കൊൽക്കത്ത ∙ അവസരങ്ങൾ പാഴാക്കാൻ മത്സരിച്ച ഗോകുലം കേരള എഫ്സി ഐ ലീഗ് ഫുട്ബോളിൽ ഐസോൾ എഫ്സിയോടു തോറ്റു (2–0). 40–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ മൽസോംസുവാലയാണ് ഐസോളിനായി ആദ്യ ഗോൾ നേടിയത്. 76–ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് ഐസോൾ സ്ട്രൈക്കർ ലാൽറമ്മാവിയ ഗോളാക്കി മാറ്റിയതോടെ ഗോകുലത്തിന്റെ പരാജയം പൂർണം. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് എഫ്സിയെ 4–3നു തോൽപിച്ചതിന്റെ ആത്മവിശ്വാസം കളത്തിലെടുക്കാൻ ഗോകുലത്തിനായില്ല.
പന്തു കൈവശം വയ്ക്കുന്നതിലും മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഗോകുലം മുന്നിലായിരുന്നെങ്കിലും മുന്നേറ്റനിരക്കാർക്കു ലക്ഷ്യം കാണാനാകാതെ പോയതാണു തിരിച്ചടിയായത്. ഗോളെന്നുറപ്പിച്ച 2 ഷോട്ടുകൾ ക്രോസ് ബാറിൽ തട്ടിത്തെറിച്ചതും ക്ഷീണമായി. 3 കളികളിൽ 3 പോയിന്റുമായി ലീഗിൽ 8–ാം സ്ഥാനത്താണു ഗോകുലം. 25നു നെറോക്ക എഫ്സിയോടാണ് അടുത്ത മത്സരം.
English Summary: Gokulam Kerala loses in I league football