ADVERTISEMENT

കൊൽക്കത്ത ∙ ഒന്നാം പകുതിയിൽ കിട്ടിയതല്ലാം ഗോകുലം 2–ാം പകുതിയിൽ പലിശ സഹിതം തിരിച്ചു കൊടുത്തു. ഐ ലീഗ് ഫുട്ബോളിൽ പഞ്ചാബ് എഫ്സിക്കെതിരെ 1–3നു പിന്നിലായ ശേഷം 3 ഗോൾ തിരിച്ചടിച്ച ഗോകുലം കേരള എഫ്സിക്ക് സീസണിൽ ആദ്യജയം (4–3). ഗോകുലത്തിനായി ഘാനക്കാരായ ഡെന്നിസ് അഗ്യാരെ 2 ഗോളുകളും ഫിലിപ് അഡ്ജ ഒരു ഗോളും നേടി. ഒരെണ്ണം പ‍ഞ്ചാബ് താരത്തിന്റെ സെൽഫ് ഗോളായിരുന്നു. 20ന് ഐസോൾ എഫ്സിയുമായിട്ടാണു ഗോകുലത്തിന്റെ അടുത്ത മത്സരം.

സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ തുടക്കം മുതൽ ഗോകുലം ആധിപത്യം പുലർത്തിയെങ്കിലും പഞ്ചാബാണ് ആദ്യം മുന്നിലെത്തിയത്. 17–ാം മിനിറ്റിൽ ചെഞ്ചോ ഗോൾ നേടി. 25–ാം മിനിറ്റിലെ അതിവേഗ പ്രത്യാക്രമണത്തിലൂടെ പഞ്ചാബ് 2–ാം ഗോളും നേടി. തൊട്ടടുത്ത മിനിറ്റിൽ ഗോകുലം താരം ഫിലിപ് അഡ്ജ ബോക്സിനുള്ളിൽനിന്നു പായിച്ച കരുത്തുറ്റ ഷോട്ട് വലയിൽ കയറിയതോടെ സ്കോർ 2–1. എന്നാൽ, ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് പഞ്ചാബ് വീണ്ടും ലക്ഷ്യം കണ്ടു. സ്കോർ 3–1.

2–ാം പകുതിയുടെ തുടക്കത്തിൽ ഗോകുലത്തിനു ലഭിച്ച പെനൽറ്റി അഗ്യാരെയ്ക്കു ലക്ഷ്യത്തിലെത്തിക്കാനായില്ല. എന്നാൽ, 69–ാം മിനിറ്റിൽ ഹെഡർ ഗോളിലൂടെ അഗ്യാരെ പ്രായശ്ചിത്തം ചെയ്തു. 72–ാം മിനിറ്റിലും അഗ്യാരെ വീണ്ടും ലക്ഷ്യം കണ്ടതോടെ സ്കോർ 3–3. 75–ാം മിനിറ്റിൽ ഫിലിപ് അഡ്ജയുടെ ക്രോസ് പഞ്ചാബ് താരം അൻവർ അലിയുടെ തലയിൽ തട്ടി വലയിലെത്തിയതോടെ ഗോകുലത്തിന് ത്രസിപ്പിക്കുന്ന ജയം (4–3). 2 കളികളിൽ 3 പോയിന്റുമായി ഗോകുലം 4–ാം സ്ഥാനത്തേക്കു കയറി. 

English Summary: Gokulam beat Punjab FC (4-3)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com