചു. ഫ്രാൻസിസ് ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചു പൊലീസിന്റെ ‘വലകുലുക്കി’.

1984 മുതൽ 1986 വരെയാണു പൊലീസിനു വേണ്ടി കളിച്ചത്. ഐടിഐയിലേക്കു മാറിയ ശേഷം ഫ്രാൻസിസ് സന്തോഷ് ട്രോഫിയിൽ  കർണാടകത്തിന്റെ താരമായി. 1993 വരെ കർണാടകയ്ക്കായി കളിച്ചു. 

‘ആ അലർച്ച ഇപ്പോഴും കാതിൽ’ ഐ.എം.വിജയൻ

ആറടിയോളം ഉയരം, ഗോൾപോസ്റ്റിൽ നിന്നുള്ള അലർച്ച, ഹെഡർ ഗോളിനു വഴികൊടുക്കാത്ത കളിമികവ്... ഫ്രാൻസിസ് ഇഗ്നേഷ്യസിന്റെ പേരു കേൾക്കുമ്പോൾ ഓർമയുടെ വലയിൽ കുടുങ്ങുന്നത് ഇതെല്ലാമാണ്. ഗോൾപോസ്റ്റിനടുത്ത് എതിരാളികൾക്കു ഹെഡറിലൂടെ ഗോളടിക്കാൻ ഫ്രാൻസിസ് അവസരം കൊടുക്കില്ലായിരുന്നു. കാരണം, അവരുടെ തലയ്ക്കു മീതേ ഉയർന്നു ചാടി ഫ്രാൻസിസ് പന്ത് പിടിച്ചെടുക്കും. 

  കേരള പൊലീസിനു വേണ്ടി ഞങ്ങൾ ഒരുമിച്ചു കളിച്ചിട്ടുണ്ട്. കേരള പൊലീസ് വിട്ട് ബെംഗളൂരു ഐടിഐയിൽ ചേർന്നപ്പോൾ ഞങ്ങൾ എതിരാളികളായി. പക്ഷേ, രാജ്യാന്തര കളികളിൽ ഒരുമിക്കുകയും ചെയ്തു.

കേരള പൊലീസിലൂടെയാണു ഫ്രാൻസിസ് മികച്ച പ്രഫഷനൽ താരമായി ഉയർന്നു വരുന്നത്. പൊലീസ് ടീമിൽ കളിക്കുമ്പോൾ രാജ്യാന്തര നിലവാരമുള്ള പ്രകടനമായിരുന്നു കാഴ്ച വച്ചിരുന്നത്. പൊലീസിൽനിന്ന് ഐടിഐ ടീമിലേക്കു പോയ ശേഷവും കർണാടകയ്ക്കു വേണ്ടിയും ഇന്ത്യൻ ടീമിനു വേണ്ടിയും മികവ് ആവർത്തിച്ചു–‌എ.എം.ശ്രീധരൻ, കേരള പൊലീസ് ടീം മുൻ പരിശീലകൻ

English Summary: Francis Ignatius life and career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com