ADVERTISEMENT

സൂപ്പർ ലീഗിലെ കഥ കഴിഞ്ഞെങ്കിലും ഇന്നലെ കേരളത്തിൽ എത്രത്തോളം പേർ ബ്ലാസ്റ്റേഴ്സിന്റെ കളി കണ്ടിട്ടുണ്ടാകും? എന്തായാലും ഐഎസ്എലിലെ പല വമ്പൻ ടീമുകളുടെയും മത്സരത്തിനുള്ളതിനെക്കാൾ കാണികൾ ബ്ലാസ്റ്റേഴ്സ്– ചെന്നൈയ്ൻ മത്സരം കണ്ടിരിക്കും. അടുത്ത സീസണിനുള്ള തയാറെടുപ്പ് തുടങ്ങുന്നതിനു മുൻപു ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഈ കണക്കുകളൊന്നു പരിശോധിക്കുന്നതു നന്നായിരിക്കും.

കേരളം ഫുട്ബോൾ എന്ന ഗെയിമിനെ എങ്ങനെ കാണുന്നുവെന്നു അറിയാൻ അത് ഉപകരിക്കും. ആ വികാരം മനസ്സിലാക്കി, അതിനു വില കൽപ്പിക്കുന്ന വിധത്തിലൊരു പദ്ധതിയും ആസൂത്രണവും നടത്തിയാൽ അതാകും കേരളത്തിനു നിങ്ങൾക്കു നൽകാവുന്ന ഏറ്റവും വലിയ സംഭാവന. ഓരോ വർഷവും ഓരോ കോച്ചിനെയും ഒരു കൂട്ടം കളിക്കാരെയും നിരത്തി ‘ഇവന്റ്’ കണക്കെയൊരു ഉദ്യമം നടത്തുന്നതിനു പകരം പ്രഫഷനലായൊരു സമീപനവും ലക്ഷ്യവുമാണു ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിൽ നിന്ന് ഇന്ത്യൻ ഫുട്ബോൾ പ്രതീക്ഷിക്കുന്നത്.

മുൻപൊരിക്കൽ പറഞ്ഞതു പോലെ, സന്തോഷം നൽകുന്ന കളിയാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് കളിച്ചത്. പക്ഷേ, സങ്കടം നൽകുന്ന ഫലങ്ങളാണു പലപ്പോഴും ടീമിനു ലഭിച്ചത്. ഈ ലീഗിൽ ബ്ലാസ്റ്റേഴ്സിന്റെ സാന്നിധ്യത്തിനു ഫൈനൽ വിസിൽ ആകുമ്പോഴേക്കും സന്തോഷമെല്ലാം സങ്കടത്തിനു വഴിമാറിയെന്ന പക്ഷക്കാരാകും ടീമിന്റെ ആരാധകർ. അതിലൊരു കാരണം കോച്ച് കിബു വിക്കൂനയാകുമെന്ന് തീർച്ച. ഹൈദരാബാദിനെതിരായ മത്സരത്തിനു ശേഷം ഈ സീസണിലെ ദു:ഖചിത്രമാണു കോച്ച് വിക്കൂനയെന്നു ഈ പംക്തിയിലൂടെ അഭിപ്രായപ്പെട്ടിരുന്നു.

blasters

ഏറെ പ്രയത്നിച്ചിട്ടും ആ കോച്ചിന് അർഹിച്ച ഫലം ലഭിക്കാതെ പോയതിന്റെ പേരിലായിരുന്നു ആ തോന്നൽ. തൊട്ടടുത്ത ദിവസം കേട്ടതു കിബു വിക്കൂനയുടെ ബ്ലാസ്റ്റേഴ്സ് ദൗത്യം അവസാനിച്ചുവെന്ന റിപ്പോർട്ടാണ്. അതിശയമായി തോന്നി ആ ഒരു നീക്കം. ബ്ലാസ്റ്റേഴ്സിൽ പോസിറ്റീവ് എന്നു വിശേഷിപ്പിക്കാവുന്ന ചലനങ്ങളുണ്ടാക്കിയ പരിശീലകരിൽ ഒരാളാണു വിക്കൂന. ആകർഷകമായ അറ്റാക്കിങ് ഗെയിമാണു ബ്ലാസ്റ്റേഴ്സിലൂടെ അദ്ദേഹം നടപ്പിലാക്കിയത്.

പ്രതിരോധത്തിലെ വീഴ്ചകൾ ഇല്ലാതിരുന്നെങ്കിൽ ഇന്നു ലീഗിൽ ഏറ്റവുമധികം കയ്യടി കിട്ടുമായിരുന്ന കോച്ചാണു വിക്കൂന. പല മത്സരങ്ങളിലും ഒരു നിമിഷം പോലും ബോറടി തോന്നിപ്പിക്കാത്ത ഗെയിം ബ്ലാസ്റ്റേഴ്സ് സമ്മാനിച്ചതിനു വിക്കൂനയുടെ പങ്ക് ചെറുതല്ല. തീർച്ചയായും ഒരു അവസരം കൂടി ഈ കോച്ച് അർഹിച്ചിരുന്നു. ബ്ലാസ്റ്റേഴ്സിനും അത് ഏറെ ഗുണം ചെയ്തേനെ. ലീഗ് ഫുട്ബോളിൽ സീസൺ മാത്രമേ മാറുന്നുള്ളൂ. ടീമുകൾ തുടർച്ചയാണ്. ഐഎസ്എലിലെ ടീമുകളുടെ കാര്യം തന്നെ ഉദാഹരണമായി മുന്നിലുണ്ട്. ഏതൊരു പരിശീലകനും സ്വതസിദ്ധമായ ശൈലിയിൽ ടീമിനെയൊരുക്കാൻ അൽപം സമയവും സാവകാശവും ആവശ്യമാണ്. ഇനിയെങ്കിലും ബ്ലാസ്റ്റേഴ്സ് ആ യാഥാർഥ്യം തിരിച്ചറിയണം.

Content Highlights: IM Vijayan: Kerala Blasters analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com