ADVERTISEMENT

എവിടെപ്പോയി റഫറി ആർ. വെങ്കടേഷ്? ഐഎസ്എൽ 7–ാം സീസണിൽ ഒരേയൊരു മാച്ച് മാത്രം നിയന്ത്രിച്ച വെങ്കടേഷിനെ പിന്നെ കാണാതാവുകയായിരുന്നു. അഥവാ, കാണാതായെന്ന് കളിപ്രേമികൾ സംശയിക്കുകയായിരുന്നു. സംശയം ബലപ്പെട്ടത് ലീഗിൽ റഫറിമാരുടെ പിഴവുകൾ ഏറിവന്നപ്പോൾ ഉയർന്ന ചില കഥകളുടെ പിൻബലത്തിൽ ആയിരുന്നു.

കളിക്കളത്തിൽ റഫറിമാരുടെ പിഴവുകൾ പല ടീമുകളെയും ആരാധകരെയും കണ്ണീരുകുടിപ്പിക്കുന്നതായിരുന്നു. ഏറ്റവുമൊടുവിൽ കേരള ബ്ലാസ്റ്റേഴ്സ് 0–2ന് മുംബൈ സിറ്റിയോടു തോറ്റപ്പോൾ അതു റഫറിയുടെ പിഴവിന്റെ ഏറ്റവുമധികം ശപിക്കപ്പെട്ട ഉദാഹരണമായി മാറി. ആ മത്സരം ഇന്ത്യൻ റഫറിമാരുടെ ഏറ്റവും വലിയ നാണക്കേടിന്റെ ഉദാഹരണവുമായി.

റഫറിമാരുടെ പിഴവുകളുടെ പരമ്പരയിൽ ഏറ്റവും പുതിയതാണു കേരള ബ്ലാസ്റ്റേഴ്സ്–മുംബൈ സിറ്റി മത്സരമെങ്കിലും അത്  ഏറ്റവും ഒടുവിലത്തേതാണെന്നു തീർത്തു പറയാനാവാത്ത അവസ്ഥ. ഇനിയും റഫറിപ്പിഴവുകളുണ്ടാകും. ഇല്ലെന്ന് ആർക്കും ഉറപ്പുപറയാനാവില്ല. ഈ ഘട്ടത്തിലാണ് ആരാധകർ വിവിധ കഥകളിലേക്കു തിരി‍ഞ്ഞത്. കഥകൾ സമൂഹമാധ്യമങ്ങളിൽ കാര്യമായി പ്രചരിക്കുകയും ചെയ്തു. അതിൽ പ്രധാനപ്പെട്ട ചില കഥകൾ ഇങ്ങനെ:

∙റഫറിമാരെ ‘പണച്ചാക്കുകളായ ക്ലബുകൾ’ വിലയ്ക്കെടുത്തിരിക്കുന്നു. മുംബൈ സിറ്റി, ബെംഗളൂരു എഫ്സി. എടികെ മോഹൻ ബഗാൻ എന്നിവയാണ് ആരാധകരുടെ കണക്കിൽ പണച്ചാക്കുകൾ. ഇവരിൽത്തന്നെ മുംബൈയ്ക്കും ബെംഗളൂരുവിനും എതിരെ വിസിലൂതാൻ റഫറിമാർക്കു പേടിയാണ് എന്നതാണു കഥകളുടെ മുഖ്യപ്രമേയം.

∙നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ലീഗിലെ രണ്ടാം മത്സരത്തിൽ മുംബൈ സിറ്റി നേരിട്ടപ്പോൾ കളി നിയന്ത്രിച്ചത് ആർ. വെങ്കടേഷ് ആയിരുന്നു. അദ്ദേഹം മുംബൈയുടെ ഡിഫൻസീവ് മിഡ്ഫീൽഡർ അഹമ്മദ് ജാഹൂവിനെ ചുവപ്പുകാർഡ് കാണിച്ചു പുറത്താക്കി. കളി 1–0ന് നോർത്ത് ഈസ്റ്റ് ജയിക്കുകയും ചെയ്തു. ഈ സീസണിലെ ആദ്യ അട്ടിമറി ജയം. ഈ മത്സരത്തിനുശേഷം വെങ്കടേഷിനെ ഐഎസ്എൽ കളിക്കളത്തിൽ കണ്ടിട്ടില്ല. മുംബൈ സിറ്റിയുടെ സമ്മർദത്താൽ അദ്ദേഹത്തെ ലീഗ് സംഘാടകർ മാറ്റി നിർത്തി എന്നായിരുന്നു ഒരു കഥ. വെങ്കടേഷിനെ മുംബൈ സിറ്റി ‘റാഞ്ചി’, അതിനാൽ അദ്ദേഹം സ്വയം ലീഗ് വിട്ടുപോയി എന്നു മറ്റൊരു കഥയും ഇറങ്ങി.

ലീഗിൽ റഫറിമാരുടെ പ്രകടനം പരിതാപകരമാണ് എന്നതു യാഥാർഥ്യം തന്നെ. എന്നാൽ എല്ലാ റഫറിമാരും അങ്ങനെയല്ല. മുഴുവൻ റഫറിമാരും നിലവാരമില്ലാത്തവർ എന്നുപറഞ്ഞ് റഫറിമാരെയാകെ പഴി പറയുന്നതിൽ കാര്യമില്ലെന്നു വിവിധ മത്സരങ്ങൾ സൂക്ഷ്മതയോടെ കണ്ടാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ബ്ലാസ്റ്റേഴ്സ്–മുംബൈ മത്സരഫലം റഫറിയുടെ തീരുമാനത്തിലെ പിഴവിന് ഉദാഹരണം തന്നെയാണ്. സത്യവുമാണ്. പക്ഷേ മുഴുവൻ റഫറിമാരെയും അടച്ചാക്ഷേപിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയും ചെയ്യുന്നത് ഇന്ത്യൻ ഫുട്ബോളിനു സഹായകമാവില്ല എന്നു തിരിച്ചറിയണം. അത്തരം പ്രചാരണം റഫറിമാർക്കുമേൽ സമ്മർദമേറ്റുകയും പെട്ടെന്നുള്ള പിഴവിന് അതു കാരണമാവുകയും ചെയ്യും.

എന്താണു റഫറി വെങ്കടേഷിനു സംഭവിച്ചത്? അദ്ദേഹത്തിനു പരുക്കേറ്റതിനാലാണ് പിന്നീട് കളത്തിൽ കാണാതിരുന്നത്. കളിക്കാർക്കു മാത്രമല്ല, റഫറിമാർക്കും പരുക്കേൽക്കാം എന്ന വസ്തുത മറന്നുകൂടാ. അദ്ദേഹത്തിനു പേശികൾക്കു പരുക്കേറ്റു. മുംബൈയിൽ എത്തിച്ചു വിദഗ്ധ ചികിത്സ നൽകി. ഡോക്ടർമാർ വിശ്രമം നിർദേശിച്ചു. വെങ്കടേഷ് (30) ഇപ്പോൾ ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിലാണ്.

അണ്ണാ യൂണിവേഴ്സിറ്റിയിൽനിന്നു കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്ത രാമകൃഷ്ണ വെങ്കടേഷ് 23–ാം വയസ്സിൽത്തന്നെ മുൻനിര ലീഗുകൾ നിയന്ത്രിക്കാൻ പ്രാപ്തനായ റഫറിയാണ്. ചെന്നൈയിലെ ഒരു ചെറിയ നഴ്സിങ് ഹോം ജീവനക്കാരിയുടെ മകൻ. ബിടെക് ജയിച്ചയുടൻ ഒരു വമ്പൻ വാട്ടർ പ്യൂരിഫയർ കമ്പനി അദ്ദേഹത്തിനു ജോലി വാഗ്ദാനം ചെയ്തു. പ്രതിമാസം 1 ലക്ഷം രൂപ ശമ്പളം. ഇടത്തരം കുടുംബത്തിൽ ജനിച്ചു വളർന്നയാൾക്ക് അതൊരു വലിയ ശമ്പളം തന്നെയാണ്. പ്രത്യേകിച്ചും തുടക്കത്തിൽത്തന്നെ അത്രയും തുക ലഭിക്കുമ്പോ‍ൾ. പിന്നീടു യൂറോപ്പിൽനിന്നൊരു കമ്പനിയും വൻശമ്പളം വാഗ്ദാനം ചെയ്തു വെങ്കടേഷിനെ ക്ഷണിച്ചു. പക്ഷേ മനസ്സ് ഫുട്ബോളിൽ ആയിരുന്നു. ലോകകപ്പ് റഫറിയായ കെ. ശങ്കർ ആയിരുന്നു റോൾ മോഡൽ. ശങ്കറിനെപ്പോലെ ലോകകപ്പ് മത്സരത്തിനിറങ്ങണം എന്നതായിരുന്നു സ്വപ്നം.

അത്തരം സ്വപ്നങ്ങളിലേക്കു സാവധാനത്തിൽ മുന്നേറുന്നൊരു യുവാവിനെക്കുറിച്ചാണ് അദ്ദേഹം മുംബൈ സിറ്റിയുടെ വലയിൽ വീണെന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇല്ല. വെങ്കടേഷ് അങ്ങനെ വീഴുന്നയാളല്ല. ഒന്നു ചോദിക്കട്ടെ: അഹമ്മദ് ജാഹൂവിനെ വെങ്കടേഷ് പുറത്താക്കിയെങ്കിൽ, ആ തീരുമാനം തെറ്റോ ശരിയോ? ശരിയാണെന്ന് കളിയുടെ വിഡിയോ വീണ്ടും കണ്ടാൽ മനസ്സിലാക്കാനാവും. പണച്ചാക്കായ ക്ലബിന്റെ മുഷ്കുള്ള കളിക്കാരനാണു ജാഹൂ എങ്കിൽ, ആ കളിക്കാരനെ പുറത്താക്കിയ നടപടി ധീരമെന്നല്ലേ പറയേണ്ടൂ.

എല്ലാ ആരാധകരും മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇന്ത്യൻ റഫറിമാർ വിധിത്തീർപ്പുകളിൽ, തീരുമാനങ്ങളിൽ എല്ലാം തികഞ്ഞവരല്ല. അതിനു കാരണം, അവർ ഇന്ത്യക്കാരാണ് എന്നതു തന്നെയാണ്. അവർക്ക് ആവശ്യത്തിനു മത്സരപരിചയമില്ല. അവർക്ക് രാജ്യാന്തര താരങ്ങളെ നിയന്ത്രിച്ചുള്ള പരിചയവുമില്ല. അവർക്കു കിട്ടിയ ഫുട്ബോൾ വിദ്യാഭ്യാസം ഇന്ത്യൻ സാഹചര്യങ്ങളിലേതാണ്. ലോകകപ്പും യൂറോപ്യൻ ലീഗുകളും നിയന്ത്രിക്കുന്നവരുമായി അവരെ താരതമ്യം ചെയ്യുന്നത് അനീതിയാണ്. അവർക്കു കിട്ടുന്ന പരിശീലനവും പരിചയവും കുറവാണ്. അല്ലാതെ ഇന്ത്യൻ റഫറിമാർ ഭീരുക്കളോ പണക്കൊതിയൻമാരോ അല്ല. അവർക്കുവേണ്ടതു പ്രഫഷനൽ പരിശീലനമാണ്. പഴിച്ചാലും തൊഴിച്ചാലും നന്നാകുമെന്നു കരുതരുതേ...

English Summary: Where is ISL referee R. Venkatesh?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com