ADVERTISEMENT

ഡിയേഗോ മറഡോണയിൽനിന്നു തിരികെ നടന്നാൽ എത്തുന്നതു പാവ്‌ലോ റോസിയുടെ അരികിലാണ്. താരസിംഹാസനത്തിൽനിന്നാണ് മറഡോണ വിലക്കിലേക്കു വീണതെങ്കിൽ വിലക്കിൽനിന്ന് തിരികെയെത്തി ഇതിഹാസമായ ചരിത്രമാണ് റോസിയുടേത്. 1982 ലോകകപ്പ് റോസിക്കു നൽകിയതു പുനർജന്മമാണ്. 

കരിയറിന്റെ ആദ്യപകുതിയിൽ പരുക്കുകളാണ് ഗോളുകളെക്കാൾ റോസിയുടെ പേരിനൊപ്പമുണ്ടായിരുന്നത്. 1956 സെപ്റ്റംബർ 23ന് ഇറ്റലിയിലെ പ്രാറ്റോയിൽ ജനിച്ച റോസി 1973ൽ ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്കാണ് ആദ്യമെത്തിയത്. എന്നാൽ, പരുക്കിന്റെ കളിയിൽ റോസി പലവട്ടം വീണു. കാൽമുട്ടിനു 3 തവണയാണ് ശസ്ത്രക്രിയ വേണ്ടിവന്നത്. രണ്ടാം ഡിവിഷനിലേക്കു ടീം മാറേണ്ടിവന്ന റോസി 1978ലെ അർജന്റീന ലോകകപ്പിനുള്ള ഇറ്റലി ടീമിലെത്തി. അസൂറിപ്പട 4–ാം സ്ഥാനക്കാരായ ആ ലോകകപ്പിൽ റോസി നേടിയതു 3 ഗോളുകൾ. 

1980ൽ റോസിയുടെ കരിയറിലെ കറുത്തപാടായി മാറിയ വാതുവയ്പ് വിവാദമെത്തി. 3 വർഷത്തെ മത്സര വിലക്കാണ് റോസിക്കു നേരിടേണ്ടി വന്നത്. റോസി നിരപരാധിത്വം ആവർത്തിച്ചതു വഴി വിലക്ക് 2 വർഷമാക്കി കുറച്ചു. റോസിയുടെ രണ്ടാം ജന്മമായി അത്. 

1982 ലോകകപ്പ് കിരീടവുമായി ഇറ്റലിയിലേക്കു തിരികെച്ചെന്ന റോസിക്കു പിന്നീടൊരിക്കലും തലതാഴ്ത്തേണ്ടി വന്നിട്ടില്ല. വീണിടത്തുനിന്ന് വീരനായി തിരികെ വന്ന പാബ്ലിറ്റോയുടെ ജീവിതകഥ ഇറ്റലിയിലും ലോകമെമ്പാടും പിന്നീടുള്ള തലമുറകൾക്ക് പ്രചോദനവും മാർഗദീപവുമായി. മറഡോണയിൽനിന്നുള്ള മടക്കമാണു റോസിയുടെ ജീവിതമെന്നു പറയുന്നതും അതിനാലാണ്. 16 ദിവസം മുൻപു മറഡോണ പോയ വഴിയിലൂടെ ഇപ്പോഴിതാ റോസിയും മടങ്ങുന്നു. 

English Summary: Maradona and Paolo Rossi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com