sections
MORE

7 കളി, മുക്കാൽ മണിക്കൂർ, 4 ഗോൾ; സൂപ്പർ സബ് എന്ന സൂപ്പർമാൻ ഇഷാന്‍ പണ്ഡിത

ishan-panditha
ഇഷാൻ പണ്ഡിത
SHARE

ഒരു സോപ്പിന്റെ പഴയൊരു പരസ്യവാചകം ഓർമ വരുന്നു. ലൈഫ്ബോയ് എവിടെയോ അവിടെയാണാരോഗ്യം എന്നതായിരുന്നു അത്. ഇഷാൻ പണ്ഡിതയെക്കുറിച്ചും ഇപ്പോൾ ഇങ്ങനെ പറയണം. പണ്ഡിത എവിടെയോ അവിടെയാണ് ഗോളുകളും വിജയവും. ഇഷാൻ പണ്ഡിതയെന്ന ഇന്ത്യൻ താരം ഐഎസ്എലിൽ എഫ്സി ഗോവയുടെ ഭാഗ്യതാരകമാണ് – അവസാന നിമിഷം എടുത്തുവീശുന്ന തുറുപ്പുചീട്ട്. കളിതീരാൻ മിനിറ്റുകൾ‌ ബാക്കിയുള്ളപ്പോഴേ ഈ കുട്ടിപ്പുലിയെ കൂട്ടിൽനിന്ന് പുറത്തുവിടൂ. 

എതിരാളിയുടെ ചങ്ക്പറിച്ചെടുത്തുകൊണ്ടായിരിക്കും മടങ്ങിവരവ്. ഐഎസ്എൽ ചരിത്രത്തിലെ കൗതുകം നിറഞ്ഞ അപൂർവത. ഇതുവരെ നേടിയത് 4 ഗോളുകൾ. എല്ലാം അവസാനനിമിഷങ്ങളിലോ ഇഞ്ചുറി ടൈമിലോ നേടിയത്. കളിയുടെ അവസാനനിമിഷം മാത്രം കളത്തിലിറങ്ങുന്ന ഈ സൂപ്പർ സബ്സ്റ്റിറ്റ്യൂട്ട് 7 മത്സരങ്ങളാണ് കളിച്ചത്. ആകെക്കൂടി പരമാവധി മുക്കാൽ മണിക്കൂർ. അതിനിടയിലാണ് നിർണായകമായ ഈ ഗോളുകൾ. 2 ഹെഡ്ഡർ ഗോളുകൾക്കൊപ്പം 2 ഇടംകാലൻ ഷോട്ടുകളും. ശനിയാഴ്ച ചെന്നൈയിനെതിരെ നേടിയ ഗോളിലൂടെ സമനില (2– 2) പിടിച്ചെടുത്തെന്നു മാത്രമല്ല ടീം പ്ലേ ഓഫിലേക്ക് ഒരു പടികൂടി അടുക്കുകയും ചെയ്തു. 25 മിനിറ്റു നേരത്തെ കളിക്കിടെ 5 ഷോട്ടുകളാണ് ചെന്നൈയിനെതിരായ മത്സരത്തിൽ ഇഷാനിൽനിന്നു പിറന്നത്. അതിൽ മൂന്നും ഓൺ ടാർഗറ്റ്, ഒരെണ്ണം ഗോളും.

നവംബർ 30ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണു താരം ആദ്യം കളത്തിലിറങ്ങിയത്, 89–ാം മിനിറ്റിൽ. അതിൽ ഗോളടിച്ചില്ല. എന്നാൽ ഹൈദരാബാദിനെതിരെയുള്ള അടുത്ത മത്സരം പണ്ഡിത തന്റേതാക്കിമാറ്റി. 86–ാം മിനിറ്റിൽ കളത്തിലിറങ്ങി ഒരു മിനിറ്റിനുള്ളിലെ ആദ്യ ടച്ചിൽ തന്നെ തലകൊണ്ടൊരു ഗോൾ. ഗോൾപോസ്റ്റിന് എതിരായിനിന്ന് പിന്നിലേക്കു പറത്തിവിട്ട പന്ത് നേരെ വലയിൽക്കയറിയപ്പോൾ ടീം സമനില നേടി. പിന്നീട് ഇഗോർ അംഗുലോ നേടിയ ഗോളിൽ ടീം വിജയിച്ചു.

ഇഷാന്റെ രണ്ടാമത്തെ ഗോൾ എടികെ മോഹൻ ബഗാനെതിരെയായിരുന്നു. കോർണർ കിക്കിൽനിന്നുവന്ന പന്ത് ഗോളിലേക്കു തിരിച്ചുവിട്ടിടത്തുനിന്നുള്ള റീബൗണ്ട് ഇഷാൻ ഇടംകാലുകൊണ്ട് ഗോളിലെത്തിച്ചു. 80 –ാം മിനിറ്റിൽ കളത്തിലിറങ്ങി 5 മിനിറ്റിനുള്ളിലായിരുന്നു ഗോൾ. 6 ഗോൾ കണ്ട മുംബൈ സിറ്റി എഫ്സിക്കെതിരെയുള്ള മത്സരത്തിലെ 6–ാം ഗോളെന്ന സമനിലഗോൾ പണ്ഡിത നേടിയത് ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ (96). 92 –ാം മിനിറ്റിലാണ് ചെന്നൈയിനെതിരെയുള്ള ഗോൾ ഇടംകാലൻ ഷോട്ടിലൂടെ നേടിയത്. ഏറ്റവും കൂടുതൽ സമയം ഇഷാൻ കളിച്ചതും ഈ മത്സരത്തിലാണ് – 25 മിനിറ്റ്. 

മിഡ്ഫീൽഡറായാലും സ്ട്രൈക്കറായാലും ഗോളിലേക്ക് സ്ട്രൈക്ക് ചെയ്യേണ്ട സമയത്ത് കൃത്യ സ്ഥലത്ത് എത്തിപ്പെടുകയെന്നതും ഗോളടിക്കുകയെന്നതും ഇഷാന്റെ കാര്യത്തിൽ വെറും ഭാഗ്യമെന്നു കരുതുന്നെങ്കിൽ അ തെറ്റാണ്. സ്പെയിനിലെ ലോർക ക്ലബ്ബിന്റെ 2019 സീസണിലെ ടോപ് സ്കോററായിരുന്നു ഇഷാൻ. 26 കളിയിൽനിന്ന് 16 ഗോൾ. 

∙ ബെംഗളൂരു, ഫിലിപ്പീൻസ്, സ്പെയിൻ

22 വയസ്സ്. ബെംഗളൂരുവിലാണ് ജനനം. കശ്മീരിൽ കുടുംബവേരുകളുണ്ട്. ചെറുപ്രായത്തിൽത്തന്നെ ഫിലിപ്പീൻസിലെത്തി. പഠനത്തിന്റെ ഏറിയ പങ്കും മനിലയിലെ ബ്രിട്ടിഷ് സ്കൂളിൽ. ഇംഗ്ലണ്ടിൽനിന്നുള്ള പരിശീലകരുടെ കീഴിൽ പന്തുകളിയിൽ മുന്നേറി. ബെംഗളൂരുവിലേക്കു മടങ്ങിവന്നെങ്കിലും വൈകാതെ പന്തുകളിക്കാൻ സ്പെയിനിലേക്ക്. അവിടെ അൽമീറ, ലെഗാനിസ്, ജെംനാസ്റ്റിക് എന്നീ ക്ലബ്ബുകളിലൂടെ യൂത്ത് കരിയർ. പോബ്ല മഫൂമെറ്റിലൂടെ കളിച്ച് ലോർക്കയിൽ എത്തുമ്പോഴേക്ക് പണ്ഡിത കൃത്യമായി തന്റെ  വഴി തെളിച്ചിട്ടിരുന്നു. കോവിഡ് മൂലം സ്പെയിനിലെ ഭാവിയിൽ ആശങ്ക തോന്നിയപ്പോഴാണ് ഇന്ത്യയിലേക്കു കണ്ണുവച്ചതും എഫ്സി ഗോവയിൽ എത്തിയതും.

English Summary: Ishan Pandita, the super man for FC Goa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA