sections
MORE

കാൽപ്പന്തിനെ പ്രണയിച്ച ‘തട്ടത്തിൻ മറയത്തെ’ പെൺകുട്ടി; ഫൗസിയയെ ഓർക്കുമ്പോൾ...

fousiya-training
ഫുട്ബോൾ കോച്ച് ഫൗസിയ മാമ്പറ്റ കുട്ടികൾക്കു പരിശീലനം നൽകുന്നു.
SHARE

പെൺകുട്ടികൾ അന്യപുരുഷന്റെ മുഖത്തു നോക്കുന്നതും കോളജിൽ പോകുന്നതും ഉൾക്കൊള്ളാൻ കഴിയാതിരുന്ന കാലത്ത് കാറ്റുനിറച്ച തുകല്‍പന്തിനെ പ്രണയിച്ച ഒരു തട്ടത്തിന്‍മറയത്തെ പെണ്‍കുട്ടിയുണ്ടായിരുന്നു, കോഴിക്കോട് വെള്ളിമാട്കുന്നില്‍. നിറഞ്ഞാടിയ പ്രതിരോധങ്ങളെ സമര്‍ഥമായി ഡ്രിബിള്‍ ചെയ്തു ജീവിതം പിടിച്ചുവാങ്ങിയ ആ പോരാട്ടവീര്യത്തിന്റെ പേരാണ് ഫൗസിയ മാമ്പറ്റ. അർബുദം ബാധിച്ച് ഇന്ന് മരണത്തിന് കീഴടങ്ങിയ സംസ്ഥാനത്തെ ആദ്യ മുസ്‌ലിം ഫുട്ബോള്‍ താരം, ആദ്യത്തെ വനിതാ ഫുട്ബോള്‍ പരിശീലക.

കോഴിക്കോട് മാമ്പറ്റ കുഞ്ഞിമൊയ്തി-ബിച്ചിവി ദമ്പതിമാരുടെ ആറുമക്കളില്‍ നാലാമത്തെ കുട്ടിയായ ഫൗസിയ നടക്കാവ് ഗേള്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളില്‍ പഠിക്കുമ്പോഴാണ് കളിക്കളത്തിലെത്തുന്നത്. നാട്ടിന്‍പുറത്തെ കൊയ്ത്തൊഴിഞ്ഞ പാടങ്ങളില്‍ ആണ്‍കുട്ടികള്‍ തട്ടിക്കളിച്ച പന്തിനോട് തന്നെയായിരുന്നു തുടക്കം മുതല്‍ മുഹബത്ത്. ബ്രസീല്‍ മഞ്ഞപ്പട കേരളത്തിന്റെ സിരകളില്‍ നിറഞ്ഞോടിയ ആ സമയത്ത് ഫൗസിയയും പ്രണയിച്ചു മഞ്ഞപ്പടയുടെ ടോട്ടല്‍ ഫുട്ബോളിന്റെ മാസ്മരികതയെ. മുസ്‌ലിം പെണ്‍കുട്ടി പന്തുതട്ടാനിറങ്ങുകയോയെന്ന  മുറുമുറുപ്പായിരുന്നു ആദ്യ പ്രതിരോധം. നാടും നാട്ടുകാരും എതിര്‍പ്പിന്റെ കൊടുങ്കാറ്റഴിച്ചിട്ടപ്പോഴൊന്നും ഫൗസിയയിലെ ഫുട്ബോള്‍ മുഹബത്തിന്റെ കാറ്റഴിച്ചുവിടാന്‍ കുഞ്ഞിമൊയ്തി തയാറായില്ല. മഞ്ഞ ടീഷര്‍ട്ടും ഷൂസും വസ്ത്രങ്ങളും വാങ്ങിനല്‍കി മകളുടെ കൂടെ നിന്നു.

fousia-football

നടക്കാവ് ഗേള്‍സ് എച്ച്എസ്എസിൽ ഹാൻഡ് ബോളായിരുന്നു പ്രധാനം. അങ്ങനെയാണ് ഫൗസിയയും ഹാന്‍ഡ്ബോളിലെത്തിയത്. പിന്നീട് പല കായിക ഇനങ്ങളിലും ഒരേസമയം തിളങ്ങി. വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സംസ്ഥാന ചാംപ്യന്‍, പവര്‍ ലിഫ്റ്റിങ്ങില്‍ ദക്ഷിണേന്ത്യയില്‍ മൂന്നാം സ്ഥാനം, ഹാന്‍ഡ്ബോള്‍ സംസ്ഥാന ടീമംഗം, ജൂഡോയില്‍ സംസ്ഥാന തലത്തില്‍ വെങ്കലം, ഹോക്കി, വോളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം, ദേശീയ ഗെയിംസ് വനിതാ ഫുട്ബോളില്‍ കേരളത്തിന്റെ ഗോള്‍കീപ്പര്‍... കൊല്‍ക്കത്തയിൽ നടന്ന അഖിലേന്ത്യാ വനിതാ ജൂനിയര്‍ ചാംപ്യന്‍ഷിപ്പിൽ കേരളത്തിന്റെ ഗോള്‍വല കാത്തത് ഫൗസിയയായിരുന്നു. അന്ന് ഫൈനലിൽ കേരളം 1-0 എന്ന നിലയില്‍ തോറ്റെങ്കിലും ഗോള്‍പോസ്റ്റിനു കീഴില്‍ ഫൗസിയ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

∙ ജീവിതത്തിലെ പോരാട്ടം

പക്ഷേ, അത്ര അനായാസം ഡ്രിബിൾ ചെയ്തു നീങ്ങാനാവാത്ത വിധം പ്രതിരോധങ്ങള്‍ നിറഞ്ഞതായിരുന്നു കളിക്കളത്തിനു പുറത്തെ ജീവിതം. ആദ്യ തിരിച്ചടി വഴികാട്ടിയുമായ ബാപ്പയുടെ മരണമായിരുന്നു. ഗള്‍ഫില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട ബാപ്പയെ അവസാനമായി കാണാന്‍ പോലും ആയില്ല. ആ ദുഃഖത്തിൽ മുഖം പൂഴ്ത്തി തോറ്റുകൊടുക്കാന്‍ ഫൗസിയ തയാറായിരുന്നില്ല.  വീണ്ടും കളക്കളത്തിലേക്ക്. വിവാഹ പ്രായമായതോടെ പ്രശ്നങ്ങള്‍ വീണ്ടും തുടങ്ങി. ഫുട്ബോള്‍ കളിക്കാരിയെ കെട്ടാന്‍ പുതിയാപ്ലയെ കിട്ടാത്തതായിരുന്നു വലിയ പ്രശ്നം. ഏറെ കാലങ്ങള്‍ക്ക് ശേഷം പ്രവാസിയായ തിരൂര്‍ സ്വദേശി ഫൗസിയക്ക് മഹറ് നല്‍കി.

fousia-mambatta

രണ്ടര മാസത്തെ മധുവിധുവിന് ശേഷം അയാള്‍ ഗള്‍ഫിലേക്ക് മടങ്ങി. കളി മതിയാക്കി ഫൗസിയ  കണ്‍മണിക്കായി കാത്തിരുന്നു. വിധി  ഇവിടെയും ചുവപ്പുകാര്‍ഡ് കാണിച്ചു. രക്തസമ്മര്‍ദ്ദം വര്‍ധിച്ച് നാലാം മാസം ഗർഭം അലസിയപ്പോൾ ഒന്നു ആശ്വസിപ്പിക്കാന്‍ പോലും ഭര്‍ത്താവ് എത്തിയില്ല.  കേസ് കൊടുത്തു. മൊഴി ചൊല്ലിപിരിയുമ്പോഴും ഫൗസിയിലെ പോരാട്ടക്കാരി തകര്‍ന്നില്ല. ഫുട്ബോളിലേക്ക് തിരികെ വന്നു.... കൂടുതല്‍ ശക്തയായി. അങ്ങിനെയാണ് 2002ല്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ദിവസക്കൂലിക്കുള്ള ഫുട്ബോള്‍ കോച്ചാവുന്നത്. പിന്നീടിത് കരാര്‍ അടിസ്ഥാനത്തിലായി. പുതിയ താരങ്ങളെ കണ്ടെത്താനുള്ള ഓട്ടത്തിനിടയില്‍, ഗ്രൗണ്ടിലെ മുന്നേറ്റങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഈ കോച്ച് സ്വന്തം ജോലി സുരക്ഷിതമാക്കുന്നത് പോലും മറന്നുപോയെന്നതാണ് സത്യം.

∙ നടക്കാവ് സ്കൂളിന്റെ സ്വാധീനം

അര്‍പ്പണമനോഭാവത്തോടെയുള്ള  ശിക്ഷണംകൊണ്ട് അഭൂതപൂർവമായ നേട്ടങ്ങളാണ് ഫൗസിയ പരിശീലിപ്പിച്ച നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിലെ കുട്ടികള്‍ നേടിയത്. ചുമതലയേറ്റ ആദ്യവര്‍ഷം (2003) കേരളാ ടീമിലേക്ക് ജില്ലയില്‍നിന്ന് നാലുപേരെയാണ് ഫൗസിയ സമ്മാനിച്ചത്. 2005 മുതല്‍ 2007 വരെ സംസ്ഥാന സബ്ജൂനിയര്‍, ജൂനിയര്‍ ടൂര്‍ണമെന്റില്‍ റണ്ണര്‍ അപ്പായ കോഴിക്കോട് ടീമിനെ പരിശീലിപ്പിച്ചതും അവര്‍തന്നെ.

പിന്നീട് ഇന്ത്യൻ ടീമില്‍ ഇടംനേടിയ ടി. നിഖില, വൈ.എം. ആഷ്്‌ലി തുടങ്ങിയവരും ഫൗസിയയുടെ കളരിയിൽ പയറ്റിതെളിഞ്ഞവരാണ്. 2005ല്‍ മണിപ്പുരില്‍ നടന്ന ദേശീയ സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ കേരളം മൂന്നാം സ്ഥാനം നേടിയപ്പോള്‍ ടീമിന്റെ കോച്ചും 2006ല്‍ ഒഡിഷയില്‍ നടന്ന ദേശീയ സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരളത്തിന്റെ അസിസ്റ്റന്റ് കോച്ചും ഫൗസിയയായിരുന്നു.

∙ അവസാനിക്കാത്ത പോരാട്ടം

അർബുദം മുൻപും ഫൗസിയയെ ഒന്നു പേടിപ്പിച്ചതാണ്. സ്തനാർബുദത്തിന്റെ രൂപത്തിലാണ് വന്നത്. കീമോയ്ക്കും റേഡിയേഷനുമൊന്നും ഫൗസിയയിലെ ഫുട്ബോള്‍ താരത്തെ തടഞ്ഞുനിര്‍ത്താനായില്ല. റേഡിയേഷന്‍ തീര്‍ന്ന് ഒരാഴ്ചയ്ക്കകം ഫൗസിയ മൈതാനത്തിറങ്ങി. ആ പോരാട്ടവീര്യം കണ്ടിട്ടാവാം രോഗം പത്തിമടക്കി. സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ വനിതാ ഫുട്ബോള്‍ മല്‍സര ഇനമാക്കാന്‍ ഇവര്‍ നടത്തിയത് വര്‍ഷങ്ങള്‍ നീണ്ട പോരാട്ടമാണ്. ദേശീയ സ്‌കൂള്‍ ഗെയിംസിലുണ്ടായിട്ടും സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ വനിതാ ഫുട്ബോള്‍ ഉള്‍പ്പെടുത്താത്തതിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മാനുവല്‍ പരിഷ്‌കരിച്ചത് 2013ലാണ്. 52–ാം വയസ്സിൽ മരണത്തിനു കീഴടങ്ങിയെങ്കിലും, പുത്തനുടുപ്പ് വാങ്ങാന്‍ ഉപ്പകൊടുത്ത പൈസകൊണ്ട് ബൂട്ടും ജഴ്സിയും വാങ്ങി കളത്തിലിറങ്ങിയ ഫൗസിയ മാമ്പറ്റയെന്ന പെണ്‍കരുത്തിനെ മാറ്റി നിര്‍ത്തി േകരള ഫുട്ബോള്‍ ചരിത്രമെഴുതാനാവില്ല, ഉറപ്പ്!

English Summary: Story of Fousiya Mambatta

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA