ADVERTISEMENT

ഫുട്ബോൾ ഗ്രൗണ്ടിലും പുറത്തും അങ്ങേയറ്റം ശാന്തസ്വഭാവക്കാരനാണ് ടോട്ടനം ഹോട്സ്പറിന്റെ കൊറിയൻ സ്ട്രൈക്കർ സൺ ഹ്യുങ് മിൻ. ചെറുകണ്ണുകൾ അടച്ചുകൊണ്ട് സുന്ദരമായി ചിരിക്കുന്ന ദക്ഷിണകൊറിയക്കാരന്‍, എതിരാളി ഗ്രൗണ്ടിൽ തളർന്നുവീഴുമ്പോൾ ആദ്യം ഓടിയെത്തുന്നയാൾ, താൻ കാരണം മറ്റൊരാൾക്കു പരുക്കേറ്റാൽ പൊട്ടിക്കരയുന്ന താരം– ഇതൊന്നും അദ്ദേഹത്തിന്റെ ആരാധകർ ‘തള്ളുന്നതല്ല’, എതിരാളികൾ പോലും അംഗീകരിച്ച കാര്യം. എന്നാൽ പന്ത് കാലിൽ കിട്ടിക്കഴിഞ്ഞാല്‍ പലപ്പോഴും മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയെയും പോലെ ആക്രമണകാരിയാകും അയാൾ. നിലവിലെ ഏഷ്യൻ താരങ്ങളിൽ യൂറോപ്പിൽ ഇത്രയേറെ ആഘോഷിക്കപ്പെട്ട മറ്റൊരാളില്ല.

ടോട്ടനം ഹോട്സ്പറിന്റെ സമീപകാല സൈനിങ്ങുകളിൽ സണ്ണിനോളം അവർക്ക് ലാഭമുണ്ടാക്കി നൽകിയ മറ്റൊരു താരമില്ല. 2015ൽ ബയൺ ലെവർക്യൂസണിൽനിന്നാണ് സൺ ടോട്ടനത്തിലെത്തുന്നത്. 22 മില്യൺ യൂറോയ്ക്കായിരുന്നു കരാർ. അന്നുമുതൽ ഇന്നോളം പ്രീമിയർ ലീഗിലെ ഏറ്റവും ആക്രമണകാരിയായ താരങ്ങളിലൊരാളായി സൺ മാറിക്കഴിഞ്ഞു.

കഴിഞ്ഞ നാല് സീസണുകളിലും മുപ്പതിലേറെ മത്സരങ്ങള്‍ കളിച്ച സൺ, ഓരോ സീസണിലും പത്തിലേറെ ഗോളുകൾ നേടിയിട്ടുണ്ട്. ഈ സീസണിൽ ഇതിനകം 16 മത്സരങ്ങളിൽനിന്ന് 12 ഗോളുകൾ സ്വന്തമാക്കി. കഴിഞ്ഞ ദിവസമാണ് ടോട്ടനത്തിനായി കരിയറിലെ നൂറാം ഗോളെന്ന നേട്ടം സൺ പിന്നിട്ടത്. ലീഡ്സിനെതിരെയായിരുന്നു താരത്തിന്റെ നൂറാം ഗോൾ. ഇപ്പോഴിതാ സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡ് വരെ സണ്ണിനായി വലയെറിഞ്ഞിരിക്കുകയാണെന്നാണു പുറത്തുവരുന്ന വാർത്തകൾ.

∙ സണ്‍–കെയ്ൻ; വിന്നിങ് കോമ്പോ

സ്വന്തം ഗോളുകളെക്കുറിച്ചു ചോദിച്ചാൽ സണ്‍ എല്ലായ്പ്പോഴും ക്രെഡിറ്റ് നൽകാറുള്ളത് ടോട്ടനത്തിന്റെ ഇംഗ്ലിഷ് താരം ഹാരി കെയ്നാണ്. പ്രീമിയർ ലീഗിൽ ഓരോ സീസൺ പിന്നിടുമ്പോഴും ഈ കോമ്പോ കൂടുതൽ ഗോളുകൾ കണ്ടെത്തുന്നു. കൂടുതൽ വിജയങ്ങൾ സ്വന്തമാക്കുന്നു. സണ്ണിന്റെ നൂറാം ഗോളിനും അസിസ്റ്റ് നൽകിയത് ഹാരി കെയ്നാണ്. ഈ സീസണിൽ ഇവരുടെ കൂട്ടുകെട്ട് സ്വന്തമാക്കുന്ന 13–ാം ഗോളാണിത്. ഇതോടെ പ്രീമിയർ ലീഗ് ഗോൾ നേട്ടത്തിൽ 1994–95 ൽ അലൻ ഷീററും ക്രിസ് സട്ടനും ബ്ലാക്ബേൺ ജഴ്സിയിൽ നേടിയ റെക്കോർഡിനൊപ്പമെത്തി ഇരുവരും.

kane-son
സൺ ഹ്യൂങ് മിൻ ഹാരി കെയ്നൊപ്പം (ടോട്ടനം ഹോട്‍സ്‌പർ ട്വീറ്റ് ചെയ്ത ചിത്രം)

ടോട്ടനത്തിന് ഇനിയും മത്സരങ്ങളേറെയുള്ളതിനാൽ ഈ റെക്കോർഡും തകർക്കപ്പെടുമെന്നുറപ്പ്. കൊറിയൻ താരത്തിന് 28 ഉം കെയ്നിന് 27 ഉം ആണ് പ്രായം. കരിയറിന്റെ ഏറ്റവും ഉന്നതിയില്‍ നിൽക്കുന്ന സമയം. ഇരുവരിൽനിന്നും ടോട്ടനം ഇനിയും ഏറെ പ്രതീക്ഷിക്കുന്നു, കപ്പുകളില്ലാ ടീമെന്ന ചീത്തപ്പേരും അവർക്കു കഴുകിക്കളയേണ്ടതുണ്ട്. നിലവിൽ 2023 വരെ കൊറിയൻ താരത്തിന് ഇംഗ്ലിഷ് ടീമിനൊപ്പം കരാറുണ്ട്.

പ്രതിഭയുണ്ടായിട്ടും തുടക്കകാലത്ത് കെയ്നിന്റെ നിഴലിൽ സൺ ഒതുങ്ങിപ്പോയിരുന്നു. എന്നാലിപ്പോള്‍ കഥ മാറിയിട്ടുണ്ട്. ഇരുവരും ഒപ്പത്തിനൊപ്പം എന്ന നിലയാണ്. ഉദാഹരണത്തിന് കെയ്ൻ പരുക്കുപറ്റി കളിക്കാതിരുന്നപ്പോൾ സൺ ടീമിനെ മുന്നിൽനിന്നു നയിച്ചു, ഗോളുകൾ കണ്ടെത്തി. ടോട്ടനത്തിന്റെ ആക്രമണ നിരയിൽ പ്രതിഭകൾ ഏറെയാണ്, പ്രത്യേകിച്ച് റയൽ മ‍ഡ്രിഡിൽനിന്ന് ഗരെത് ബെയ്‍ൽ കൂടി വന്നതോടെ. എങ്കിലും സൂപ്പർ പരിശീലകൻ ഹോസെ മൗറീഞ്ഞോയുടെ ഫേവറീറ്റ് ഇപ്പോഴും സൺ–കെയ്ൻ കൂട്ടുകെട്ടു തന്നെ.

son-kane
സൺ ഹ്യൂങ് മിൻ ഹാരി കെയ്നൊപ്പം (ടോട്ടനം ഹോട്‍സ്‌പർ ട്വീറ്റ് ചെയ്ത ചിത്രം)

സൺ എന്ന താരത്തിന്റെ ബലത്തിലാണ് ഏഷ്യയിലും ദക്ഷിണ കൊറിയയിലും ടോട്ടനം വലിയ ആരാധക പിന്തുണ നേടിയത്. ടോട്ടനത്തിന്റെ ഹോം മത്സരങ്ങളിൽ ദക്ഷിണ കൊറിയക്കാർ ദേശീയ പതാകയുമായി സ്റ്റേഡ‍ിയത്തിലെത്തുന്നത് സണ്ണിനോടുള്ള സ്നേഹം കൊണ്ടാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന എം.എസ്. ധോണിയെപ്പോലെയാണ് ഫുട്ബോളിൽ ഈ ദക്ഷിണകൊറിയൻ ക്യാപ്റ്റൻ. ഗ്രൗണ്ടിലുള്ളപ്പോൾ ആ മുഖത്തെ ചിരി മാഞ്ഞത് അപൂർവ അവസരങ്ങളിൽ മാത്രം. കൊറിയയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും കാട്ടുതീ ദുരിതാശ്വാസത്തിനും താരം ചെലവാക്കിയ തുകയ്ക്കു കണക്കില്ല.

‘നിങ്ങൾ ഗോൾ ഉറപ്പാക്കി മുന്നേറുമ്പോഴും എതിരാളിക്ക് പരുക്കേറ്റതായി കണ്ടാൽ പന്ത് ഉപേക്ഷിച്ച് അയാളെ ശുശ്രൂഷിക്കണമെന്നാണ് എന്റെ പിതാവ് പറഞ്ഞിട്ടുള്ളത്. കാരണം നമ്മൾ ഒരു നല്ല ഫുട്ബോൾ താരമാണെങ്കിലും മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിച്ചില്ലെങ്കിൽ അർഥമില്ല. പിതാവ് ഇപ്പോഴും എന്നോട് അതു തന്നെയാണ് പറയാറ്. ചിലപ്പോൾ അതു ബുദ്ധിമുട്ടായിരിക്കാം. പക്ഷേ ഫുട്ബോൾ താരങ്ങളെന്നതിനേക്കാൾ നമ്മൾ മനുഷ്യരാണ്. ഗ്രൗണ്ടിന് അകത്തും പുറത്തും പരസ്പരം ബഹുമാനിക്കണം’ – 2019 ല്‍ ഗാർഡിയന് നൽകിയ അഭിമുഖത്തില്‍ സണ്ണിന്റെ വാക്കുകളാണിത്. പിതാവിന്റെ ഉപദേശം അതേപടി ഈ മകൻ നടപ്പാക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ കളി കാണുന്നവർക്ക് നന്നായറിയാം.

∙ പോച്ചെറ്റിനോയ്ക്ക് പ്രിയങ്കരൻ, മൗറീഞ്ഞോയ്ക്കും

മൗറിഷ്യോ പോച്ചെറ്റിനോ ടോട്ടനം പരിശീലകനായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട താരമായിരുന്നു സൺ. പോച്ചെറ്റിനോയെ പുറത്താക്കിയപ്പോൾ താരത്തിന് അവസരങ്ങൾ കുറഞ്ഞേക്കാമെന്നു ഭയന്ന ആരാധകരുണ്ടായിരുന്നു. എന്നാൽ നടന്നതു മറ്റൊന്നാണ്. മുഴുവൻ സമയവും ക്ഷീണമില്ലാതെ കളിക്കുന്ന താരം തുടക്കം മുതൽതന്നെ മൗറീഞ്ഞോയുടെ ഗുഡ്ബുക്കിൽ ഇടം നേടി. അവസാന നിമിഷം വരെ ഗോൾ നേടുകയെന്ന ലക്ഷ്യവും അതിനൊത്ത കരുത്തുമുള്ള സൺ മൗറീഞ്ഞ്യോയ്ക്ക് പ്രിയങ്കരനാകാതെ പോകുന്നതെങ്ങനെ?.

പോച്ചെറ്റിനോയേക്കാളും മൗറീഞ്ഞോയുടെ കീഴിലാണ് സൺ–കെയ്ൻ കോമ്പോ വിജയം കണ്ടതും. ഇപ്പോഴും ഇരുവരും ഗോളടിച്ചുകൂട്ടുകയാണ്. തുടർച്ചയായ അഞ്ചാമത്തെ സീസണിലും ഗോൾ നേട്ടത്തിൽ രണ്ടക്കം കടന്ന് (16 മത്സരങ്ങളിൽനിന്ന് 12 ഗോൾ) സൺ മുന്നേറുന്നു. താരത്തെക്കുറിച്ചു പരിശീലകന്റെ വാക്കുകൾ ഇങ്ങനെ:

son-heung-min-1
സൺ ഹ്യൂങ് മിൻ (ടോട്ടനം ഹോട്‍സ്‌പർ ട്വീറ്റ് ചെയ്ത ചിത്രം)

‘ഓരോ സീസണ്‍ പിന്നിടുമ്പോഴും എത്ര മികച്ച താരമാണെന്ന് തെളിയിക്കുകയാണ് അദ്ദേഹം. ബ്രസീലിലായിരുന്നെങ്കിൽ അദ്ദേഹമിന്ന് ഒരു സൂപ്പർ സ്റ്റാർ ആകുമായിരുന്നു. പക്ഷേ ബ്രസീലുകാരനെങ്കിൽ അദ്ദേഹം ടോട്ടനത്തിൽ കളിക്കില്ലായിരുന്നു’. 1961നു ശേഷം ടോട്ടനത്തിന് അഭ്യന്തര ലീഗിൽ വിജയിക്കാൻ സാധിച്ചിട്ടില്ല. മൗറീഞ്ഞോയുടെ കീഴിൽ കെയ്നും സണ്ണും ചേർന്ന് കപ്പിലെ ‘ദാരിദ്ര്യം’ മാറ്റുമെന്നാണു ടോട്ടനം ആരാധകരുടെ പ്രതീക്ഷ.

∙ ദക്ഷിണകൊറിയയുടെ സൂപ്പർ സ്റ്റാർ

മൗറീഞ്ഞോ പറഞ്ഞതുപോലെ, ബ്രസീലിയൻ സൂപ്പർ സ്റ്റാർ ആകാൻ സാധിച്ചില്ലെങ്കിലും സണ്‍ ദക്ഷിണകൊറിയക്കാരുടെ സൂപ്പർസ്റ്റാറാണ്. ലോകപ്രശസ്തമായ കൊറിയൻ സിനിമാ വ്യവസായത്തിലെ താരങ്ങളെക്കാളും ജനപ്രീതിയുണ്ട് ഈ 28 വയസ്സുകാരൻ ഫുട്ബോളർക്ക്. തുടർച്ചയായി നാലാം തവണയാണ് ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്ബോളർക്കുള്ള പുരസ്കാരം സൺ സ്വന്തമാക്കിയത്. കൊറിയയിൽ സൺ പരസ്യമോഡലായി പ്രത്യക്ഷപ്പെടുന്ന വസ്തുക്കൾക്കൊക്കെ വൻ ഡിമാൻഡാണ്.

son-heung-min-4
സൺ ഹ്യൂങ് മിൻ (ടോട്ടനം ഹോട്‍സ്‌പർ ട്വീറ്റ് ചെയ്ത ചിത്രം)

ടോട്ടനത്തിന്റെ പരിശീലന മൈതാനമായ എൻഫീൽഡിന് പുറത്ത് ടീമിന്റെ പരിശീലന സമയങ്ങളിൽ ഏഴാം നമ്പർ ജഴ്സിയും ധരിച്ച് ‘കൊറിയൻ’ ആരാധകർ ഓട്ടോഗ്രാഫിനായി കാത്തുനില്‍ക്കാറുണ്ടത്രേ. ഇവരെ ആരെയും നിരാശപ്പെടുത്താതെ സൺ സ്ഥിരമായി ഓട്ടോഗ്രാഫ് നൽകും, കുശലം പറയും. എന്നാൽ കൊറിയക്കാർക്കും തനിക്കും ഏറ്റവും ഇഷ്ടം ബിടിഎസ് ബോയ്സ് മ്യൂസിക് ഗ്രൂപ്പിനോടാണെന്നാണ് സൺ അടുത്തിടെ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞത്.

∙ ടോട്ടനം വിടുമോ? ലക്ഷ്യം റയൽ?

ടോട്ടനം ആരാധകരുടെ ചങ്ക് തകർക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം സ്പെയിനിൽനിന്ന് പുറത്തുവന്നത്. സണ്ണിനെ റാഞ്ചാൻ സ്പാനിഷ് വമ്പന്‍മാരായ റയൽ മഡ്രിഡും പരിശീലകൻ സിദാനും ശ്രമിക്കുന്നുണ്ടത്രേ. 2023 വരെ കരാറുള്ള താരവുമായി പുതിയ കരാറുണ്ടാക്കാൻ ടോട്ടനവും ശ്രമം തുടരുകയാണ്. താരം ഇംഗ്ലിഷ് ടീമിൽ തുടരുമെന്ന് പരിശീലകൻ മൗറീഞ്ഞോ തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അഭ്യൂഹങ്ങൾക്ക് ഒട്ടും കുറവില്ല. റയൽ പരിശീലകൻ സിദാൻ സണ്ണിനെ ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്നെന്നാണ് ഒരു സ്പാനിഷ് മാധ്യമം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. സിദാൻ ഇക്കാര്യം മാനേജ്മെന്റിനെയും അറിയിച്ചിട്ടുണ്ടെങ്കിലും കാര്യമായ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നാണു വിവരം.

താരത്തിന് ഇനിയും മൂന്ന് വർഷത്തെ കരാറുള്ളതിനാൽ ഇക്കാര്യത്തില്‍ ഭയപ്പെടാനില്ലെന്ന് മൗറീഞ്ഞോ പ്രതികരിച്ചു. ‘സണ്ണിന് ഇവിടെ തുടരാനാണ് താൽപര്യം. കരിയറിലെ ഇനിയുള്ള കാലവും സൺ ടോട്ടനത്തിനൊപ്പം തുടരുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ ഉടന്‍ തന്നെ തീരുമാനമുണ്ടാകും’ – ടോട്ടനം പരിശീലകൻ വ്യക്തമാക്കി. ഇനി സണ്ണിനെ ടീമിലെത്തിക്കാൻ റയൽ ശ്രമിച്ചാലും വമ്പൻ തുകയായിരിക്കും ഇംഗ്ലിഷ് ക്ലബ് ആവശ്യപ്പെടുക.

English Summary: Son Heung-min has been in red-hot form so far in 2020/21, netting 15 goals in all competitions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com