sections
MORE

സംഗീതത്തിലും ‘കൈവച്ച്’ ഫിഫ; ഫുട്ബോളുമായി സമന്വയിപ്പിച്ച് പുതിയ പരീക്ഷണം

play-on-fifa
ഫിഫ പങ്കുവച്ച ചിത്രം
SHARE

കളി നടത്തിപ്പു മാത്രമല്ല, സംഗീതവും വഴങ്ങുമെന്നു തെളിയിക്കുകയാണു രാജ്യാന്തര ഫുട്ബോൾ സംഘടന ‘ഫിഫ’. ലോകമെങ്ങുമുള്ള കളിയാരാധകർക്കായി ‘മ്യൂസിക് സ്ട്രാറ്റജി’ ആവിഷ്കരിച്ചു രംഗത്തിറങ്ങിക്കഴിഞ്ഞു ഫിഫ.

കാൽപന്തുകളിയും സംഗീതവും സമന്വയിപ്പിച്ചാണ് പുതിയ പരീക്ഷണം. പോഡ്കാസ്റ്റുകളിൽ ലോകത്തെ മുൻനിര ഫുട്ബോൾ താരങ്ങളും സംഗീതജ്ഞരും ഒരുമിക്കുന്നു. ഒരുമിപ്പിക്കുന്നത് യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ്. ബോയ് ബാൻഡ് ‘വൺ ഡയറക്‌ഷൻ’ വഴി പ്രശസ്തിയിലേക്കു കുതിച്ചുയർന്ന ഇംഗ്ലീഷ് ഗായകൻ ലിയം പെയ്നാണു പോഡ്കാസ്റ്റ് പരമ്പരയുടെ ഹോസ്റ്റ്. കൂട്ടിന് ജേയ്ഡീ ഡയറുമുണ്ട്. കളിയെഴുത്തുകാരനും ടിവി, റേഡിയോ അവതാരകനുമാണു ജേയ്ഡീ.

‘ഫിഫ പ്ലേഓൺ’ പന്തുകളി–പാട്ട്–വർത്തമാനം പോഡ്കാസ്റ്റ് പരമ്പരയിലെ ആദ്യത്തേതിൽ ഫുട്ബോളും സംഗീതവുമായി സമന്വയിച്ചത്: ഇവാൻ റാകിടിച്–മൊറാറ്റ്. കാർലി ലോയ്ഡ്–റേച്ചൽ പ്ലാറ്റൻ. അസിസറ്റ് ഒഷോല–ടിവ സാവേജ്.

ക്രൊയേഷ്യയുടെ റാകിടിച്ചിനെ കളിപ്രേമികൾക്കു പരിചയപ്പെടുത്തേണ്ടതില്ല. കൊളംബിയൻ ബാൻഡാണു മൊറാറ്റ്. പോപ് സംഗീതത്തിലാണവരുടെ മുദ്ര. ബാൻഡിലെ എല്ലാവരും കടുത്ത ഫുട്ബോൾ ആരാധകരുമാണ്. എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുമെന്നതിലും ഇന്ത്യയിലെ ഫുട്ബോൾ–സംഗീത ആരാധകർക്കും സന്തോഷിക്കാം. ആദ്യ പോഡ്കാസ്റ്റിലെ 6 ഇഷ്ടഗാനങ്ങൾ എങ്ങനെ തിരഞ്ഞെടുത്തു എന്നു ചോദിച്ചപ്പോൾ റാകിടിച്ചിന്റെ ഉത്തരം: ‘‘ഞാനെന്റെ ഭാര്യയുടെ സഹായം തേടി...’’

മറ്റുള്ളവരെയും പരിചയപ്പെടാം: കാർലി ലോയ്ഡ് (38) യുഎസ് വനിതാ ഫുട്ബോളിലെ താരം. കൂട്ടിനു പോഡ്കാസ്റ്റിനെത്തിയത് യുഎസ്സിൽനിന്നുതന്നെയുള്ള പാട്ടുകാരിയും ഗാനരചയിതാവുമെല്ലാമായ റേച്ചൽ (39). ആദ്യപോഡ്കാസ്റ്റിൽ വന്ന മറ്റൊരാൾ അസിസറ്റ് (26) നൈജീരിയൻ വനിതാ ഫുട്ബോളിന്റെ ഗോൾവേട്ടക്കാരി. അതേനാട്ടിലെ ലാവോസിൽനിന്നുള്ള ഗായിക, പാട്ടെഴുത്തുകാരി, നടി എല്ലാമാണ് ടിവ സാവേജ് (40). തന്നേക്കാൾ 10 വയസ്സിനിളപ്പമുള്ള ‘വിസ്കിഡ്’ എന്നറിയപ്പെടുന്ന നൈജീരിയൻ ഗായകന്റെ ഗേൾഫ്രണ്ട് എന്ന നിലയ്ക്കും വാർത്തകളിൽ നിറഞ്ഞിരുന്നു ടിവ. 8 പോഡ്കാസ്റ്റ് ഉൾപ്പെടുന്ന പരമ്പരയിൽ കളിയുടെയും പാട്ടിന്റെയും മേഖലകളിൽനിന്ന് 32 പ്രഗൽഭർകൂടി ചേരുമെന്ന വൻ പ്രലോഭനമാണു ഫിഫ മുന്നോട്ടുവയ്ക്കുന്നത്.

പന്തുകളിക്കാരിൽ പലരും സംഗീതത്തിൽ താൽപര്യമുള്ളവരാണെന്ന് ആരാധകർക്ക് അറിയാം. എന്നാൽ ഫിഫ പ്ലേഓൺ പരിപാടിയിൽ അവരുടെ റോൾ എന്താണ്? മറ്റൊന്നുമല്ല, സംഗീതത്തിന്റെ ലോകത്തുള്ളവരോട് അവരുടെ കലാജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഓർമിച്ചെടുക്കാനും പങ്കുവയ്ക്കാനും പ്രേരിപ്പിക്കുക. പിന്നെ, കളിക്കാരിൽ ഒരോരുത്തരും തങ്ങളുടെ ഇഷ്ടഗാനങ്ങൾ കേൾപ്പിക്കുകയും സ്വന്തം വിശേഷങ്ങൾ പറയുകയും ചെയ്യും.

കാൽപന്തുകളിയിൽ നൃത്തമുണ്ട്. അതിൽ മറഞ്ഞിരിക്കുന്നു സംഗീതം എന്നാണു സങ്കൽപം. ഫിഫ മത്സരങ്ങളുടെ കിക്കോഫിനു മുൻപു സ്റ്റേഡിയങ്ങളിൽ നിറയാറുള്ള ഫിഫ ഔദ്യോഗികഗാനം മറക്കാനാവുമോ? റഷ്യ 2018 ലോകകപ്പിൽ പുതിയൊരു ഗാനം അവതരിപ്പിച്ചപ്പോൾ അതും നെഞ്ചിലേറ്റി ഫുട്ബോൾ പ്രേമികൾ. പന്തുകളിലും പാട്ടിനും ഭാഷയില്ലെന്നു തെളിഞ്ഞു. അതിലൂടെ ഫുട്ബോളുമായി അടുപ്പമില്ലാത്തവരെക്കൂടി പിടിച്ചെടുക്കാനുള്ള ശ്രമമാണു ഫിഫയുടേത്.

ആപ്പിൾ, ഗൂഗിൾ പോഡ്കാസ്റ്റുകളിലും ആമസോൺ മ്യൂസിക്കിലും സ്പോട്ടിഫൈയിലും ‘ഫിഫ പ്ലേഓൺ’ കേൾക്കാം. കൂടുതൽ വിവരങ്ങൾക്ക്: FIFA.com

English Summary: FIFA introduces music strategy including new podcast series

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA