sections
MORE

ഏഴു സീസൺ, ഒൻപത് പരിശീലകർ; സീസൺ തീരും മുൻപ് പുറത്തായത് 4 പരിശീലകർ!

kibu-vicuna
SHARE

കോട്ടയം ∙ ഇപ്പോഴത്തെ പരിശീലകൻ കിബു വികുന കൂടി പുറത്തേക്കുള്ള  വഴിയിൽ ആകുമ്പോൾ ഏറ്റവും കൂടുതൽ പരിശീലകരെ മാറ്റിപ്പരീക്ഷിച്ച ടീമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മാറുന്നു. 7 സീസണിൽ 9 പരിശീലകരാണു കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ കളിപഠിപ്പിക്കാൻ എത്തിയത്. സീസണിനിടെ ഐഎസ്എലിൽ 4 തവണയാണ് പരിശീലകരെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കുന്നതെന്നതും മറ്റു ടീമുകൾക്കില്ലാത്ത ‘പ്രത്യേകത’.

രണ്ട് തവണ റണ്ണേഴ്സ് അപ്പായ ടീമിന് മറ്റ് സീസണുകളിൽ ആദ്യ അഞ്ചിൽപ്പോലും എത്താനും സാധിച്ചിട്ടില്ല. ഇത്തവണ കേരളാ ബ്ലാസ്റ്റേഴ്സും കിബു വിക്കൂനയും പരസ്പര ധാരണയോടെ വഴിപിരിയുന്നു എന്നാണ് ഔദ്യോഗിക ഭാഷ്യം.

∙ ആദ്യം പുറത്തായത് പീറ്റർ ടെയ്‌ലർ

ഇംഗ്ലണ്ടിൽ നിന്നുള്ള കർക്കശക്കാരനായ പരിശീകനായിരുന്നു പീറ്റർ ടെയ്‌ലർ. ആദ്യ സീസണിൽ രണ്ടാം സ്ഥാനം എന്ന മികച്ച പൊസിഷനിൽ നിന്നു രണ്ടാം സീസൺ കളിക്കാന്‍ എത്തിയ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കാനാണു ടോട്ടനം ഹോട്സ്പറിൽ കളിച്ച് പരിചയമുള്ളതും ഇംഗ്ലണ്ട് അണ്ടർ 20 ടീമിനെ അടക്കം പരിശീലിപ്പിച്ചിട്ടുള്ളതുമായ പീറ്റർ ടെയ്‌ലർ 2015ൽ കൊച്ചിക്കു വണ്ടി കയറുന്നത്. കാര്യങ്ങൾ പ്രതീക്ഷിച്ചതു പോലെ നീങ്ങിയില്ല. തുടർ തോൽവികളും സമനിലകളും ടെയ്‌ലറെ തെറിപ്പിച്ചു. താരങ്ങളുമായുള്ള പ്രശ്നങ്ങളും പീറ്റർ ടെയ്‌ലറിനു പുറത്തേക്കുള്ള വഴി തുറന്നു.

ആദ്യ സീസൺ മുതൽ ടീമിന് ഒപ്പമുണ്ടായിരുന്ന സഹപരിശീലകൻ ട്രെവർ മോർഗൻ അങ്ങനെ ടീമിന്റെ കെയര്‍ ടേക്കർ പരിശീലകനായി. ഈസ്റ്റ് ബംഗാൾ ടീമിന്റെ പരിശീലകനായി ഇന്ത്യൻ പരിചയമുള്ളയാളായിരുന്നു ഇംഗ്ലണ്ടുകാരനായ ട്രെവർ മോർഗൻ. പിന്നീട് ജൂനിയർ ടീം പരിശീലകൻ അയർലൻഡുകാരനായ ടെറി ഫിലാൻ രണ്ടാം സീസണിലെ ബാക്കി കളികളിൽ പ്രധാന പരിശീലകനായി. ലീഗിലെ ഏറ്റവും അവസാനക്കാരായി ബ്ലാസ്റ്റേഴ്സ് മടങ്ങി. ഒന്നാം സീസണിലെ ഫൈനലിസ്റ്റുകളിൽ നിന്നു രണ്ടാം സീസണിലെ അവസാനക്കാരിലേക്ക് ബ്ലാസ്റ്റേഴ്സിന്റെ വൻവീഴ്ച. 

∙ നാലാം സീസണിൽ അടുത്ത പുറത്താക്കൽ‌

സർ അലക്സ് ഫെർഗൂസനൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ക്വാഡിൽ ഉണ്ടായിരുന്ന റെനെ മ്യുളസ്റ്റീനാണു ബ്ലാസ്റ്റേഴ്സ് സീസണിനിടെ പുറത്താക്കിയ രണ്ടാമത്തെയാൾ. മാഞ്ചസ്റ്റർ പെരുമയുമായി എത്തിയ നെതർലൻഡുകാരനു ബ്ലാസ്റ്റേഴ്സിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനായില്ല. സമനില– തോൽവി. മ്യൂളസ്റ്റീനും പുറത്തായി.

ഐഎസ്എൽ‌ ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴിനെ അത്ഭുതങ്ങൾക്ക് പ്രാപ്തനാക്കിയ ഡേവിഡ് ജയിംസിനെയാണു തുടർന്ന് മാനേജരാക്കിയത്. ഇംഗ്ലണ്ട് ദേശിയ ടീമിലും ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി അടക്കം ടീമുകളിലും ഗോൾകീപ്പറായി കളിച്ചു പരിചയമുള്ള അറിയപ്പെടുന്ന താരമായിരുന്നു ഡേവിഡ് ജയിംസ്. ആദ്യ സീസണിൽ ജയിംസ് മാർക്വീ പ്ലെയറായും മാനേജറായും ടീമിനൊപ്പം നിന്നു. ഫൈനൽ വരെ എത്തിക്കുകയും ചെയ്തു. ഈ വിശ്വാസത്തിലാണു മ്യൂളസ്റ്റീനെ പുറത്താക്കിയ ടീം ജയിംസിനെ വീണ്ടും കൊച്ചിയിൽ എത്തിച്ചത്.

പുതിയ കേരള സിം കാർഡുമായി എയർപോർട്ടിൽ നിൽക്കുന്ന ജയിംസിന്റെ ചിത്രം അന്ന് ഫാൻ ഗ്രൂപ്പുകളിൽ ഏറെ ചർച്ചയായിരുന്നു. ആറാം സ്ഥാനത്ത് ടീമിനെ എത്തിക്കാൻ ജയിംസിന് സാധിക്കുകയും ചെയ്തു. 

∙ ജയിംസ് തുടർന്നു, വീണു‌

ആദ്യ സീസണിലെ മിന്നും താരത്തെ അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്സ് പുറത്താക്കി. ഒരു സീസണിൽ നിന്ന് അടുത്ത സീസണിലേക്ക് തുടരുന്ന ആദ്യത്തെ പരിശീലകനായി ഡേവിഡ് ജയിംസ് അഞ്ചാം സീസണിലേക്ക് എത്തുന്നത്. എന്നാൽ തോൽവികളും സമനിലകളുമായി ടീം വീണ്ടും മുങ്ങിത്താണു. അങ്ങനെ ഡേവിഡ് ജയിംസിനെയും സീസണിനിടെ ബ്ലാസ്റ്റേഴ്സ് പുറത്താക്കി. മൂന്നു വർഷത്തെ കരാറുണ്ടായിരുന്ന പരിശീലകനെ കരാര്‍ റദ്ദാക്കിയാണു ടീം പുറത്താക്കിയത്.

ഇംഗ്ലീഷ് ശൈലിയിൽ നിന്നുള്ള ആദ്യ മാറ്റമായി പോർച്ചുഗീസുകാരൻ നെലൊ വിൻഗാദ പരിശീലകനായി. വിൻഗാദയ്ക്ക് അധികം വിജയ കഥകൾ രചിക്കാൻ സീസണിൽ സമയമുണ്ടായിരുന്നില്ല. 9–ാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിച്ചു. വിൻഗാദ അടുത്ത സീസണിലും തുടരുമെന്ന് ടീം സൂചന നൽകിയെങ്കിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിൽ അടക്കം അത്ഭുതങ്ങൾ കാണിച്ച എൽകോ ഷാട്ടോരിയാണ് പിന്നീട് പരിശീലകനായത്. 

∙ ആദ്യം ഷാട്ടോരി, ഇപ്പോൾ കിബുവും!

ആറാം സീസണിൽ നെതർലൻഡുകാരനായ എൽകോ ഷാട്ടോരി ചില പ്രതീക്ഷകൾ ഉണർത്തിയെങ്കിലും ടീമിന് പ്ലേഓഫിൽ കടക്കാനായില്ല. പ്രധാന താരങ്ങളുടെ പരുക്കുകളും സീസണിനു മുൻപുള്ള പരിശീലനത്തിലെ പ്രശ്നങ്ങളും ഷാട്ടോരി പല തവണ പറയാതെ പറഞ്ഞു. വേണ്ട താരങ്ങളെ സമയത്ത് ലഭിക്കാതിരുന്നതിന്റെ പ്രശ്നങ്ങൾ പല തവണ അദ്ദേഹം തുറന്നു പറഞ്ഞു. ട്വിറ്ററിലൂടെ വിമർശനങ്ങൾക്കു മറുപടി പറഞ്ഞു. ഇത്രയും ആക്ടീവും അഗ്രസീവുമായ മറ്റൊരു പരിശീലകനെ കേരള ബ്ലാസ്റ്റേഴ്സ് വേറെ കണ്ടിരുന്നില്ല. അടുത്ത സീസണിൽ ഷാട്ടോരി തുടരുമെന്നായിരുന്നു എല്ലാവരുടെയും  പ്രതീക്ഷ. അതുണ്ടായില്ല.

മോഹൻ ബഗാന് ഐ ലീഗ് കിരീടം നേടി നൽകിയ സ്പാനിഷ് പരിശീലകൻ  കിബു വിക്കൂന പരിശീലകനായി. എന്നാൽ ടീം വേണ്ട വിധം മുന്നോട്ടു പോയില്ല. കിബുവിന്റെ ഭാവിയും തുലാസിലാണെന്ന് സീസൺ മുന്നോട്ടു പോകുന്തോറും ഉറപ്പായിരുന്നു. ട്രെയിനിങ്ങിൽ ചെയ്യുന്നതിന്റെ റിസൽട്ട് ഗ്രൗണ്ടിൽ കാണുന്നില്ലെന്നു കിബു കഴിഞ്ഞ തോൽവിക്കു ശേഷം പറഞ്ഞു. കിബുവിന് സമയം നൽകണമെന്ന് പല ആരാധകരും ടീമിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പരസ്പര ധാരണയോടെയെന്ന ഔദ്യോഗിക ഭാഷ്യത്തിന്റെ തണലിൽ കിബുവും വിഴിപിരിഞ്ഞു. സീസണിലെ അവസാന രണ്ടു മത്സരങ്ങളിൽ സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദിന് ടീമിന്റെ ചുമതല നൽകുകയും ചെയ്തു.

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകരും സീസണിന്റെ അവസാനത്തിൽ ടീമിന്റെ സ്ഥാനവും 

2014 – ഡേവിഡ് ജയിംസ് – രണ്ടാം സ്ഥാനം  

2015 – പീറ്റർ ടെയ്‌ലർ, ട്രവർ മോർഗൻ, ടെറി ഫീലാൻ – എട്ടാം സ്ഥാനം 

2016 – സ്റ്റീവ് കൊപ്പൽ – രണ്ടാം സ്ഥാനം 

2017–18 റെനെ മ്യൂളസ്റ്റീന്‍, ഡേവിഡ് ജയിംസ് – ആറാം സ്ഥാനം 

2018–19 ഡേവിഡ് ജയിംസ്, നെലോ വിൻഗാദ – ഒൻപതാം സ്ഥാനം

2019–20 എൽകോ ഷാട്ടോരി – ഏഴാം സ്ഥാനം 

2020–21 കിബു വികുന – 10–ാം സ്ഥാനം (ലീഗ് അവസാനിച്ചിട്ടില്ല) 

∙ പരിശീലകരും പരിശീലിപ്പിച്ച മത്സരങ്ങളുടെ എണ്ണവും

(പരിശീലകൻ, ആകെ മത്സരം, ജയം, തോൽവി, സമനില ക്രമത്തിൽ)

ഡേവിഡ് ജയിംസ് 40 (മൂന്ന് സീസണുകളിൽ) 12 15 13

പീറ്റർ ടെയ്‌ലര്‍ 6 1 4 1

ട്രവർ മോർഗൻ 1 0 0 1

ടെറി ഫീലാൻ 7 2 3 2

സ്റ്റീവ് കൊപ്പൽ 17 7 6 4 

റെനെ മ്യൂളസ്റ്റീൻ 7 1 2 4 

നെലോ വിൻഗാദ 7 1 3 3 

എൽകോ ഷട്ടോരി 18 4 7 7 

കിബു വികുന 14 3 5 6 

∙ മറ്റ് ഐഎസ്എൽ  ടീമുകളുടെ പരിശീലകരുടെ എണ്ണം 

എടികെ മോഹന്‍ ബഗാൻ – ഏഴ് സീസൺ, ആറ് പരിശീലകർ 

മുംബൈ സിറ്റി – ഏഴ് സീസൺ, അഞ്ച് പരിശീലകർ 

നോര്‍‍‍ത്ത് ഈസ്റ്റ് യുണൈറ്റഡ് – ഏഴ് സീസണ്‍, ഒൻപത് പരിശീലകർ

എഫ്സി ഗോവ – ഏഴ് സീസൺ, മൂന്ന് പരിശീലകൻ

ചെന്നൈയിൻ എഫ്സി – ഏഴ് സീസൺ, നാല് പരിശീലകർ

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി – ഏഴ് സീസൺ, ഒൻപത് പരിശീലകർ

ഹൈദരാബാദ് എഫ്സി – രണ്ട് സീസൺ, മൂന്ന് പരിശീലകർ

ജംഷഡ്പുർ എഫ്സി  – നാല് സീസൺ, നാല് പരിശീലകർ

ബെംഗളൂരു എഫ്സി – നാല് സീസൺ, മൂന്ന് പരിശീലകർ

ഒഡീഷ എഫ്സി (പഴയ  ഡൽഹി ഡൈനാമോസ്) – ഏഴ് സീസൺ, ഏഴ് പരിശീലകർ

ഈസ്റ്റ് ബംഗാൾ – ഒരു സീസൺ, ഒരു പരിശീലകൻ

English Summary: Kerala Blasters FC Part Ways with another coach

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA