ADVERTISEMENT

ഇന്ത്യൻ ചെസ് താരം വിശ്വനാഥൻ ആനന്ദും റോബർട്ട് ലെവൻഡോവ്സ്കിയും തമ്മിലെന്താണ് ബന്ധം? നേരിട്ട് ഒന്നുമില്ലെങ്കിലും ഒരു അഗ്നിപർവതം ഇരുവരുടെയും ‘വഴിമുടക്കിയിട്ടുണ്ട്’. 2010ൽ ഐസ്‌ലൻഡിൽ പുകഞ്ഞു കത്തിയ എയ്ഹാഫ്യാലായോകുൽ അഗ്നിപർവതമാണത്. പോളിഷ് ക്ലബ്ബായ ലെക് പോസ്നാനിൽനിന്ന് ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്ലാക്ക്ബേൺ റോവേഴ്സിലേക്കു കൂടുമാറാനുള്ള തയാറെടുപ്പിലായിരുന്നു ലെവൻഡോവ്സ്കി അന്ന്. ആനന്ദാവട്ടെ ലോക ചെസ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലേക്കു പോകാനുള്ള ഒരുക്കത്തിലും. പക്ഷേ അഗ്നിപർവത സ്ഫോടനം മൂലം യൂറോപ്പിന്റെ ആകാശത്തെങ്ങും പുകമഞ്ഞു നിറഞ്ഞതിനാൽ വിമാനങ്ങളെല്ലാം റദ്ദാക്കി. ഇരുവരുടെയും യാത്ര മുടങ്ങി. 

ജർമനിയിൽ നിന്നു റോഡ് മാർഗം സോഫിയയിലെത്തിയാണ് ആനന്ദ് ഒടുവിൽ ലോക ചാംപ്യൻഷിപ്പിൽ പങ്കെടുത്തത്. വാസെലിൻ ടോപലോവിനെ തോൽപിച്ച് ജേതാവാകുകയും ചെയ്തു. ലെവൻഡോവ്സ്കിയോ? ആ ഇരുപത്തിരണ്ടുകാരൻ പ്രീമിയർ ലീഗ് മോഹം തൽക്കാലം ഉപേക്ഷിച്ചു. ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിലേക്കും തുടർന്ന് ബയൺ മ്യൂണിക്കിലേക്കും പോയി. 10 വർഷങ്ങൾക്കിപ്പുറം ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരമായി!

പോളണ്ട് തലസ്ഥാനമായ വാഴ്സോയിലെ ലെഷ്നോ ഗ്രാമത്തിൽ നിന്നുള്ള ലെവൻഡോവ്സ്കി കുടുംബത്തിൽ ‘അത്‌ലറ്റിക് മികവിനൊപ്പം’ മറ്റൊരു ഗുണം കൂടി പാരമ്പര്യമായുണ്ട്. വരാനുള്ളത് മുൻകൂട്ടി കണ്ട് അതിനു വേണ്ടി ഒരുങ്ങാനുള്ള ശേഷി. മകൻ ഒരു കായിക താരമായി രാജ്യാതിർത്തികൾ കടക്കുമ്പോൾ പേരു കൊണ്ടൊരു പൊല്ലാപ്പ് ഉണ്ടാകരുത് എന്നു കരുതിയാണ് ജൂഡോ താരമായ ക്രിസ്റ്റോഫും വോളിബോൾ താരമായ ഇവോനയും ‘റോബർട്ട്’ എന്ന ലളിതമായ പേരിട്ടത്. മാതാപിതാക്കളുടെ ആ ദീർഘദൃഷ്ടി മകനും കിട്ടി. പ്രഫഷനൽ ഫുട്ബോൾ താരമായിട്ടും പഠനം പൂർണമായും കൈവിടാതിരുന്ന ലെവൻഡോവ്സ്കി 2017ലാണ് കോച്ചിങ്ങിലും മാനേജ്മെന്റിലും ഫിസിക്കൽ എജ്യുക്കേഷൻ ബിരുദം നേടിയത്. കളിക്കാലം കഴിഞ്ഞ് ഒരു പരിശീലകനാവേണ്ടി വന്നാലോ..!

ഈ ‘പരുന്തിൻ കണ്ണാണ്’ കളിയിലും ലെവൻഡോവ്സ്കിയുടെ ഗുണം. എതിർ ബോക്സിനു സമീപത്തെ ഏത് ആംഗിളിൽ നിന്നും ഗോളിലേക്കൊരു ‘ടെലിപ്പതിക് ബന്ധം’ ലെവൻഡോവ്സ്കിക്കുണ്ട്. ബാല്യകാല ക്ലബ്ബായ ഡെൽറ്റ വാർസോ മുതൽ ഇപ്പോൾ ബയൺ മ്യൂണിക്ക് വരെ ലെവൻഡോവ്സ്കിയെ പരിശീലിപ്പിച്ച കോച്ചുമാരെല്ലാം മുതലെടുത്തത് ഈ മികവാണ്. 

ഇപ്പോൾ, മെസ്സിയെയും റൊണാൾഡോയെയും മറികടന്ന് ഫിഫ ദ് ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കാൻ ലെവൻഡോവ്സ്കിയെ സഹായിച്ചതും അതു തന്നെ. കഴി‍ഞ്ഞ സീസണിൽ ബയൺ മ്യൂണിക്ക് ജേതാക്കളായ ചാംപ്യൻഷിപ്പുകളിലെല്ലാം ടോപ്സ്കോറർ ലെവൻഡോവ്സ്കിയായിരുന്നു. കളിച്ച ഓരോ 76 മിനിറ്റിലും ഒരു ഗോൾ എന്നതായിരുന്നു ശരാശരി. ലെവൻഡോവ്സ്കിയുടെ ഈ പ്രഹരശേഷി ശരിക്കും കൊണ്ടറിഞ്ഞ ഒരു ക്ലബ്ബുണ്ട്; ജർമൻ ബുന്ദസ്‌ലിഗ ടീമായ വോൾവ്സ്ബർഗ്. 2015ൽ ഒരു മത്സരത്തിൽ വെറും 9 മിനിറ്റിന്റെ ഇടവേളയിൽ ലെവൻഡോവ്സ്കി അവരുടെ വലയിൽ കൊണ്ടിട്ടത് ഒന്നും രണ്ടുമല്ല, 5 ഗോളുകളാണ്!

ഇത്രയും വിലയുള്ള കാലുകളെ അങ്ങനെ തന്നെ സംരക്ഷിക്കണമല്ലോ; തന്റെ വലംകാലിനു ബലം കുറയാതിരിക്കാൻ എല്ലായ്പ്പോഴും ഇടതുവശം ചേർന്നാണ് ലെവൻഡോവ്സ്കി ഉറങ്ങാറുള്ളത്! ദഹനം വേഗത്തിലാക്കാൻ ഭക്ഷണത്തിനു മുൻപു മാത്രം മധുരം, വിഡിയോ ഗെയിം കളിച്ച് ഏകാഗ്രത കളയുന്നതിനു പകരം പുസ്തകവായന തുടങ്ങിയ ചിട്ടകളുമുണ്ട്. താൻ കണ്ടതിൽ ഇത്രയും അച്ചടക്കമുള്ള ഒരു കളിക്കാരനില്ല എന്നാണ് ബയണിൽ ലെവൻഡോവ്സ്കിയുടെ പരിശീലകനായിരുന്ന പെപ് ഗ്വാർഡിയോള ഒരിക്കൽ പറഞ്ഞത്. ലെവൻ‍ഡോവ്സ്കിയുടെ ഈ ചിട്ടവട്ടങ്ങൾ കണ്ട് മുൻ കരാട്ടെ താരവും നൂട്രീഷ്യനിസ്റ്റുമായ ഭാര്യ അന്ന തന്നെ പറഞ്ഞു– എന്റെ ഭർത്താവ് ഒരു മനുഷ്യയന്ത്രമാണ്! ആ യന്ത്രമാണിപ്പോൾ ലോക ഫുട്ബോളിലെ മെസ്സി–റൊണാൾഡോ ആധിപത്യത്തിന് ഒരിക്കൽ കൂടി ‘സ്റ്റോപ്പ് ബട്ടൺ’ അമർത്തിയത്!

Content Highlights: Robert Lewandowski, Viswanathan Anand, Ronaldo, Messi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com