sections
MORE

ആദ്യമായി 3 തുടർ തോൽവികൾ; ബെംഗളൂരു എഫ്‍സി മുഖ്യ പരിശീലകനെ പുറത്താക്കി

carles-cuadrat
SHARE

ബെംഗളൂരു∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ കന്നിക്കിരീടം സമ്മാനിച്ച മുഖ്യ പരിശീലകൻ കാർലെസ് ക്വാഡ്രറ്റിനെ ബെംഗളൂരു എഫ്സി  പുറത്താക്കി. ഇപ്പോൾ നടന്നുവരുന്ന ഏഴാം സീസണിലെ തുടർച്ചയായ മൂന്നാം തോൽവിക്കു പിന്നാലെയാണ് ക്വാഡ്രറ്റിനെ പുറത്താക്കിയത്. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ മുംബൈ സിറ്റിയോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബെംഗളൂരു പരാജയപ്പെട്ടത്. സീസണിലെ മൂന്നാം തുടർ തോൽവിയോടെ ബെംഗളൂരു അഞ്ചാം സ്ഥാനത്തേക്ക് വീണിരുന്നു. 2017ൽ ഐഎസ്എലിന്റെ ഭാഗമായ ശേഷം ഇതാദ്യമായാണ് ബെംഗളൂരു തുടർച്ചയായി മൂന്നു മത്സരങ്ങൾ തോൽക്കുന്നത്. ഇതിനു പിന്നാലെയാണ് സ്പെയ്നിൽനിന്നുള്ള മുഖ്യ പരിശീലകന് ജോലി പോയത്.

ആൽബർട്ട റോക്കയുടെ കാലം മുതൽ അഞ്ച് വർഷത്തോളമായി ബെംഗളൂരു എഫ്‍സിക്കൊപ്പമുള്ള ക്വാഡ്രറ്റ്, 2018 ജൂലൈ മുതൽ ടീമിന്റെ മുഖ്യ പരിശീലകനാണ്. ക്വാഡ്രറ്റിനു പകരം സഹപരിശീലകൻ നൗഷാദ് മൂസയ്ക്ക് ടീമിന്റെ താൽക്കാലിക ചുമതല നൽകി. കന്നി ഐഎസ്എൽ കിരീടം ഉൾപ്പെടെ ടീമിന് ഒരുപിടി റെക്കോർഡുകൾ സമ്മാനിച്ച ശേഷമാണ് ക്വാഡ്രറ്റ് ടീം വിടുന്നത്. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തുകയും പിന്നീട് കിരീടം ചൂടുകയും ചെയ്ത ഐഎസ്എലിലെ ഏക ടീമെന്ന നേട്ടം ബെംഗളൂരു സ്വന്തമാക്കിയത് ക്വാഡ്രറ്റിനു കീഴിലാണ്. ഐഎസ്എലിൽ  തുടർച്ചയായി ഏറ്റവും കൂടുതൽ വിജയം നേടുന്ന ടീം (ആറ്), തോൽവിയറിയാതെ കൂടുതൽ മത്സരങ്ങൾ (11), കൂടുതൽ ക്ലീൻ ഷീറ്റുകൾ (11) തുടങ്ങിയ നേട്ടങ്ങളും ബെംഗളൂരു സ്വന്തമാക്കിയത് ക്വാഡ്രറ്റിന്റെ കാലത്തുതന്നെ.

ഇദ്ദേഹത്തിനു കീഴിൽ കളിച്ചുകൊണ്ടിരിക്കെയാണ് ബെംഗളൂരു താരങ്ങളായ രാഹുൽ ഭേക്കെ, നിഷുകുമാർ എന്നിവർ ആദ്യമായി ഇന്ത്യൻ ടീമിലെത്തിയത്. ബെംഗളൂരു എഫ്സിയുടെ ബി ടീമിന്റെ ഭാഗമായിരുന്ന 11 താരങ്ങളെ ആദ്യമായി സീനിയർ ടീമിൽ അവതരിപ്പിച്ച പരിശീലകൻ കൂടിയാണ് ഇദ്ദേഹം. ആദ്യമായി മുഖ്യ പരിശീലകന്റെ ചുമതല നൽകിയ ബെംഗളൂരു എഫ്സിക്ക് നന്ദി പറഞ്ഞാണ് ക്വാഡ്രറ്റിന്റെ മടക്കം.

‘മുഖ്യ പരിശീലകന്റെ ചുമതല നൽകിയ ക്ലബ്ബിനോട് എനിക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. ക്ലബ്ബിന്റെ ഭാഗത്തുനിന്ന് എക്കാലവും ഏറ്റവും മികച്ച അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ക്ലബ്ബുമൊത്തുള്ള നല്ല നിമിഷങ്ങൾ എക്കാലവും എന്റെ ഓർമകളിലുണ്ടാകും.’

‘ടീമിനെക്കുറിച്ച് വ്യക്തവും കൃത്യവുമായ പദ്ധതികളുള്ള ഉടമകൾക്കും മാനേജ്മെന്റിനും, എന്നും എനിക്കൊപ്പം നിലകൊണ്ടിട്ടുള്ള താരങ്ങൾക്കും, അഞ്ച് സീസണുകളിൽ എനിക്കൊപ്പം ജോലി ചെയ്ത സ്റ്റാഫ് അംഗങ്ങൾക്കും ഉറച്ച പിന്തുണയുമായി എക്കാലവും ഒപ്പമുള്ള ആരാധകർക്കും ഹൃദയം നിറഞ്ഞ നന്ദി.’

‘ഈ സീസണിലും ഇനിയങ്ങോട്ടും ക്ലബ്ബിന് എല്ലാവിധ ഭാവുകങ്ങളും. ഈ ക്ലബ്ബും ഇതുമായി ബന്ധപ്പെട്ട എല്ലാവരും എക്കാലവും എന്റെ ഹൃദയത്തിലുണ്ടാകും.’

∙ കാർലെസ് ക്വാഡ്രറ്റ്

സ്പാനിഷ് പൗരനായ കാർലെസ് ക്വാഡ്രറ്റ് ബാർസിലോനയുടെ അക്കാദമിയായ ലാ മാസിയയിൽ നിന്നാണു കരിയർ തുടങ്ങിയത്. ബാർസിലോനയുടെ കുട്ടി ടീമിൽ ഡിഫൻഡറായി തുടങ്ങിയ ക്വാഡ്രറ്റ് തുർക്കി ടീം ഗലത്‌സരെയുടെ അസിസ്റ്റന്റ് കോച്ചായി പരിശീലകവേഷമണിഞ്ഞു. സൗദി അറേബ്യ, എൽസാൽവഡോർ ദേശീയ ടീമുകളുടെ ദൗത്യത്തിനു ശേഷമാണ് ഐഎസ്എൽ എൻട്രി. ആൽബർട്ട് റോക്ക മുഖ്യപരിശീലകനായിരിക്കെ അസിസ്റ്റന്റായി 2016 ലാണ് കാർലെസിന്റെ വരവ്. റോക്ക ടീം വിട്ടതോടെ 2018 ജൂലൈയിൽ മുഖ്യ പരിശീലകനായി. ആദ്യ സീസണിൽത്തന്നെ ടീമിനെ കിരീടത്തിലെത്തിച്ചു. തൊട്ടടുത്ത സീസണിലും ക്വാഡ്രറ്റിനു കീഴിൽ ബെംഗളൂരു പ്ലേ ഓഫിലെത്തി.

English Summary: Bengaluru FC and Carles Cuadrat part ways

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA