ADVERTISEMENT

സതാംപ്ടൻ ∙ ഫൈനൽ വിസിൽ വീണ നേരത്ത് സതാംപ്ടൻ കോച്ച് റാൽഫ് ഹാസൻഹൂട്ടലും ഒപ്പം വീണു. മൈതാനത്തു മുട്ടുകുത്തിനിന്ന ഹാസൻഹൂട്ടൽ പിന്നാലെ തൊപ്പിയെടുത്തു മുഖം തുടച്ചു. അവിശ്വസനീയം, അല്ലാതെന്ത്? ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ നിലവിലെ ചാംപ്യന്മാരായ ലിവർപൂളിനെ സതാംപ്ടൻ തോൽപിച്ചിരിക്കുന്നു. മുൻ ലിവർപൂൾ താരം കൂടിയായ ഡാനി ഇങ്സ് 2–ാം മിനിറ്റിൽ നേടിയ ഗോളിന്റെ ലീഡ്, ശേഷിച്ച സമയമത്രയും പ്രതിരോധിച്ചുനിന്നാണു സതാംപ്ടൻ അട്ടിമറി ജയം സ്വന്തമാക്കിയത് (1–0). വെസ്ബ്രോംവിച്ചിനോടും ന്യൂകാസിലിനോടും സമനില വഴങ്ങിയ ലിവർപൂളിന്റെ അപ്രതീക്ഷിത കീഴടങ്ങൽ.

ലിവർപൂളിന്റെ മുനയൊടിഞ്ഞതായുള്ള വിമർശനങ്ങൾ ശരിവയ്ക്കുന്ന പ്രകടനമായിരുന്ന കളത്തിൽ. പ്രമുഖ താരങ്ങൾ പലരുമില്ലാത്തതിന്റെ ദൗർബല്യം സതാംപ്ടനുണ്ടായിരുന്നു. ഒന്നാം ഗോളി അലക്സ് മക്‌കാർത്തി കോവിഡ് മൂലം പുറത്താണ്. സെൻട്രൽ മിഡ്ഫീൽഡർ ഒറിയോൾ റോമിയു, സ്ട്രൈക്കർ ചെ ആഡംസ്, സെന്റർ ബായ്ക്ക് ജാനിക് വെസ്റ്റർഗാർഡ് എന്നിവർ പരുക്കുമൂലവും പുറത്ത്. എങ്കിലും, 2–ാം മിനിറ്റിൽ ജയിംസ് വാർഡ് പ്രൗസിന്റെ ഫ്രീകിക്ക് ലിവർപൂൾ ഗോളി അലിസൻ ബെക്കറുടെ തലയ്ക്കുമുകളിലൂടെ ഗോളിലേക്കു പറത്തി ഡാനി ഇങ്സ് സതാംപ്ടനു ലീഡ് നൽകി.

പിന്നീടു ലിവർപൂളിന്റെ മുന്നേറ്റങ്ങളെല്ലാം സതാംപ്ടന്റെ ‘റിസർവ്’ പ്രതിരോധനിര തടഞ്ഞുനിർത്തി. ഗോൾ തിരിച്ചടിക്കാൻ കഴിയാതെ ലിവർപൂൾ താരങ്ങൾ ഒടുവിൽ, കുനിഞ്ഞ ശിരസ്സുമായി കയറിപ്പോയി.

ആർക്കും നേടാം കിരീടം!

ലിവർപൂളിനു 17 കളിയിൽ 33 പോയിന്റ്. ഒരു മത്സരം കുറച്ചു കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനും ഇതേ പോയിന്റ്. അടുത്ത കളി ജയിച്ചാൽ യുണൈറ്റഡ് ഒന്നാം സ്ഥാനക്കാരാകും. 2 മത്സരം കുറച്ചു കളിച്ച മാഞ്ചസ്റ്റർ സിറ്റിക്കും പട്ടികയിൽ ഒന്നാമതെത്താൻ ഇതു സുവർണാവസരമാണ്. 10–ാം സ്ഥാനക്കാരായ വെസ്റ്റ്ഹാം യുണൈറ്റഡുമായുള്ള (26) ലിവർപൂളിന്റെ വ്യത്യാസം 7 പോയിന്റ് മാത്രം. പാതിക്കാലത്തോട് അടുക്കുന്ന പ്രീമിയർ ലീഗിൽ ഇനിയുള്ള കളികളിൽ അട്ടിമറികൾ ആവർത്തിക്കപ്പെട്ടാൽ അവസാന വിജയം ആർക്കാകുമെന്നതു പ്രവചിക്കാൻ പറ്റാത്ത അവസ്ഥ.

English Summary: Liverpool lose at Southampton 1-0 to extend blip in EPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com