ADVERTISEMENT

ബിൽബാവോ ∙ ലയണൽ മെസ്സി തകർപ്പൻ ഫോമിൽ തിളങ്ങിയ മത്സരത്തിൽ അത്‌ലറ്റിക് ബിൽബാവോയെ 3–2നു തോൽപിച്ച് ബാർസിലോന സ്പാനിഷ് ലാ ലിഗ ഫുട്ബോൾ പോയിന്റ് പട്ടികയിൽ 3–ാം സ്ഥാനത്തെത്തി. 2 ഗോളുകൾ നേടുകയും ഒന്നിനു വഴിയൊരുക്കുകയും ചെയ്ത മെസ്സിക്കു ഹാട്രിക് നഷ്ടമായതു നിർഭാഗ്യം കൊണ്ടു മാത്രം. 

പുതിയ കോച്ച് മാർസെലിഞ്ഞോയുടെ കീഴിൽ 3–ാം മിനിറ്റിൽ ബിൽബാവോയാണു സ്കോറിങ് തുടങ്ങിയത്. ഫോർവേഡ് ഇനാകി വില്യംസിന്റെ ഗോളിൽ ആതിഥേയർ തുടക്കത്തിൽ തന്നെ ലീഡെടുത്തെങ്കിലും മെസ്സി ഒരുക്കിയ പന്തിൽ ഫ്രെങ്കി ഡി യോങ്ങിന്റെ വോളിക്കു തലവച്ച് പതിനെട്ടുകാരൻ പെദ്രി ബാർസയെ ഒപ്പമെത്തിച്ചു.

പെദ്രിയുമൊത്ത് നടത്തിയ നീക്കത്തിനൊടുവിൽ 14–ാം മിനിറ്റിൽ മെസ്സി ബാർസയെ ഒപ്പമെത്തിച്ചു. 62–ാം മിനിറ്റിൽ ഡബിളും തികച്ചു. 90–ാം മിനിറ്റിൽ ഇകർ മുനിയനിലൂടെ ബിൽബാവോ ഒരു ഗോൾ കൂടി തിരിച്ചടിച്ചെങ്കിലും ജയം ബാർസയ്ക്കൊപ്പം നിന്നു. ജയത്തോടെ 31 പോയിന്റുമായി ബാർസ 3–ാം സ്ഥാനത്തെത്തി. ഒന്നാമതുള്ള അത്‌ലറ്റിക്കോ മഡ്രിഡുമായി 7 പോയിന്റ് വ്യത്യാസം. 

മിലാനെ വീഴ്ത്തി  യുവന്റസ് 

മിലാൻ ∙ തുടർച്ചയായി 27 സീരി എ മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ച എസി മിലാന് യുവന്റസ് കടിഞ്ഞാണിട്ടു. ഫെഡറിക്കോ കിയേസയുടെ ഡബിളും അമേരിക്കൻ താരം വെസ്റ്റൺ മക്കെനിയുടെ ഗോളും ചേർന്ന് മിലാനെതിരെ യുവന്റസിനു 3–1 വിജയം. കഴിഞ്ഞ മാർച്ചിനു ശേഷം ആദ്യമായാണ് എസി മിലാൻ ഇറ്റാലിയൻ ലീഗിൽ തോൽവി രുചിക്കുന്നത്.

ആദ്യ ഗോളിനു പിന്നാലെ മിലാനു വേണ്ടി ഡേവിഡ് കലാബ്രിയ ഒരുഗോൾ മടക്കി സ്കോർ ഒപ്പമെത്തിച്ചതാണെങ്കിലും പിന്നാലെ വീണ 2 ഗോളുകൾ അവരുടെ കഥ കഴിച്ചു. തുടർച്ചയായി 9 വർഷം ഇറ്റാലിയൻ ലീഗ് ചാംപ്യന്മാരായ യുവന്റസിന് ഈ വർഷവും കിരീടപ്രതീക്ഷ നൽകുന്നതായി ഈ വിജയം. തോറ്റെങ്കിലും എസി മിലാൻ ലീഗിലെ ഒന്നാം സ്ഥാനത്തു തുടരുന്നു. 

യുണൈറ്റഡിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി 

ലണ്ടൻ ∙ മാഞ്ചസ്റ്റർ സിറ്റി വീണ്ടും ലീഗ് കപ്പ് ഫുട്ബോൾ ഫൈനലി‍ൽ. മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടുമൊരു സെമിഫൈനൽ നഷ്ടം. യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രാഫഡിൽ സിറ്റി 2–0ന് ആതിഥേയരെ കീഴടക്കി.

കഴിഞ്ഞ വർഷത്തെ ഇരുപാദ സെമിയുടെ ആവർത്തനം ഇത്തവണത്തെ ഏകസെമിയിലും. ഏപ്രിൽ 25നു വെംബ്ലി സ്റ്റേഡിയത്തിൽ ടോട്ടനം ഹോട്സ്പറുമായാണ് സിറ്റിയുടെ ഫൈനൽ പോരാട്ടം. 2–ാം പകുതിയിൽ ജോൺ സ്റ്റോൺസ്, ഫെർണാണ്ടിഞ്ഞോ എന്നിവർ നേടിയ ഗോളുകളിലാണ് മാഞ്ചസ്റ്റർ സിറ്റി ചുവന്ന ചെകുത്താന്മാരെ മലർത്തിയടിച്ചത്. 

യുണൈറ്റഡിന് ഈ തോൽവി തീരാസങ്കടത്തിന്റേതായി. ഒലെ ഗുണ്ണാർ സോൾഷ്യർ കോച്ചായ ശേഷം യുണൈറ്റഡിന് ഒരു ടൂർണമെന്റിന്റെ ഫൈനലിലെത്താൻ ലഭിച്ച  സുവർണാവസരമാണ് നഷ്ടമായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com