ADVERTISEMENT

റോം ∙ 1982ൽ ഇറ്റലിയെ മൂന്നാം ഫുട്ബോൾ ലോകകപ്പ് കിരീടത്തിലേക്കു നയിച്ച് ഇതിഹാസപദവിയിലേക്കുയർന്ന പാവ്‌ലോ റോസി (64) ഓർമയായി. കുറച്ചുനാളായി രോഗബാധിതനായിരുന്ന റോസിയുടെ വിയോഗം അദ്ദേഹത്തിന്റെ ഭാര്യ ഫെഡറിക കാപ്പിയേറ്റിയാണ് സമൂഹമാധ്യമത്തിലൂടെ പുറംലോകത്തെ അറിയിച്ചത്. ‘എക്കാലത്തേക്കും’ എന്നർഥം വരുന്ന അടിക്കുറിപ്പോടെ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫെഡറിക്കയ്ക്കു പിന്നാലെ, കളമൊഴിഞ്ഞ നായകന് ആദരാഞ്ജലികളുമായി ഫുട്ബോൾ ലോകം ഒരുമിച്ചു. ‘അങ്ങയെപ്പോലെ ഒരാൾ വേറെയില്ല. അങ്ങേയ്ക്കു ശേഷം അത്ര മേലുണ്ട് ശൂന്യത’– ഫെയ്സ്ബുക്കിലെ കുറിപ്പിൽ ഫെഡറിക്ക വികാരാധീനയായി.

1980ൽ ഫുട്ബോൾ വാതുവയ്പ് വിവാദത്തിൽ ഉൾപ്പെട്ടതിനെത്തുടർന്നു നേരിട്ട വിലക്കു നീക്കിയെത്തിയാണ് റോസി 1982 ലോകകപ്പിൽ ഇറ്റലിയുടെ വീരനായകനായത്. അപ്രതീക്ഷിതവും അദ്ഭുതകരവുമായ തിരിച്ചുവരവെന്നു ചരിത്രം അടയാളപ്പെടുത്തിയ റോസിയുടെ കുതിപ്പിൽ അക്കാലത്തു ലോകഫുട്ബോളിലെ വൻമരങ്ങളായിരുന്ന ബ്രസീലും പശ്ചിമ ജർമനിയുമെല്ലാം കടപുഴകി.

സ്പെയിനിൽ നടന്ന ടൂർണമെന്റിൽ ആകെ 6 ഗോളുകളാണ് റോസി നേടിയത്. അതിൽ ബ്രസീലിനെതിരെ നേടിയ ഹാട്രിക്കും ഫൈനലിൽ പശ്ചിമ ജർമനിയെ 3–1നു കീഴടക്കിയ കളിയിലെ ആദ്യഗോളുമുണ്ട്. മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും ടോപ്സ്കോറർക്കുള്ള ഗോൾഡൻ ഷൂ പുരസ്കാരവും റോസിക്കായിരുന്നു. ‘പാവ്‌ലോ റോസിയുടെ ലോകകപ്പ്’ എന്നു വിശേഷിപ്പിക്കപ്പെട്ട ആ ടൂർണമെന്റിലെ പ്രകടനത്തിന്റെ മികവിൽ 1982ലെ ബലോൻ ദ് ഓർ പുരസ്കാരവും നേടി.  

maradona-rossi
1979 ലെ അർജന്റീന– ഇറ്റലി മത്സരത്തിനു ശേഷം മറഡോണയും റോസിയും ഒരുമിച്ചു ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോൾ (ഫയൽ).

ഇറ്റലിക്കു വേണ്ടി 48 മത്സരങ്ങളിൽനിന്ന് 20 ഗോളുകൾ നേടിയ റോസി, ലോകകപ്പിൽ ഇറ്റലിക്കുവേണ്ടി കൂടുതൽ ഗോൾ (9) നേടിയ 3 താരങ്ങളിൽ ഒരാളാണ്. റോബർട്ടോ ബാജിയോയും ക്രിസ്റ്റ്യൻ വിയേരിയുമാണ് മറ്റുള്ളവർ. വിരമിച്ച ശേഷം കമന്റേറ്ററായും പ്രവർത്തിച്ചു.

പാവ്‌ലോ റോസി (1956–2020)

∙ ലോകകപ്പ് ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുളള ‘ഗോൾഡൻ ബോൾ’ പുരസ്‌കാരവും കൂടുതൽ ഗോളുകൾ നേടിയതിനുള്ള ‘ഗോൾഡൻ ഷൂ’ (ഇപ്പോൾ ഗോൾഡൻ ബൂട്ട്) പുരസ്കാരവും ഫിഫ ഔദ്യോഗികമായി ഏർപ്പെടുത്തിയപ്പോൾ (1982) ഈ രണ്ടു നേട്ടങ്ങളും സ്വന്തമാക്കിയ ആദ്യ താരം. ഈ രണ്ടു ബഹുമതികളും ഒരേ വർഷം നേടിയ രണ്ടു താരങ്ങളിലൊരാൾ. രണ്ടാമത്തെ താരം ഇറ്റലിയുടെ തന്നെ സ്കിലാച്ചി (1990)

∙ 1978 ലോകകപ്പിൽ മികച്ച രണ്ടാമത്തെ താരം

∙ രണ്ടു തവണ ഫിഫ ഓൾ സ്റ്റാർ ടീമിൽ (1978, 82) 

∙1982ൽ ബലോൺ ദ് ഓർ പുരസ്കാരജേതാവ്

∙ ലോകകപ്പിൽ ഇറ്റലിക്കുവേണ്ടി കൂടുതൽ ഗോളുകൾ നേടിയ താരം (റോബർട്ടോ ബാജിയോ, ക്രിസ്റ്റ്യൻ വിയേരി എന്നിവർക്കൊപ്പം, 9 ഗോളുകൾ) 

∙ ഫിഫയുടെ 100–ാം വാർഷികത്തോടനുബന്ധിച്ച് പെലെ തിരഞ്ഞെടുത്ത 125 താരങ്ങളുടെ പട്ടികയിൽ ഇടം നേടി

∙ 1982ൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ. അക്കൊല്ലം വേൾഡ് സോക്കർ മാസിക ആദ്യമായി ഏർപ്പെടുത്തിയ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരവും നേടി

English Summary: Footballer Paolo Rossi passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com