കോഴിക്കോട് ∙ കേരളത്തിൽ വനിതാ ഫുട്ബോളിന്റെ അംബാസഡറായിരുന്നു ഇന്നലെ അന്തരിച്ച ഫുട്ബോൾ പരിശീലക ഫൗസിയ മാമ്പറ്റ. പുരുഷന്മാരുടെ മാത്രം കളിയാണു ഫുട്ബോളെന്നു നാട്ടിൽ ധാരണയുണ്ടായിരുന്ന കാലത്താണു ഫൗസിയ മൈതാനത്തെത്തുന്നത്. ബ്രസീലിന്റെ മഞ്ഞപ്പടയോടുള്ള ആരാധനയും ഫൗസിയയുടെ ഫുട്ബോൾ കമ്പത്തിനു കാരണമാണ്. എങ്കിലും അർജന്റീനയുടെ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയാണ് തന്റെ പ്രിയപ്പെട്ട താരമെന്ന് അവർ പറഞ്ഞിട്ടുണ്ട്.
സ്കൂൾ, കോളജ് കാലഘട്ടത്തിലാണു കായികതാരമായി മാറുന്നത്. ഹാൻഡ്ബോളിൽ സംസ്ഥാന ടീം അംഗമായി. തുടർന്നു ഭാരോദ്വഹനത്തിലും ഹോക്കിയിലും ജൂഡോയിലും മാറ്റുരച്ചെങ്കിലും ചുവടുറപ്പിച്ചതു ഫുട്ബോളിലാണ്. സംസ്ഥാന വനിതാ ടീമിൽ ഗോൾകീപ്പറായി ഇടംപിടിച്ചു. 5 വർഷത്തോളം കേരളത്തിന്റെ ഗോൾവല കാത്തു.
2002ൽ സ്പോർട്സ് കൗൺസിലിൽ ഫുട്ബോൾ പരിശീലകയായി. കോഴിക്കോട് നടക്കാവ് ജിവിഎച്ച്എസ്എസിനെ കേരളത്തിന്റെ ‘വനിതാ ഫുട്ബോൾ ഫാക്ടറി’ ആക്കി മാറ്റിയതു ഫൗസിയയാണ്. സംസ്ഥാനതലത്തിൽ ഒട്ടേറെ കിരീടങ്ങൾ സ്വന്തമാക്കി. 2020ൽ കൊച്ചിയിൽ നടന്ന അണ്ടർ 17 വനിതാ ഫുട്ബോൾ ലീഗിൽ നടക്കാവ് സ്കൂൾ ചലഞ്ചർ എഫ്സിയെ തോൽപിച്ചത് 35–0 എന്ന സ്കോറിലാണ്! കോഴിക്കോട് ജില്ലാ ടീമും ഫൗസിയയുടെ ശിക്ഷണത്തിൽ കിരീടങ്ങൾ നേടി.
ഇന്ത്യൻ ടീമിൽ ഇടംനേടിയ ടി.നിഖില, വൈ.എം.ആഷ്ലി എന്നീ താരങ്ങൾ ‘ഫൗസിയ കളരി’യിലൂടെ വന്നവരാണ്. 2005ൽ മണിപ്പുരിൽ നടന്ന ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിൽ കേരളം 3–ാം സ്ഥാനം നേടിയപ്പോൾ പരിശീലകയായി. 2006ൽ ഒഡീഷയിൽ 2–ാം സ്ഥാനക്കാരായപ്പോൾ സഹപരിശീലകയുമായി.
സംസ്ഥാന സ്കൂൾ ഗെയിംസിൽ പെൺകുട്ടികളുടെ ഫുട്ബോൾ മത്സരയിനമായി ഉൾപ്പെടുത്തിയതു ഫൗസിയയുടെ നിരന്തര ശ്രമത്തിന്റെ ഫലമായാണ്. കഴിഞ്ഞ ജൂണിൽ അർബുദം വീണ്ടും ആക്രമിച്ചെങ്കിലും ഡിസംബർ വരെയും ഓൺലൈനിൽ ഫുട്ബോൾ പാഠങ്ങൾ പറഞ്ഞുകൊടുത്തു.
സ്ഥിരംജോലി തേടിപ്പോകാമായിരുന്നിട്ടും ഫുട്ബോളിനോടുള്ള സ്നേഹംമൂലമാണ് അവസാനകാലംവരെ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്തത്. വനിതാ ഫുട്ബോളിനെ പൊരുതിയും പോരടിച്ചും സംരക്ഷിച്ച ആ മേൽവിലാസമാണു കേരളത്തിനു നഷ്ടമാകുന്നത്.
English Summary: Remembering Fousiya Mambatta