ADVERTISEMENT

പോർട്ടോ ∙ യുവന്റസിനും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ടെൻഷനടിച്ച് കാത്തിരിക്കാം! ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്രീ–ക്വാർട്ടർ ആദ്യപാദത്തിൽ യുവെയെ 2–1നു തോൽപിച്ച പോർട്ടോ, 2–ാം പാദം ക്രിസ്റ്റ്യാനോയുടെ ക്ലബ്ബിനു ജീവൻമരണ പോരാട്ടമാക്കി. മെഹ്ദി തരേമി, മൂസ മരേഗ എന്നിവരാണ് പോർട്ടോയുടെ ഗോളുകൾ നേടിയത്. ഫെഡെറിക്കോ കിയേസ യുവെയുടെ ആശ്വാസഗോൾ നേടി. മാർച്ച് 9ന് യുവെയുടെ മൈതാനമായ ടൂറിനിലാണ് രണ്ടാംപാദ മത്സരം. നോർവെ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോളിൽ സ്പാനിഷ് ക്ലബ് സെവിയ്യയെ 3–2നു തോൽപിച്ച് ജർമൻ ക്ലബ് ബൊറൂസിയ ഡോർ‌ട്ട്മുണ്ടും ക്വാർട്ടറിലേക്ക് ഒരു കാലു വച്ചു. 

ജന്മനാട്ടിൽ ക്രിസ്റ്റ്യാനോയുടെ ഗോൾ കാണാൻ കാത്തിരുന്ന യുവെ ആരാധകരെ ഞെട്ടിച്ച് 2–ാം മിനിറ്റിൽ തന്നെ പോർട്ടോ ആദ്യഗോൾ നേടി. യുവെ താരം റോദ്രിഗോ ബെന്റചോറിന്റെ ബായ്ക്ക്പാസിലേക്ക് ചാടിവീണ തരേമി പന്തിനെ നേരെ വലയിലേക്കു തിരിച്ചു വിട്ടു. രണ്ടാം പകുതിയുടെ തുടക്കത്തിൽ പോർട്ടോ 2–ാം ഗോൾ നേടി. വിൽസൺ മനാഫ കട്ട് ചെയ്തു നൽകിയ പന്തിൽ മരേഗയുടെ ഫിനിഷ്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളിയിലുടനീളം പോർട്ടോ താരങ്ങൾ നിശബ്ദനാക്കിയെങ്കിലും 82–ാം മിനിറ്റിൽ കിയേസ യുവെയുടെ വിലപ്പെട്ട എവേ ഗോൾ നേടി. തന്റെ ആദ്യ ഷോട്ട് പോർട്ടോ ഗോൾകീപ്പർ അഗസ്റ്റിൻ മാർക്കെസിൻ തട്ടിയകറ്റിയെങ്കിലും പിന്നാലെ കിട്ടിയ പാസിൽ കിയേസയ്ക്കു പിഴച്ചില്ല. ചാംപ്യൻസ് ലീഗിൽ യുവന്റസിനെതിരെ പോർട്ടോയുടെ ആദ്യ ജയമാണിത്. 

സെവിയ്യയ്ക്കെതിരെ ഒരു ഗോളിനു പിന്നിലായ ശേഷം തിരിച്ചടിച്ചാണ് ഡോർട്ട്മുണ്ടിന്റെ ജയം. 7–ാം മിനിറ്റിൽ സുസോ ഫെർണാണ്ടസിന്റെ ഷോട്ട് തട്ടിത്തെറിച്ച് ഡോർട്ട്മുണ്ട് വലയിലെത്തിയതോടെ സ്പെയിനുകാർ മുന്നിലെത്തിയെങ്കിലും 19–ാം മിനിറ്റിൽ ദഹൗദിന്റെ ലോങ്റേഞ്ചർ‌ ഗോളിൽ ജർമൻകാർ തിരിച്ചടി തുടങ്ങി. 27–ാം മിനിറ്റിൽ ജെയ്ഡൻ സാഞ്ചോയുമൊത്ത് കൊണ്ടും കൊടുത്തും മുന്നേറി ഹാലൻഡ് തന്റെ ആദ്യഗോൾ നേടി. 43–ാം മിനിറ്റിൽ ക്ലോസ് റേഞ്ചിൽ നിന്ന് 2–ാം ഗോളും. 13 ചാംപ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് ഹാലൻഡിന്റെ 18–ാം ഗോളായിരുന്നു ഇത്. 84–ാം മിനിറ്റിൽ ലൂക്ക് ഡി യോങ് നേടിയ ഗോളിൽ സെവിയ്യ 2–ാം പാദത്തിൽ സാധ്യത നിലനിർത്തി.

Englisg Summary: UEFA Champions League 2020-21, Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com