ADVERTISEMENT

ബാംബോലിം (ഗോവ) ∙ കേരള ബ്ലാസ്റ്റേഴ്സ് ഈ വർഷം ജനുവരിയിൽ തുടങ്ങിയതിന്റെ തുടർച്ച ഈ ഡിസംബറിൽ കൈവരിച്ചു. 2020 ജനുവരിയിൽ ഹൈദരാബാദിനെതിരെ 5–1 ജയം, രൂപവും ഭാവവും മാറിയ അതേ ടീമിനെതിരെ ഇന്നലെ പൊരുതി നേടിയ 2–0 ജയം. ഐഎസ്എൽ 6–ാം സീസണിലെ ജയത്തിനു തുടർച്ചയായി 7–ാം സീസണിലെ ആദ്യജയം.

അബ്ദുൽ ഹക്കു (29’), ജോർദൻ മറി (88’) എന്നിവർ ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടി. കളിയിൽ പാസിലും പന്തവകാശത്തിലും ബ്ലാസ്റ്റേഴ്സ് മുന്നിലായിരുന്നില്ല. പക്ഷേ പോരാട്ടവീര്യത്തിൽ പിന്നിൽ പോയില്ല. ഓരോ പന്തിനും വേണ്ടി അവർ പൊരുതി. എടുത്തു പറയേണ്ടത് മലയാളി താരം കെ.പി. രാഹുലിന്റെ പോരാട്ടമികവ്. ജയത്തോടെ 6 പോയിന്റായെങ്കിലും ബ്ലാസ്റ്റേഴ്സ് 9–ാം സ്ഥാനത്തു തന്നെ തുടരുന്നു.

കോച്ച് കിബു വിക്കൂന പ്രതിരോധത്തിലെ 2 ‘മുടിയൻമാരെയും’ പുറത്തിരുത്തിയാണ് പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചത്. കോസ്റ്റയും കോനെയും പകരക്കാരുടെ പട്ടികയിൽപ്പോലും ഇല്ലായിരുന്നു. പ്രതിരോധത്തിൽ 4 പേരും ഇന്ത്യക്കാർ– മലയാളി അബ്ദുൽ ഹക്കുവിന്റെയും സന്ദീപ് സിങ്ങിന്റെയും വശങ്ങളിൽ ക്യാപ്റ്റൻ ജെസ്സലും നിഷുകുമാറും. ആദ്യ ഇലവനിൽ 2 ടീമിനും 3 വിദേശ കളിക്കാർ മാത്രം.

ബ്ലാസ്റ്റേഴ്സിനായി മലയാളി ‘മുടിയൻമാർ’ സഹലും ഹക്കുവും മിന്നുന്നതാണ് ആദ്യപകുതി കണ്ടത്. 29–ാം മിനിറ്റിൽ ഗോൾ. ഇടതുപാർശ്വത്തിൽനിന്നു ഫാക്കുൻഡോയെടുത്ത ഫ്രീകിക്ക്. ഹൈദരാബാദ് ബോക്സിൽ വിസെന്റെയുടെ ഹെഡർ. പന്തു പുറത്തേക്ക്. റഫറി കോർണർ കിക്ക് വിധിച്ചു. കോർണർ എടുത്തതും ഫാക്കുൻഡോ. ഹക്കുവിന്റെ കറുത്ത കെട്ടുള്ള തലയിൽനിന്ന് കിടിലൻ ഹെഡർ. ബ്ലാസ്റ്റേഴ്സ് മുന്നിൽ (1–0).

രണ്ടാം പകുതിയിലും പല്ലിനു പല്ല് എന്ന മട്ടിലുള്ള പോരാട്ടമായിരുന്ന ബ്ലാസ്റ്റേഴ്സിന്റേത്. ഒടുവിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ പയ്യൻ, കഴിഞ്ഞ സീസണിൽ ഹൈദരാബാദിനു വേണ്ടി കളിച്ച രോഹിത് കുമാർ, ഇടതുവിങ്ങിൽനിന്നു പന്തുയർത്തി എതിർ ബോക്സിലേക്കു വിടുന്നു. ആദിൽ ഖാൻ അതു ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നു. തോൽക്കുന്നു. ആദിലിന്റെ കാലി‍ൽനിന്നു തെറിച്ച പന്ത് മറി വലതുകാൽ കൊണ്ടു പ്രഹരിക്കുന്നു, ലക്ഷക്കണക്കിന് ആരാധകരെ പുതുവത്സര ആഘോഷത്തിലേക്കു നയിച്ച് ബ്ലാസ്റ്റേഴ്സ് ജയം ഉറപ്പിച്ചു (2–0).

അമ്മയുടെ മരണത്തിനുശേഷം നാട്ടിലേക്കു പോകാതെ, കുട്ടികൾക്കൊപ്പം പിടിച്ചുനിന്ന കോച്ച് കിബു വിക്കൂനയ്ക്ക് പുതുവത്സര സമ്മാനം.

English Summary: Kerala Blasters FC vs Hyderabad FC Match Update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com