sections
MORE

ഞാൻ സൈബർ ആക്രമണത്തിന്റെ ഇര; പിൻവാങ്ങില്ല, മറുപടി കളത്തിൽ: കെ.പ്രശാന്ത്

prasanth-practice
പ്രശാന്ത് മോഹൻ പരിശീലനത്തിനിടെ
SHARE

കെ.പ്രശാന്ത് എന്ന മലയാളി താരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ കരാർ 2023 വരെ നീട്ടിനൽകിയത് കഴിഞ്ഞ ദിവസമാണ്. ഈ സീസണിൽ പ്രശാന്തിന്റെ പ്രകടനത്തിൽ ആരാധകർ ശക്തമായ വിമര്‍ശനമുയർത്തുന്നതിനിടെയാണ് താരവുമായി ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കിയത്. പുതിയൊരു ബ്ലാസ്റ്റേഴ്സിനെ കെട്ടിപ്പടുക്കുന്ന മാനേജ്മെന്റിന്റെ വരും വർഷങ്ങളിലെ ഗെയിം പ്ലാനുകളിലും ഈ കോഴിക്കോട്ടുകാരൻ താരവുമുണ്ടെന്ന് ഉറപ്പുനൽകുന്നതാണ് ഈ നീക്കം.

പരിശീലന സമയത്തും മത്സരങ്ങളിലും തന്റെ 100 ശതമാനം ടീമിനായി നൽകുന്ന താരമാണ് പ്രശാന്ത്. സ്വന്തം ടീമും എതിരാളികളും ക്ഷീണിക്കുമ്പോഴും ബോക്സ് ടു ബോക്സ് ഓടിക്കളിക്കുന്ന താരം. കരാർ പുതുക്കിയതിനു പിന്നാലെ പ്രശാന്ത് മനോരമ ഓൺലൈനുമായി സംസാരിക്കുകയാണ്. വിമർശനങ്ങൾ, ട്രോളുകൾ എന്നിവയെ നല്ല രീതിയിൽ ഉൾക്കൊള്ളുന്നതോടൊപ്പം ഇനിയും ഏറെ ലക്ഷ്യങ്ങൾ മുന്നിലുണ്ടെന്നാണ് പ്രശാന്തിന്റെ വാക്കുകൾ.

∙ ബ്ലാസ്റ്റേഴ്സുമായി താങ്കൾ കരാർ നീട്ടിയിരിക്കുകയാണല്ലോ. കരിയറിലെ ഭാവി പരിപാടികൾ എന്തൊക്കെയാണ്?

കേരള ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം. ഞാൻ എപ്പോഴും പറയുന്ന പോലെ ഈ ക്ലബ് എനിക്ക് സ്വന്തം കുടുംബം പോലെയാണ്. അതുകൊണ്ടു തന്നെ ആ കുടുംബത്തിന്റെ കൂടെ കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുന്നതിൽ വളരെ സന്തോഷം. ബ്ലാസ്റ്റേഴ്സ്ന്റെ ഉടമകൾക്കും മാനേജ്മെന്റിനും മറ്റ് അധികൃതർക്കും ഈ അവസരത്തിൽ നന്ദി പറയുന്നു. ഈ ക്ലബ്ബിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട (നേരിട്ട് കൊണ്ടിരിക്കുന്ന) ഒരു വ്യക്തിയാണു ഞാൻ. എന്നിട്ടും ക്ലബ് എനിക്ക് കരാർ പുതുക്കി തരണമെങ്കിൽ അതിനൊരു കാരണം ഉണ്ടാവാം. ആ കാരണം തെളിയിക്കുന്നതിനാണ് ഞാൻ ആദ്യപരിഗണന കൊടുക്കുന്നത്. എന്നാൽ കഴിയുന്ന വിധം ടീമിനെ പരമാവധി സഹായിക്കാൻ ഈ രണ്ടു വര്‍ഷം ഞാൻ ഉപയോഗിക്കും.

∙ ഏറെ പ്രതീക്ഷയോടെ തുടക്കമിട്ട ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം അത്ര നല്ലതല്ല. എന്താണ് സംഭവിച്ചത്?

ഐഎസ്എൽ അല്ലെങ്കിൽ ഏതു ടൂർണമെന്റ് കളിക്കുന്ന ടീമുകൾ ആയാലും വിജയം ആഗ്രഹിച്ചാണ് മത്സരിക്കാൻ ഇറങ്ങുന്നത്. ഞങ്ങൾക്കും അത്തരം പ്രതീക്ഷകളും പ്ലാനുകളും ഉണ്ട്. ആത്യന്തികമായി ഇത് ഒരു മത്സരമാണ്. അതിൽ ചിലപ്പോൾ വിജയിക്കും, ചിലപ്പോൾ തോറ്റുപോകും. ഏതൊരു മത്സരവും പോലെ ഫുട്ബോളിലും പരാജയത്തെയും സ്വീകരിച്ചേ തീരൂ. ആരെങ്കിലും കളി തോൽക്കട്ടെ എന്നു കരുതി ഗ്രൗണ്ടിൽ ഇറങ്ങുമോ? ജയിക്കാൻ വേണ്ടിത്തന്നെയാണ് ഇറങ്ങാറ്. എതിർ ടീമും അതു പോലെ തന്നെ ആണ്. തെറ്റുകൾ തിരുത്തി മുന്നോട്ടു നീങ്ങുക എന്നതാണ് ഇതിനു പരിഹാരം. മറ്റു സീസണുകളിൽ നിന്നും വ്യത്യസ്തമായാണ് ഈ പ്രീ സീസൺ പോലും നടന്നത്. സീസൺ തുടങ്ങിയ ശേഷവും പരുക്കുകൾ ടീമിനെ അലട്ടുന്നുണ്ട്. അതും ബ്ലാസ്റ്റേഴ്സിന്റെ കളിയെ ബാധിച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്നു.

prasanth-contract
ബ്ലാസ്റ്റേഴ്സിനായി പുതിയ കരാർ ഒപ്പിടുന്ന പ്രശാന്ത് മോഹൻ

∙ ഈ സീസണിന്റെ രണ്ടാം പകുതിയിൽ പുതിയൊരു ബ്ലാസ്റ്റേഴ്സിനെ പ്രതീക്ഷിക്കാമോ? ടീം മെച്ചപ്പെടുത്താൻ ഉദ്ദേശിക്കുന്ന മേഖലകൾ ഏതാണ്?

ജംഷഡ്‌പുരിന് എതിരെ ഒരുപാട്‌ ചാൻസുകൾ സൃഷ്ടിക്കാൻ സാധിച്ചു, അത്തരം മികച്ച പ്രകടനങ്ങൾ ഇനിയും തുടരാൻ കഴിയുമെന്നാണു പ്രതീക്ഷ.

∙ കെട്ടുറപ്പില്ലാത്ത ടീമാണ് ബ്ലാസ്റ്റേഴ്സ് എന്നാണ് പ്രധാന വിമർശനം. എന്തു പറയുന്നു?

വിമർശനങ്ങളെ കളിയിലൂടെ നേരിടാൻ സാധിക്കും എന്നാണ് ഈ ടീമിന്റെ മൊത്തം വിശ്വാസം.

∙ മികച്ച റെക്കോർഡുള്ള കരോളിസ് സ്കിൻകിസും കോച്ച് കിബു വിക്കൂനയും ടീമിലെത്തിയിട്ടും ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മെച്ചപ്പെട്ടില്ല. നല്ല ഫലങ്ങൾക്കായി ഇനിയും കാത്തിരിക്കണോ?

ടീമിനായി ഒരുപാട് ജോലി ചെയുന്ന രണ്ടു പേരാണ് പരിശീലകനും സ്പോർട്ടിങ് ഡയറക്ടറും. അവരുടെയും താരങ്ങളുടെയും കഠിനാധ്വാനം ടീമിന് നല്ല ഫലം ഉണ്ടാക്കിത്തരും.

∙ ഐ.എം. വിജയൻ ഉൾപ്പെടെയുള്ളവർ ബ്ലാസ്റ്റേഴ്സിനെ വിമർശിച്ചിരുന്നു. താരങ്ങൾ ഗ്രൗണ്ടിൽ വെറുതേ ഓടുകയാണെന്നും ഹെയർസ്റ്റൈലിലാണ് ശ്രദ്ധയെന്നും അദ്ദേഹം മനോരമയിൽ എഴുതിയ കോളത്തിൽ വിമർശിച്ചിരുന്നു. എങ്ങനെ പ്രതികരിക്കുന്നു?

ഞാൻ വളരെ അധികം ബഹുമാനിക്കുന്ന ആളുകളിൽ ഒരാളാണ് ഐ.എം. വിജയൻ. അദ്ദേഹത്തിന്റെ വിമർശനത്തിന് മറുപടി പറയാൻ ഞാൻ ആളല്ല. അദ്ദേഹവും ഇതുപോലൊരു കാലഘട്ടത്തിലൂടെ അല്ലെങ്കിൽ ഇതേ പ്രോസസ്സിലൂടെ കടന്നു പോയ വ്യക്തിയണല്ലോ. ഒരു താരവും അവരുടെ ഹെയർസ്റ്റൈൽ കാണിക്കാനോ ഓടാൻ വേണ്ടി മാത്രമോ ഗ്രൗണ്ടിൽ ഇറങ്ങുന്നവരല്ല. ഒരാളുടെ ഹെയർസ്റ്റൈൽ, ഡ്രസിങ്, കാർ വാങ്ങുന്നത് എല്ലാം അവരുടെ വ്യക്തിപരമായ കാര്യമാണ്. അത് മറ്റുള്ളവരെ ബാധിക്കുന്നതല്ല. ഈ കാരണങ്ങൾ കൊണ്ടു കളി മോശമാകും എന്നും തോന്നുന്നില്ല. നമ്മുടെ പരിശീലന സമയത്ത് ആയാലും ഓഫ് സീസണിൽ ആയാലും മാക്സിമം മാറ്റങ്ങളുണ്ടാക്കാൻ നമ്മളും ശ്രമിക്കുന്നുണ്ട്‌.

prasanth-signing
ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസും പ്രശാന്ത് മോഹനും

∙ ബ്ലാസ്റ്റേഴ്സ് താരങ്ങളിൽ ഏറ്റവും കൂടുതൽ ട്രോളുകൾ നേരിടേണ്ടിവന്നിട്ടുള്ള താരമാണ് പ്രശാന്ത്. കരാർ പുതുക്കിയശേഷവും ട്രോളുകളുടെ ബഹളമാണ്. ട്രോളൻമാരോട് എങ്ങനെ പ്രതികരിക്കുന്നു?

ട്രോൾ ചെയ്യുന്നവർ ട്രോൾ ചെയ്യട്ടെ. നല്ല ട്രോളുകൾ ആസ്വദിക്കുന്ന ആൾതന്നെയാണു ഞാൻ. കളിക്കുന്നത് എന്റെ ജോലിയാണ്. ഞാൻ കളിച്ചു കൊണ്ടേയിരിക്കും. ചില സമയത്ത് അനാവശ്യമായി ചിലർ വിമർശിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ഒരു മത്സരത്തിൽ ബോൾ നിയന്ത്രിക്കാനാകാതെ പോകുന്നതോ, 90 മിനിറ്റ് ഉള്ള ഒരു മത്സരത്തിൽ ഒരു ബോൾ മിസ്സ്‌ ആകുന്നതോ ആണ് ട്രോളായി മാറുന്നത്. വേറെ താരങ്ങളെ വച്ച് ഒരിക്കലും താരതമ്യം ചെയ്യുന്നില്ല. അവർ അവരുടെ ജോലി ചെയുന്നു, ഞാൻ എന്റെയും.

എത്ര വിമർശനങ്ങളും ഫീഡ്ബാക്കുകളും വന്നാലും ഞാൻ പാതിവഴിയിൽ നിർത്തിപ്പോകില്ല. എനിക്ക് എന്റേതായ ലക്ഷ്യങ്ങളുണ്ട്. വിമർശനങ്ങൾ കേട്ട് പിൻവാങ്ങാനുള്ള കളിയല്ല എനിക്ക് ഫുട്ബോൾ. എനിക്ക് എന്റേതായ കാഴ്ചപ്പാടുകൾ ഉണ്ട്, തീരുമാനങ്ങൾ ഉണ്ട്. എന്റെ കഴിവ് എന്താണെന്ന് ബോധിപ്പിച്ചു കൊടുക്കേണ്ട സമയത്തു ബോധിപ്പിച്ചു കൊടുക്കുന്നതു കൊണ്ടാണു ഞാൻ ടീമിൽ തുടരുന്നത്. എനിക്ക് കരാർ പുതുക്കി നൽകിയതും അതു കൊണ്ടാണെന്നു ഞാൻ വിശ്വസിക്കുന്നു. പിന്നെ, നമുക്ക് ഇഷ്ടമുള്ളത് പോലെ മറ്റുള്ളവർ കമന്റ് ഇടണം എന്നു പറയുന്നതും ആഗ്രഹിക്കുന്നതും ശരിയല്ലല്ലോ. ഇത് എന്റെ മാത്രം അവസ്ഥയല്ല. വേറെ ഏതൊരു മേഖലയിൽ നിന്നായാലും ഇങ്ങനെ മോശം പ്രതികരണങ്ങൾ ആളുകൾ നേരിടേണ്ടി വരുന്നുണ്ട്.

സഹൽ അബ്ദുൽ സമദിനെ ‘ഇന്ത്യൻ ഓസിൽ’ എന്ന് വിശേഷിപ്പിക്കാറുണ്ട്. ടീം തോൽക്കുമ്പോൾ ഈ പേരിനെച്ചൊല്ലി സഹലിനെതിരെയും അവഹേളനങ്ങൾ ഉണ്ടാകുന്നു. സഹതാരമെന്ന നിലയിൽ എന്താണ് പ്രതികരണം?

ഇതിനെ കുറിച്ച് നന്നായി സംസാരിക്കാൻ കഴിയുന്നത് സഹലിനു തന്നെയായിരിക്കും, എന്നാലും ചോദിച്ച സ്ഥിതിക്കു പറയാം. സഹലിനെ ഇന്ത്യൻ ഓസിൽ എന്ന് വിളിക്കാൻ അവൻ ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല. കുറേ പേർ അങ്ങനെ ഒരു പേര് അവന് അവരുടേതായ കാരണങ്ങൾ കൊണ്ട് ഇട്ടുകൊടുത്തു. ഇപ്പോൾ അതേ ആൾക്കാർ തന്നെ അവനെ വിമർശിക്കുന്നു. ഏതൊരു താരത്തിന്റെയും കരിയറിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകും. വിമർശിക്കുന്നവർ അത് ആലോചിക്കാറില്ല. സഹൽ അവന്റെ ഭാഗത്തു നിന്ന് 100 ശതമാനം ശ്രമം നടത്തുന്നുണ്ട്. കഠിനാധ്വാനം ചെയ്യുന്നുമുണ്ട്. ബാക്കി ഉള്ളതൊക്കെ ആൾക്കാർ ഉണ്ടാക്കുന്ന കാര്യങ്ങളാണ്.

∙ ടീം തോൽക്കുമ്പോൾ സോഷ്യൽ മീഡിയയിൽ താരങ്ങളുടെ വീട്ടുകാരെവരെ ചിലര്‍ അവഹേളിക്കുന്നു. ഇക്കാര്യം സി.കെ. വിനീത് ഉൾപ്പെടെയുള്ള താരങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്. ഇത്തരം രീതികളോട് എന്താണു പ്രതികരണം?

സൈബർ ബുള്ളിയിങ് ഇപ്പോഴും നടക്കുന്നു. വിമർശനം അവഹേളനം ആകുന്നതെങ്ങനെയെന്നു മനസ്സിലാകുന്നില്ല. ഞാനൊക്കെ പലപ്പോഴും സൈബർ ബുള്ളിയിങ്ങിന്റെ ഇരയായിട്ടുള്ളതാണ്.

English Summary: I am a victim of cyber bullying: KBFC star Prasanth Mohan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA