ADVERTISEMENT

സൂറിക്ക് ∙ മികച്ച പുരുഷ ഫുട്ബോൾ താരത്തെ കണ്ടെത്താൻ ഫിഫ നടത്തിയ വോട്ടെടുപ്പിൽ പതിവു തെറ്റിച്ച് ലയണൽ മെസ്സിക്ക് വോട്ടു ചെയ്ത് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു പതിറ്റാണ്ടിലധികമായി മികച്ച താരത്തെ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ പങ്കെടുക്കുന്നതാണെങ്കിലും, ഇതാദ്യമായാണ് റൊണാൾഡോ മെസ്സിക്ക് വോട്ടു ചെയ്യുന്നത്. തന്റെ രണ്ടാം വോട്ടാണ് റൊണാൾഡോ മെസ്സിക്ക് നൽകിയത്. അതേസമയം, ഇത്തവണ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട റോബർട്ട് ലെവൻഡോവ്സ്കിക്കാണ് റൊണാൾഡോ ആദ്യ വോട്ട് നൽകിയത്. മൂന്നാം വോട്ട് ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ കിലിയൻ എംബപ്പെയ്ക്കും നൽകി.

അതേസമയം, റൊണാൾഡോയുടെ വോട്ട് ലഭിച്ച ലെവൻഡോവ്സ്കിയോ ലയണൽ മെസ്സിയോ തിരികെ അദ്ദേഹത്തിന് വോട്ടു ചെയ്തുമില്ല. കഴിഞ്ഞ രണ്ടു വർഷവും തന്റെ മൂന്നാം വോട്ടും രണ്ടാം വോട്ടും റൊണാൾഡോയ്ക്ക് നൽകിയ മെസ്സി, ഇത്തവണ പോർച്ചുഗൽ സൂപ്പർതാരത്തെ പൂർണമായി അവഗണിച്ചു. ബാർസയിലെ തന്റെ പഴയ സഹതാരം കൂടിയായ ബ്രസീല്‍ താരം നെയ്മറിനാണ് മെസ്സി തന്റെ ആദ്യ വോട്ടു നൽകിയത്. രണ്ടും മൂന്നു വോട്ടുകൾ യഥാക്രമം കിലിയൻ എംബപ്പെ, ലെവൻഡോവ്സ്കി എന്നിവർക്കും നൽകി.

പോളണ്ട് ക്യാപ്റ്റനായ റോബർട്ട് ലെവൻഡോവ്സ്കി ഇത്തവണ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മാത്രമല്ല, ലയണൽ മെസ്സിക്കും വോട്ടു ചെയ്തില്ല. അദ്ദേഹത്തിന്റെ ഒന്നാം വോട്ട് ബയൺ മ്യൂണിക്കിൽ സഹതാരമായിരുന്ന തിയാഗോ അൽകാൻട്രയ്ക്കാണ്. രണ്ടാം വോട്ട് നെയ്മറിനും മൂന്നാം വോട്ട് കെവിൻ ഡിബ്രൂയ്‌നെയ്ക്കും നൽകി.

ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിയുടെ ഒന്നാം വോട്ട് ലെവൻഡോവ്സ്കിക്ക് ലഭിച്ചു. അതേസമയം, പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ലിവർപൂളിന്റെ സെനഗൽ താരം സാദിയോ മാനെയ്ക്കാണ് ഒന്നാം വോട്ട് നൽകിയത്. 

ഫിഫ അംഗരാജ്യങ്ങളിലെ ദേശീയ ടീമുകളുടെ പരിശീലകർ, ക്യാപ്റ്റൻമാർ, തിരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകർ എന്നിവരുടെ വോട്ടും (75%) ആരാധകവോട്ടും (25%) അടിസ്ഥാനമാക്കിയാണു പുരസ്കാര ജേതാക്കളെ നിർണയിച്ചത്. മെസ്സി – റൊണാൾഡോ പോരിൽ ഇത്തവണ കൂടുതൽ പരിശീലകരുടെ പിന്തുണ ലഭിച്ചത് മെസ്സിക്കാണ്. അതേസമയം, ക്യാപ്റ്റൻമാരും മാധ്യമപ്രവർത്തകരും ആരാധകരും പിന്തുണച്ചത് റൊണാൾഡോയെയും. 

വർഷങ്ങളായി ഫിഫ പുരസ്കാരം നേടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരെ ബഹുദൂരം പിന്നിലാക്കിയാണ് ഇത്തവണ ലെവൻഡോവ്സ്കി പുരസ്കാരം നേടിയത്. 52 പോയിന്റാണ് ലെവൻഡോവ്സ്കിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ റൊണാൾഡോയ്ക്ക് 38 പോയിന്റും മൂന്നാമതെത്തിയ മെസ്സിക്ക് 35 പോയിന്റും ലഭിച്ചു.

English Summary: Lionel Messi And Cristiano Ronaldo's Voting In Individual Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com