sections
MORE

കോച്ചുമാരെ പുറത്താക്കി നോർത്ത് ഈസ്റ്റും ബെംഗളൂരുവും; ഇളകുന്ന കസേരകള്‍

quadrat-nus
കാര്‍ലെസ് ക്വാദ്രാത്ത്, ജെറാര്‍ദ് നുസ്
SHARE

ഐഎസ്എല്‍ ഏഴാം സീസണ്‍ പകുതി ദൂരം പിന്നിടുമ്പോള്‍ അസംതൃപ്തമായ ഡ്രസ്സിങ് റൂമുകളില്‍ നിന്ന് ചില കസേരകള്‍ ഇളകിത്തുടങ്ങിയിരിക്കുന്നു. എതിരാളികള്‍ക്ക് ഇതേവരെ എത്തി നോക്കാന്‍ പോലും കഴിയാതിരുന്ന ബെംഗളുരു എഫ്സി പോലുള്ള രാവണന്‍കോട്ടകള്‍ക്കുള്ളില്‍ വരെ പൊട്ടിത്തെറിയുടെ കാലമാണ്.

മൂന്നു തുടര്‍ തോല്‍വികള്‍ക്കു പിന്നാലെയാണ് ബെംഗളുരു മുഖ്യ പരിശീലകന്‍ കാര്‍ലെസ് ക്വാദ്രാത്തിന്റെ കസേര തെറിച്ചത്. തുടര്‍ന്നെത്തിയ താല്‍ക്കാലിക ചുമതലക്കാരന്‍ നൗഷാദ് മൂസയുടെയും തുടക്കം തോല്‍വിയോടെയായിരുന്നു. ബെംഗളുരു എഫ്സിയില്‍ കാര്‍ലെസിന്റെ നാലു വര്‍ഷങ്ങള്‍ നീണ്ട സേവനമാണ് മാനേജ്‌മെന്റ് അവസാനിപ്പിച്ചത്. ഏഴാം സീസണില്‍ ടീമിന്റെ നിറം മങ്ങിയ പ്രകടനത്തില്‍ മാനേജ്‌മെന്റ് സന്തുഷ്ടരല്ലെന്ന തുറന്നു പറച്ചിലായിരുന്നു ഈ പുറത്താകല്‍. ഒരു പക്ഷേ , ഈയൊരു തീരുമാനം കോച്ചും പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നുന്നു. മുംബൈ സിറ്റിക്കെതിരെ പരാജയപ്പെട്ട ശേഷം നടത്തിയ പോസ്റ്റ് മാച്ച് പത്രസമ്മേളനത്തില്‍ കാര്‍ലെസിന്റെ ചില പരാമര്‍ശങ്ങള്‍ ടീം മാനേജ്‌മെന്റുമായി അദ്ദേഹം അത്ര നല്ല രസത്തിലല്ല എന്ന സൂചനകള്‍ നേരത്തേ തന്നെ നല്‍കിയിരുന്നു.

കഴിഞ്ഞ സീസണുകളില്‍ ടീമിന്റെ പ്രതിരോധ നിരയിലെ വിശ്വസ്തരായിരുന്ന ആല്‍ബര്‍ട്ട് സെറാനെയും നിഷുകുമാറിനെയും തന്റെ സമ്മതത്തോടെയല്ല ബെംഗളുരു മാനേജ്‌മെന്റ് വിട്ടു കളഞ്ഞത് എന്ന കോച്ചിന്റെ തുറന്നുപറച്ചില്‍ വരാനിരിക്കുന്ന പൊട്ടിത്തെറികളിലേക്കുള്ള ചൂണ്ടുവിരലായിരുന്നു. അതിന്റെ പരിണാമമായിരുന്നു ഒരാഴ്ചയ്ക്കു ശേഷം ബിഎഫ്സി മാനേജ്‌മെന്റ് ഇറക്കിയ പത്രക്കുറിപ്പ്.  ' ടീമിന് പുതിയ ദിശാബോധം നല്‍കേണ്ടിയിരിക്കുന്നു ' എന്നതാണ് കോച്ചിനെ പുറത്താക്കുന്നതിനുള്ള കാരണമായി അവര്‍ പറഞ്ഞത്. ബെംഗളുരുവിന്റെ ഡ്രസ്സിങ് റൂമിലെ അസംതൃപ്ത മനസ്സുകള്‍ ഇതുകൊണ്ടു മാത്രം ശാന്തമാകുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. എന്തെന്നാല്‍ യുവ മിഡ്ഫീല്‍ഡര്‍ സുരേഷ് വാംഗ്ജാം ഒഴികെ മറ്റാരും നിലവാരത്തിനു മുകളിലേക്ക് ഇപ്പോഴും ഉയര്‍ന്നിട്ടില്ല. ഏറെ പ്രതീക്ഷകളോടെ കൊണ്ടുവന്ന ക്രിസ്ത്യന്‍ ഓപ്‌സെത്തും ദേഷോണ്‍ ബ്രൗണും നിരാശപ്പെടുത്തുന്നു. മുന്നേറ്റ നിരയില്‍ പറ്റിയ കൂട്ടാളികളെ കിട്ടാത്ത സുനില്‍ ഛേത്രിയുടെ ശരീരഭാഷയിലും ഈ നിരാശ പ്രതിഫലിക്കുന്നുണ്ട്.

ഏഴു മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയമില്ലാതെ പോയതു മാത്രമല്ല , ഡ്രസ്സിങ് റൂമിലും പുറത്തും അതിരുവിട്ട ചില പെരുമാറ്റങ്ങളും കാരണമാണ് നോര്‍ത്ത് ഈസ്റ്റ് മുഖ്യ പരിശീലകന്‍ ജെറാര്‍ദ് നുസിന്റെ കസേരയിളക്കിയത്. മുപ്പത്തഞ്ചുകാരനായ ഏറ്റവും പ്രായം കുറഞ്ഞ ഐഎസ്എല്‍ പരിശീലകന്‍ എന്ന നിലയ്ക്ക് ശ്രദ്ധ നേടിയ നുസിന്റെ ചില പ്രവര്‍ത്തികള്‍ നേരത്തേ തന്നെ വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. ഏറ്റവുമൊടുവില്‍ നോര്‍ത്ത് ഈസ്റ്റ് ബെംഗളുരുവിനെതിരെ കളിച്ച അവസാനമത്സരത്തില്‍ അദ്ദേഹത്തിന് സൈഡ് ബെഞ്ചിലിരിക്കാനും സാധിച്ചില്ല. ഇരട്ട മഞ്ഞക്കാര്‍ഡിന്റെ സസ്‌പെന്‍ഷന്‍ ആയിരുന്നു കാരണം. പ്രായക്കുറവിന്റെ ചോരത്തിളപ്പ് അദ്ദേഹത്തിനു വിനയായി എന്നു പറയട്ടെ. പക്വതാപൂര്‍ണമായ ഒരു പെരുമാറ്റശൈലി കൂടി സ്വന്തമായി ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ഐഎസ്എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കോച്ചെന്ന ബഹുമതി നേടേണ്ടിയിരുന്ന ആള്‍ക്കാണ് പകുതി വഴി പെട്ടിയെടുത്തു മടങ്ങേണ്ടി വന്നത്.

കഴിഞ്ഞ സീസണില്‍ ക്രൊയേഷ്യന്‍ കോച്ച് റോബര്‍ട്ട് ജാര്‍ണിക്കു കിട്ടിയ പരിഗണന പോലും ഇക്കുറി ജെറാര്‍ദിനു നല്‍കാന്‍ നോര്‍ത്ത് ഈസ്റ്റ് മാനേജ്‌മെന്റ് തയാറായില്ല എന്നതും ശ്രദ്ധേയം. ജാര്‍ണിയെ ഹെഡ് കോച്ച് കസേരയില്‍ നിന്ന് ഇറക്കിവിടുമ്പോള്‍ നോര്‍ത്ത് ഈസ്റ്റ് കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങള്‍ കളിച്ചു കഴിഞ്ഞിരുന്നു. ഇത്തവണ 11 മത്സരം കഴിഞ്ഞപ്പോഴേക്കും നടപടി വന്നു. രണ്ടു വട്ടവും പകരക്കാരന്റെ ചുമതല ഖാലിദ് ജമീലിനാണ്.

ജെറാര്‍ദ് നുസ് മടങ്ങിയെങ്കിലും നോര്‍ത്ത് ഈസ്റ്റിൽ അദ്ദേഹം കൊണ്ടുവന്ന ചില നല്ല പ്രവണതകള്‍ തുടര്‍ന്നും അംഗീകരിക്കപ്പെടേണ്ടതു തന്നെ. 19-20 പ്രായവിഭാഗത്തിലുള്ള അപ്പുയ്യ, നിംതോയ്, റോച്ചര്‍സെല, ഗുര്‍മീത് തുടങ്ങിയ കളിക്കാരെയെല്ലാം ടീമിന്റെ സ്ഥിരം പ്ലെയിങ് ഇലവനിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത് നുസിന്റെ വേറിട്ട കാഴ്ചപ്പാടാണ്. ഇരുപതുകാരനായ അപ്പുയ്യക്ക് ക്യാപ്ടന്‍സി ആം ബാന്‍ഡ് നല്‍കാനുള്ള ധീരമായ തീരുമാനവും അദ്ദേഹത്തിന്റെതായിരുന്നു. എന്നാല്‍ അവസാനമാച്ചില്‍ ബെംഗളുരുവിനെതിരെ ഗുര്‍മീത് വരുത്തിയ വലിയ പിഴവിന്റെ ഉത്തരവാദിത്തവും കോച്ചിന് ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. കെസി ആപ്പിയ, ഇദ്രിസ സില്ല , മഷാഡോ , ഫെഡറിക്കോ ഗായേഗോ എന്നീ വിദേശ താരങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയതും ജെറാര്‍ദ് നുസിന്റെ ആസൂത്രണങ്ങള്‍ക്ക് പലപ്പോഴും തിരിച്ചടിയായി.

ഇളകുന്ന കസേരകളെക്കുറിച്ച് ചര്‍ച്ച ചെയ്യും പോലെയാണ് ഇളകാത്ത കസേരകളെക്കുറിച്ച് പറയേണ്ടതും. കൊല്‍ക്കത്ത ഈസ്റ്റ് ബംഗാള്‍ ഉദാഹരണം. ആദ്യത്തെ ഏഴു മത്സരങ്ങളില്‍ ഒന്നു പോലും ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല അവര്‍ക്ക്. ആദ്യ നാലുമാച്ചില്‍ ഒരു ഗോള്‍ പോലും അടിക്കാന്‍ സാധിച്ചിരുന്നില്ല. റോബി ഫൗളര്‍ എന്ന ഹൈലി പെയ്ഡ് കോച്ച് ഈസ്റ്റ് ബംഗാളിന് അധിക ബാധ്യതയാകുമോ എന്നു തോന്നിപ്പിച്ച സമയം. മാത്രമവുമല്ല, ടീം മാനേജ്‌മെന്റിനും കളിക്കാര്‍ക്കുമെതിരെ ഓപ്പണ്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകവരെ അദ്ദേഹം ചെയ്തു. 

നിലവിലെ ഈസ്റ്റ്ബംഗാള്‍ ടീം ഐ ലീഗ് കളിക്കാന്‍ വേണ്ടി മാത്രം രൂപപ്പെടുത്തിയതാണെന്നായിരുന്നു സ്വന്തം ടീമിനെക്കുറിച്ച് ഫൗളറുടെ കമന്റ്. പക്ഷേ , ഫൗളറുടെ വ്യക്തിപ്രഭാവമാവാം അദ്ദേഹത്തിനെതിരെ ഒരു ചെറുവിരല്‍ പോലും എവിടെ നിന്നും അനങ്ങിയില്ല. മാത്രവുമല്ല ബ്രൈറ്റും ആരോണും പോലുള്ള താരങ്ങളെ പിന്നാലെയെത്തിച്ച് ടീമിന്റെ ശക്തി കൂട്ടുകയും ചെയ്തു അവര്‍. കടുത്ത പ്രതിസന്ധികളിലും ടീം മാനേജ്‌മെന്റ് ഹെഡ് കോച്ചിന്റെ ഒപ്പം ഉറച്ചുനില്‍ക്കുന്ന കാഴ്ചയാണ് നമുക്ക് ഈസ്റ്റ്ബംഗാളില്‍ കാണാനായത്. അതിന്റെ റിസള്‍ട്ട് അവര്‍ക്ക് കിട്ടിയെന്നു വേണവും കരുതാന്‍. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ അണ്‍ബീറ്റണാണ് എസ്‍സി ഈസ്റ്റ്ബംഗാള്‍.

English Summary: ISL, Commentary Box Column by Shaiju Damodaran

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA