sections
MORE

മെസ്സി ബാർസ വിടുമോ? ഹാലൻഡ് എങ്ങോട്ട്? എംബപ്പെയെ റയൽ റാഞ്ചുമോ?

messi-haaland-mbappe
മെസ്സി, ഹാലൻഡ്, എംബപ്പെ
SHARE

വമ്പൻ ചോദ്യങ്ങളാണ് ഈ വർഷത്തെ ശൈത്യ, വേനൽക്കാല ഫുടബോൾ ട്രാൻസ്ഫർ വിൻഡോകളുടെ സവിശേഷത. ഏറ്റവും പ്രധാനം സൂപ്പർ താരം ലയണൽ മെസ്സി ബാർസിലോന വിടുമോ എന്നത് തന്നെ. ക്ലബ്ബുമായി ഉരസിയ താരം കരാർ പുതുക്കില്ലെന്നും മാറിയ സാഹചര്യത്തിൽ കരാർ ഒപ്പിടാൻ തയാറെന്നും വാർത്തകളുണ്ട്. രണ്ടായാലും ഫുട്ബോൾ ലോകം ബാർസയിലേക്ക് ഉറ്റുനോക്കുകയാണ്. ഓരോ ലീഗിലെയും പ്രമുഖ ടീമുകൾ അരയും തലയും മുറുക്കി രംഗത്തുണ്ട്. കോവിഡ് പ്രതിസന്ധിക്കിടയിലും ടീമിന്റെ സാമ്പത്തിക ശേഷിയെ ബാധിക്കാതെ മികച്ച കളിക്കാരെ എത്തിക്കാനാണ് ശ്രമം. ട്രാൻസ്ഫർ വിലക്ക് കഴിഞ്ഞെത്തി പണക്കിലുക്കം കൊണ്ട് വമ്പൻ താരങ്ങളെ എത്തിച്ച ചെൽസിക്കും പുതിയ ഉടമയുടെ കീഴിൽ ഉടച്ചു വാർക്കൽ നടക്കുന്ന എസി മിലാനും ഈ രണ്ട് ട്രാൻസ്ഫർ ജാലകങ്ങൾ പ്രധാനമാണ്. 

∙ ഈ വേനലിൽ കരാർ കാലാവധി അവസാനിക്കുന്ന പ്രധാന താരങ്ങൾ

(ഇവരിൽ പലരെയും നിലനിർത്താൻ ക്ലബ് മാനേജ്മെന്റുകൾ ശ്രമിക്കുന്നുണ്ടെങ്കിലും തീരുമാനങ്ങളൊന്നും ആയിട്ടില്ലെന്നത് മറ്റു ക്ലബ്ബുകളെ സന്തോഷിപ്പിക്കും. കരാർ പുതുക്കാൻ കഴിയാതെ വന്നാൽ താരതമ്യേന കുറഞ്ഞ തുകയ്ക്ക് ജനുവരിയിലോ സൗജന്യമായി വേനൽ ജാലകത്തിലോ ഇവരെ സ്വന്തമാക്കാം.)

താരം – ക്ലബ് – വാങ്ങാൻ താൽപര്യമുള്ള ക്ലബ്ബുകൾ എന്ന ക്രമത്തിൽ

∙ ലയണൽ മെസി – ബാർസിലോന – പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി

∙ ഡേവിഡ് അലാബ – ബയൺ മ്യൂനിക്ക് – ലിവർപൂൾ, റയൽ മഡ്രിഡ്, ചെൽസി

∙ ജോർജിനോ വൈനാൾഡം – ലിവർപൂൾ – ബാർസിലോന, ഇന്റർ മിലാൻ

∙ സെർജിയോ റാമോസ് – റയൽ മഡ്രിഡ് – പിഎസ്ജി, ടോട്ടനം ഹോട്സ്പർ

∙ സെർജിയോ അഗ്യൂറോ – മാഞ്ചസ്റ്റർ സിറ്റി – ഇൻഡിപെൻഡന്റെ, പിഎസ്ജി

∙ മെംഫിസ് ഡീപേ – ലിയോൺ – ബാർസിലോന, യുവെന്റസ്

∙ എറിക് ഗാർഷ്യ – മാഞ്ചസ്റ്റർ സിറ്റി – ബാർസിലോന, ആർസനൽ

∙ എയ്ഞ്ചൽ ഡി മരിയ – പിഎസ്ജി – ഇന്റർ മിലാൻ

∙ ജിയാൻല്യുജി ഡോണറുമ്മ – എസി മിലാൻ – ചെൽസി, യുവെന്റസ്, ടോട്ടനം

∙ ഹകൻ ചൽഹനോഗ്ലു – എസി മിലാൻ – മാഞ്ചസ്റ്റർ യുണൈറ്റഡ്

∙ ഇവരെ കൂടാതെ ഇത്തവണ ട്രാൻസ്ഫർ വിൻഡോകൾ കാര്യക്ഷമമായി ഉപയോഗിക്കാൻ ശ്രമിക്കുന്ന ടീമുകൾ വമ്പൻ വാങ്ങലുകൾ നടത്തിയാലും അതിശയിക്കാനില്ല.

∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് – എസി മിലാൻ പ്ലേമേക്കർ ഹകൻ ചൽഹനോഗ്ലുവിനെ ലക്ഷ്യമിട്ട് നീങ്ങുന്ന യുണൈറ്റഡിന് തിരിച്ചടിയാകുന്ന വാർത്തകളാണ് ഇറ്റലിയിൽ നിന്ന് വരുന്നത്. മിലാനുമായി കരാർ പുതുക്കാൻ ഹകൻ തയാറായേക്കും എന്ന് റിപ്പോർട്ടുകളുണ്ട്. പ്രതിരോധം ശക്തിപ്പെടുത്താൻ യുണൈറ്റഡിന് നീക്കമുണ്ട്. അത്‌ലറ്റിക്കോ മഡ്രിഡ് താരം കീറൻ ട്രിപ്പിയറാണ് നോട്ടമുള്ള താരങ്ങളിൽ പ്രധാനി.

ലിവർപൂൾ – വിർജിൽ വാൻ ഡെയ്ക്കിന്റെ പരുക്കിനെ തുടർന്ന് പുതിയൊരു പ്രതിരോധ താരത്തെ ആൻഫീൽഡിൽ എത്തിക്കാൻ ശ്രമമുണ്ട്. എന്നാൽ വൻതുക മുടക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയാത്തതിനാൽ യുവ താരങ്ങളെയാണ് നോട്ടം.

മാഞ്ചസ്റ്റർ സിറ്റി – ടീം വിടാൻ തയാറെടുക്കുന്ന സൂപ്പർ സ്ട്രൈക്കർ അഗ്യൂറോയ്ക്ക് പകരക്കാരനെ തേടുകയാണ് ടീം. വിങ്ങർ സ്ഥാനത്തേക്കും മധ്യനിരയിലേക്കും സിറ്റി ആളെ തേടുന്നുണ്ട്.

ചെൽസി – ഒട്ടേറെ പ്രമുഖ താരങ്ങൾ കഴിഞ്ഞ വേനൽക്കാല ട്രാൻസ്ഫറിൽ എത്തിച്ച ചെൽസി അടങ്ങുന്ന മട്ടില്ല. മധ്യനിരയിലേക്കും പ്രതിരോധത്തിലേക്കും ദീർഘകാല നിക്ഷേപം നടത്താനാണ് ക്ലബ് ലക്ഷ്യമിടുന്നത്. വെസ്റ്റ് ഹാം താരം ഡെക്ലാൻ റൈസ്, ആർബി ലെപ്ഷിഗ് താരം ഡയെട്ട് ഉപമെൻകാവോ എന്നിവരെ നോട്ടമിട്ടുണ്ട്. 

∙ ലാ ലിഗ

ബാർസിലോന – മെസിയുടെ കരാർ പുതുക്കലിനു പുറമേ പുത്തൻ താരങ്ങളെ എത്തിക്കാനും കാറ്റാലൻ ടീം ശ്രമിക്കുന്നുണ്ട്. ലിവർപൂൾ താരം വിനാൽഡം പരിശീലകൻ കൂമാന് പ്രിയപ്പെട്ട താരമാണ്. ഒപ്പം ലിയോൺ വിങ്ങർ മെംഫിസ് ഡിപേയാണ് റഡാറിലുള്ള മറ്റൊരു താരം.

റയൽ മഡ്രിഡ് – ഈ വേനലിൽ എങ്കിലും പിഎസ്ജി താരം കിലിയൻ എംബപ്പെയെ സാന്തിയാഗോ ബെർണബ്യൂവിൽ എത്തിക്കുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം. അതോടൊപ്പം പ്രതിരോധത്തിൽ റാമോസിന് പകരക്കാരനെയും തേടുന്നുണ്ട്.

അത്‌ലറ്റിക്കോ മഡ്രിഡ് – ഡീഗോ കോസ്റ്റ കരാർ റദ്ദാക്കി ടീം വിട്ടതോടെ ഫ്രഞ്ച് സ്ട്രൈക്കർ ഡെംബലെയെ എത്തിച്ച് അത്‌ല്റ്റിക്കോ കരുത്തു കൂട്ടി. വായ്പാ കരാറിൽ എത്തിയ ആർസനൽ താരം ടൊറെയ്റ ടീം വിടുമെന്ന് റിപ്പോർട്ടുകളുണ്ട്. അങ്ങനെ വന്നാൽ മധ്യനിരയിലേക്കും ആളെ കണ്ടെത്തണം. നിലവിൽ ലാ ലിഗയിൽ ഒന്നാമത് നിൽക്കുന്ന ടീം പോയിന്റ് പട്ടികയിലും കുറവ് കളികൾ കളിച്ചതിലും ബഹുദൂരം മുന്നിലാണ്.

∙ ഇറ്റാലിയൻ സെരി എ

യുവെന്റസ് – ലോൺ അടിസ്ഥാനത്തിൽ ജെനോവയിൽ കളിക്കുന്ന ജിയാൻലൂക്ക സ്കമാൻകയെ ടീമിലെത്തിക്കാനാണ് ക്ലബ് ശ്രമിക്കുന്നത്. അത്‌ലറ്റിക്കോയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ എത്തിയ അൽവരോ മൊറാത്തയെ ലോൺ തീരുന്ന മുറയ്ക്ക് സ്വന്തമാക്കാനും പദ്ധതിയുണ്ട്. പ്രതിരോധത്തിലും അഴിച്ചു പണിയൽ ടീമിന്റെ മനസ്സിലുണ്ട്.

എസി മിലാൻ – സീസണിലെ വണ്ടർ ടീമായ എസി മിലാൻ പ്രതിരോധവും മധ്യനിരയും മുന്നേറ്റവും ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഒരു പതിറ്റാണ്ട് നീണ്ട അരിഷ്ടതകളുടെ കാലം പിന്നിട്ട് ഇതാദ്യമായി ഇറ്റാലിയൻ ലീഗിൽ ഒന്നാമത് നിൽക്കുന്ന ടീമിനെ ആഴമില്ലാത്ത സ്ക്വാഡാണ് വലയ്ക്കുന്നത്. മധ്യനിരയിലേക്ക് ടോറിനോ താരം സൗലിഹോ മെയ്റ്റെയെ എത്തിച്ചു. പ്രതിരോധത്തിൽ സ്ട്രാസ്ബൊർഗ് യുവതാരം മൊഹമദ് സിമാക്കൻ അല്ലെങ്കിൽ ചെൽസിയുടെ ഫികിയോ ടൊമോറി എന്നിവരാണ് എസി മിലാൻ ലക്ഷ്യമിടുന്നത്. മുന്നേറ്റ നിരയിലേക്ക് ക്രൊയേഷ്യൻ താരം മരിയോ മാൻസുക്കിച്ച് എത്തും. 

ഇന്റർ മിലാൻ – പരിശീലകൻ അന്റോണിയോ കോണ്ടെ തെറിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ട്രാൻസ്ഫർ വിപണിയിലേക്ക് കണ്ണ് നടുന്നുണ്ട് ടീം. ചെൽസി പ്രതിരോധതാരം എമേഴ്സൻ പാൽമിനേരി, മാർക്കോസ് അലോൺസോ എന്നിവരെയാണ് നോട്ടം.

∙ ബുന്ദസ് ലിഗ

ബയൺ മ്യൂനിക്ക് – ടീം വിടുന്ന അലാബയ്ക്ക് പകരം ആർബി ലെപ്ഷിഗ് താരം ഡയെട്ട് ഉപമെൻകാവോ, റീഡിങ് താരം ഒമർ റിച്ചാർഡ് എന്നിവരെയാണ് നോട്ടം. ഒപ്പം കുറച്ച് കാലമായി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ചെൽസി താരം കല്ലം ഹഡ്സൺ ഒഡോയിയെ സ്വന്തമാക്കാൻ ഒരു ശ്രമം കൂടി നടത്തുമെന്നാണ് വിവരം. താരത്തെ വിൽക്കില്ലെന്നാണ് ചെൽസി നിലപാട്.

ബൊറൂസ്സിയ ഡോർട്ട്മുണ്ട് – നോർവേ താരം എർലിങ് ഹാലൻഡ്, ജേഡൻ സാഞ്ചോ, ജൂഡ് ബെല്ലിങ്ഹാം തുടങ്ങിയ യുവ താരങ്ങളെ സ്വന്തമാക്കിയ ഡോർട്ട്മുണ്ടിന് ഇതിൽ പലരെയും നഷ്ടമാവാ‍ൻ ഇടയുള്ള ട്രാൻസ്ഫർ ജാലകമാണ് വരുന്നത്. സാഞ്ചോയെ ഇംഗ്ലിഷ് വമ്പന്മാർ നോട്ടമിട്ടിട്ടുണ്ട്. ജനുവരിയിൽ ഇല്ലെങ്കിലും വേനൽ ജാലകത്തിലോ അടുത്ത വർഷമോ ഹാലൻഡും ടീം വിടുമെന്നാണ് വിവരം.

ആർബി ലെപ്ഷിഗ് – പ്രതിരോധത്തിൽ എസി മിലാൻ ലക്ഷ്യമിടുന്ന സ്ട്രാസ്ബൊർഗ് യുവതാരം മൊഹമദ് സിമാക്കൻ തന്നെയാണ് ലെപ്ഷിഗിന്റെ മനസ്സിലും. ഒപ്പം ചെൽസിയിലേക്ക് പോയ ടിമോ വെർണർക്ക് പകരം ഗോളടി യന്ത്രത്തെയും കണ്ടെത്തണം.

∙ ഫ്രഞ്ച് ലിഗ് വൺ

പിഎസ്ജി – പ്രായമേറുന്ന ഗോൾ കീപ്പർ കെലർ നവാസിന് പകരക്കാരനെ തേടിയാണ് പിഎസ്ജിയുടെ നടപ്പ്. എസി മിലാൻ താരം ഡോണറുമ്മയെ നോട്ടമിട്ടിട്ട് കാലം കുറച്ചായെങ്കിലും മിലാൻ വിട്ടുകൊടുത്തിട്ടില്ല. ഇത്തവണ വീണ്ടും ശ്രമിക്കുമെന്നാണ് വിവരം. മാഞ്ചസ്റ്റർ സിറ്റി വിടുന്ന അഗ്യൂറോയെ എത്തിക്കാനും ശ്രമമുണ്ട്. 

ലിയോൺ – അത്‌ലറ്റിക്കോയിലേക്ക് പോയ മൗസ ഡെംബലെയ്ക്ക് പകരം ലെസ്റ്റർ താരം ഇസ്ലാം സ്ലിമാനിയെ എത്തിച്ചു. മെംഫിസ് ‍ഡിപേ പോയാൽ പകരക്കാരനെ തേടേണ്ടി വരും. 

ലിലെ– സ്റ്റോക്ക് സിറ്റി വിങ്ങർ ടോം ഇൻസിനെ കൂടാരത്തിലെത്തിക്കാനാണ് ലിലെയുടെ ആദ്യ ശ്രമം. സ്വെൻ ബോട്മാനെ പല വമ്പന്മാരും നോട്ടമിട്ടത് തിരിച്ചടി ആയേക്കും. പ്ലേ മേക്കർ യൂസുഫ് യസിച്ചിക്കും ആവശ്യക്കാരുണ്ട്. ഇവർ ടീം വിടുന്നത് അനുസരിച്ചാകും നീക്കങ്ങൾ. 

English Summary: Football Trasfer Window

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA