sections
MORE

ഫക്കുണ്ടോയില്ല, ജയം കൊണ്ടുവന്ന് രാഹുൽ; മുന്നിൽ ഇനി ‘പ്ലേഓഫ് റഡാർ’

rahul-kp-1
രാഹുൽ കെ.പി മത്സരത്തിനിടെ
SHARE

ബംഗാളിൽ പിഴച്ചതിനു ബെംഗളൂരുവിൽ പരിഹാരം. രാഹുലിന്റെ വിജയഗോൾ ആ രീതിയിൽ കാണാനാണ് എനിക്കിഷ്ടം. കഴിഞ്ഞ മത്സരം നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ വിജയം കയ്യൊഴിഞ്ഞ ആ കാലുകൾക്ക് അവകാശപ്പെട്ടതാണ് ഈ ജയം. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രയാണത്തിൽ ഏറെ നിർണായകമെന്നു പറയേണ്ടുന്നതാണു നമ്മുടെ തൃശൂരുകാരൻ പയ്യൻ സമ്മാനിച്ച വിജയം. 

ബെംഗളൂരു പഴയ ബെംഗളൂരു അല്ലായിരിക്കും. പക്ഷേ, ഈ മൂന്നു പോയിന്റിൽ കേരളത്തിനു കിട്ടുന്ന ഊർജം ചെറുതാകില്ല. ഒന്നോ, രണ്ടോ ജയം കൊണ്ടു പ്ലേഓഫ് റഡാറിലെത്താവുന്ന നിലയ്ക്കാണ് ലീഗിലെ ഇപ്പോഴത്തെ പോയിന്റ് നില. ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകൾ സജീവമാക്കുന്നതാണ് ഈ ഘടകം. കിബു വിക്കൂനയുടെ ടീമും ശരിയായ പാതയിലാണെന്നു തെളിയിക്കുന്നുണ്ട് പോയ മത്സരങ്ങൾ. ടീമിന്റെ എൻജിൻ ആയി മാറിയ അർജന്റീന താരം ഫാക്കുൻഡോ പെരേരയുടെ അഭാവത്തിലാണ് ഇന്നലെ വിജയം പിടിച്ചെടുത്തതെന്നതും ഓർക്കണം. 

ഇനിയുള്ള മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ശ്രദ്ധ വയ്ക്കേണ്ട ഒരു വിഭാഗമുണ്ടെങ്കിൽ അതു പ്രതിരോധത്തിലാണ്. ബോക്സിൽ ഇപ്പോഴും ഒരു ആസൂത്രണമില്ലായ്മ വ്യക്തം. ടീം ഇന്നലെ വഴങ്ങിയ ഗോൾ തന്നെ അതിനുദാഹരണമാണ്. ബെംഗളൂരുവിന്റെ ത്രോ ഇൻ സ്വീകരിച്ചു ഗോളിലേക്കു തിരിച്ചുവിട്ട താരത്തെ നോക്കാൻ ബ്ലാസ്റ്റേഴ്സിന്റെ ഒരാളെപ്പോലും അവിടെ കണ്ടില്ല. സെറ്റ്പീസ് വേളയിൽ എതിരാളികളുടെ ‘കീ പ്ലെയർ’ പോലും ഇതുപോലെ സ്വതന്ത്രനായി ബോക്സിൽ നീങ്ങുന്നതു ഗോൾ ക്ഷണിച്ചുവരുത്തുകയേയുള്ളൂ. കോച്ചും സംഘവും ഈ പഴുതുകൾ അടയ്ക്കാൻ ഇനി ഒട്ടും വൈകരുത്. 

ഡിഫൻസിലെ കോർഡിനേഷൻ ഒന്നുകൂടി ഉഷാറാകട്ടെ. സെറ്റ്പീസ് പോലുള്ള നിർണായക നിമിഷങ്ങളിൽ ഒരാളാലും മാർക്ക് ചെയ്യപ്പെടാതെ, പ്രസിങ് നേരിടാതെ ബോക്സിൽ കയറി ഗോളടിച്ചു മടങ്ങാൻ ഒരു എതിരാളിക്കും അവസരം സമ്മാനിക്കരുത്. സെന്റർ ബാക്കുകൾക്കും വിങ് ബാക്കുകൾക്കും മാത്രമായി ഒഴിച്ചിടേണ്ട ഒന്നല്ല ഈ ദൗത്യം. ഗോളടിക്കുന്നതു പോലെതന്നെ ടീമിന് അനിവാര്യമായ ഒന്നാണ് ഗോൾ തടയുക എന്നതും. സ്വന്തം ബോക്സിൽ അപകടം മണക്കുമ്പോൾ കൗണ്ടർ അറ്റാക്ക് എന്നതിൽ മാത്രമായി ഒതുങ്ങരുത് മുന്നേറ്റത്തിൽ നിരക്കുന്നവരുടെ ലക്ഷ്യം. ഗോൾ തടയാനുള്ള ശ്രമം കൂടി അവരിൽ നിന്നു ടീം പ്രതീക്ഷിക്കുന്നുണ്ട്, അല്ലെങ്കിൽ ആവശ്യപ്പെടുന്നുണ്ട്.

English Summary: Kerala Blasters - Bengaluru FC match analysis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA