sections
MORE

ഒഡിഷ എഫ്സിയോട് 4–2ന് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്

blasters-goal
ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആഹ്ലാദം
SHARE

പനജി (ഗോവ) ∙ ആക്രമണം എത്തേണ്ടിടത്ത് എത്തിയില്ല. പ്രതിരോധം എങ്ങുമേയെത്തിയില്ല. പരീക്ഷണങ്ങൾ വഴിമുട്ടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എത്തിയത് പോയിന്റ് പട്ടികയിൽ 10–ാം സ്ഥാനത്ത്. ഒഡീഷയ്ക്കെതിരെ 2–4 തോൽവി. മഴയിൽ കുതിർന്ന മൈതാനത്തു ബ്ലാസ്റ്റേഴ്സ് നനഞ്ഞ പടക്കമായി. ഒഡീഷ കത്തിക്കയറി. സീസണിൽ ഒഡീഷയുടെ ആദ്യജയമാണിത്. 

ഗോളടിച്ചത്: ഒഡീഷ: സ്റ്റീവൻ ടെയ്‌ലർ (42’), ഡിയേഗോ മോറീഷ്യോ (50’), (60’). ജീക്സൺ സിങ്ങിന്റെ സെൽഫ്ഗോൾ (22’). ബ്ലാസ്റ്റേഴ്സ്: ജോർദൻ മറി (7’), ഗാരി ഹൂപ്പർ (79’). 

പ്രതിരോധത്തിൽ 4 ഇന്ത്യക്കാർ. ആദ്യ 11ൽ 3 മലയാളികൾ. 3 വിദേശികൾ എന്നിങ്ങനെ വീണ്ടും പരീക്ഷണവുമായാണു ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. സ്വന്തം പകുതിയിൽനിന്ന് എതിർ ബോക്സിലേക്കു ഫാക്കുൻഡോ പെരേര ഉയർത്തിവിട്ട പന്ത് കെ.പി. രാഹുൽ തലകൊണ്ടു ഗോളിലേക്കുവിടുന്നു. ഗോളിയുടെ വിരലുകളിൽനിന്നു പന്തു തെറിച്ചതു വലത്തേക്ക്. പോസ്റ്റിനോടു ചേർന്നുവന്ന മറി അത് ഇടങ്കാലടിയിലൂടെ വലയുടെ മേൽക്കൂരയിൽ എത്തിച്ചു. ആദ്യഗോൾ.

ജെറി കൊടുത്ത പന്തുമായി മോറീഷ്യോ, തടയാനെത്തിയ ഹക്കുവിനെ കീഴടക്കി  പന്ത് ഗോൾരേഖയ്ക്കു സമാന്തരമായി ക്രോസ് ചെയ്തു. കുറുകെവന്നുവീണ ജീക്സൻ സിങ്ങിന്റെ കാലിൽത്തട്ടി, ഗതിമാറി. പന്തു വലയിൽ (1–1).

വീണ്ടും ജെറി. ഇടതുവശത്തുനിന്നു ഫ്രീകിക്ക്. മാറിനിന്ന സ്റ്റീവൻ ടെയ്‌ലർ ആൾക്കൂട്ടത്തിനപ്പുറം ലാൻഡ് ചെയ്ത പന്തിലേക്കു ബൂട്ടുവെച്ചു. ഒഡീഷ മുന്നിൽ (2–1). രണ്ടാം പകുതിയിൽ, മിന്നലാക്രമണത്തിൽ ജെറി മറിച്ചു കൊടുത്ത പന്ത് മിന്നലടിയിലൂടെ മോറീഷ്യോ വലയിൽ എത്തിച്ചത് (3–1). വൈകാതെ മോറീഷ്യോ കിടിലൻ ഷോട്ടിലൂടെ നാലാം ഗോളും നേടി. അവസാനം ഹൂപ്പറൊരു ഗോളടിച്ചു. 

എന്തിനോ വേണ്ടിയുള്ള കളി: ഐ.എം വിജയൻ 

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്നൊരു ഡയലോഗ് ഉണ്ടല്ലോ. അതിനെ ഓർമിപ്പിക്കുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ കളി. വ്യക്തമായ പദ്ധതിയോ ലക്ഷ്യമോ ഒന്നുമില്ലാതെ എന്തിനോ വേണ്ടി കളിക്കുന്നൊരു സംഘമായിരുന്നു ഇന്നലത്തെ ബ്ലാസ്റ്റേഴ്സ്. ലീഗിൽ ഏറ്റവും കിതയ്ക്കുന്ന ടീമിന്റെ കുതിപ്പിലാണു തകർന്നതെന്നു കൂടി കണക്കിലെടുക്കുമ്പോൾ ഒന്നും പ്രതീക്ഷിക്കാനുമില്ല. ഈ ടീം കളിക്കുന്നതു കാണാനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ആരാധകരോടു സഹതാപം തോന്നുന്നു. മറ്റൊന്നും ലക്ഷ്യം വയ്ക്കേണ്ട, അവർക്കു വേണ്ടിയെങ്കിലും ഗ്രൗണ്ടിൽ അൽപം ലക്ഷ്യബോധത്തോടെ കളിക്കാൻ ടീം തയാറാകണം. 

English Summary: Kerala Blasters hoping for win against Odisha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA