ADVERTISEMENT

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്നൊരു ഡയലോഗ് ഉണ്ടല്ലോ. അതിനെ ഓർമിപ്പിക്കുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ കളി. വ്യക്തമായ പദ്ധതിയോ ലക്ഷ്യമോ ഒന്നുമില്ലാതെ എന്തിനോ വേണ്ടി കളിക്കുന്നൊരു സംഘമായിരുന്നു ഇന്നലത്തെ ബ്ലാസ്റ്റേഴ്സ്. ഒന്നും പറയാനില്ല, കളിയുടെ കാര്യത്തിലും ടീമെന്ന നിലയ്ക്കും. ലീഗിൽ ഏറ്റവും കിതയ്ക്കുന്ന ടീമിന്റെ കുതിപ്പിലാണു ടീം തകർന്നതെന്നു കൂടി കണക്കിലെടുക്കുമ്പോൾ ഒന്നും പ്രതീക്ഷിക്കാനുമില്ല. ഈ ടീം കളിക്കുന്നതു കാണാനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ആരാധകരോടു സഹതാപം തോന്നുന്നു. മറ്റൊന്നും ലക്ഷ്യം വയ്ക്കേണ്ട, അവർക്കു വേണ്ടിയെങ്കിലും ഗ്രൗണ്ടിൽ അൽപം ലക്ഷ്യബോധത്തോടെ, ഉത്സാഹത്തോടെ കളിക്കാൻ ടീം തയാറാകണം. 

ലീഗിൽ ഇതേവരെ താളം കണ്ടെത്താത്ത രണ്ടു ടീമുകളുടെ പോരാട്ടമെന്നതായിരുന്നു ഇന്നലത്തെ മത്സരത്തിന്റെ പ്രത്യേകത. എന്നാൽ എങ്ങനെ കളിക്കണമെന്ന് ഒഡീഷ ബ്ലാസ്റ്റേഴ്സിനു കാട്ടിത്തന്നു. പ്രതിരോധത്തിൽ മരുന്നിനു പോലും ഒരാളില്ലാതെ കയറിക്കളിക്കുന്ന പ്രവണത ആവർത്തിക്കുക കൂടി ചെയ്തതോടെ ഡിയേഗോ മൗറീഷ്യോയെപ്പോലുള്ള പരിചയസമ്പത്തുള്ള താരത്തിനു കാര്യങ്ങൾ എളുപ്പമായി. മറുവശത്തു നാഥനില്ലായെന്ന മട്ടിലായിരുന്നു ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ നീക്കങ്ങൾ പലതും. 

ബ്ലാസ്റ്റേഴ്സിന്റെ യുവതാരങ്ങൾ ഒഡീഷയുടെ ജെറിയെ കണ്ടുപഠിക്കണം. എത്ര പക്വതയോടെയാണ് ആ പയ്യൻ കളത്തിൽ നിറയുന്നതും സീനിയർ താരങ്ങളെ പിന്തുണയ്ക്കുന്നതും. ടീമിന്റെ ലക്ഷ്യം നിറവേറ്റാൻ പോന്ന അത്തരം പ്രകടനങ്ങളാണു യുവതാരങ്ങളിൽ നിന്നു പരിശീലകരും ആരാധകരും പ്രതീക്ഷിക്കുന്നത്. ഗ്രൗണ്ടിൽ കുറെ ഓടിനടക്കുന്നതോ പന്ത് ഡ്രിബ്ൾ ചെയ്യുന്നതോ ഹെയർ സ്റ്റൈൽ പരിഷ്കരിക്കുന്നതോ ഒന്നുമല്ല ഫുട്ബോളെന്ന് ഇനിയെങ്കിലും നമ്മുടെ താരങ്ങൾ മനസിലാക്കേണ്ടിയിരിക്കുന്നു. ഇതൊരു ടീം ഗെയിമാണ്. കൃത്യമായ പ്ലാനും ലക്ഷ്യവും ഉൾക്കൊണ്ടു കളിക്കേണ്ട ഗെയിം. ആ നിലവാരത്തിലേയ്ക്കു മാറാനാണു ബ്ലാസ്റ്റേഴ്സ് കളിക്കാർ ശ്രദ്ധിക്കേണ്ടത്. ഗെയിം പ്ലാൻ ഒരുക്കാൻ മാത്രമേ പരിശീലകനു സാധിക്കൂ. കളത്തിൽ അതു നടപ്പിലാക്കേണ്ട ചുമതല കളിക്കാർക്കു മാത്രമാണ്.

English Summary: IM Vijayan on KBFC Vs Odisha FC Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com