ഇംഗ്ലിഷ് പരിശീലകൻ സ്റ്റീവ് കൊപ്പൽ തന്റെ മുൻ ടീമായ ബ്ലാസ്റ്റേഴ്സിന്റെ പുരോഗതി സംബന്ധിച്ചൊരു അന്വേഷണം നടത്തിയാൽ സിനിമാ സ്റ്റൈലിലൊരു മറുപടി കിട്ടിയേക്കും – ഉന്നെ എങ്കെ വിട്ടയോ അങ്കെ താൻ നിക്കിറേൻ. എട്ടു ടീമുകൾ മാത്രമുള്ള ഐഎസ്എലിൽ 6 വിജയവുമായി കൊപ്പലാശാൻ ബ്ലാസ്റ്റേഴ്സിനെ കലാശപ്പോരാട്ടത്തിലേയ്ക്കു നയിച്ചതു നാലു വർഷം മുൻപാണ്. കയ്യെത്തും ദൂരെ കിരീടം കൈവിട്ട ആ സീസണിനു ശേഷം ബ്ലാസ്റ്റേഴ്സ് ഫൈനൽ കളിച്ചിട്ടില്ല. പ്ലേഓഫ് കണ്ടിട്ടില്ല. ലീഗിലെ ക്ലബ്ബുകളുടെയും മത്സരങ്ങളുടെയും എണ്ണം വർധിച്ചിട്ടും കൊപ്പലിന്റെ ടീം നേടിയ വിജയങ്ങൾ മറികടക്കാൻ പോലും സാധിച്ചിട്ടില്ല.
14 മത്സരം, 6 ജയം, 4 സമനില, 4 തോൽവി, 22 പോയിന്റ് – ഇതായിരുന്നു ടീമിൽ വൻ താരങ്ങളെന്നു പറയാൻ ആരുമില്ലാത്ത കൊപ്പലിന്റെ സീസണിലെ കണക്ക്. പിന്നീടു നാലു സീസണുകളിലായി 5 പരിശീലകരെ പരീക്ഷിച്ച ബ്ലാസ്റ്റേഴ്സിന്റെ കണക്കുകൾ ഇങ്ങനെ: 74 മത്സരം, 15 ജയം, 31 സമനില, 28 തോൽവി. വിജയ ശതമാനം വെറും 20.27 %.
കൊപ്പൽ പടിയിറങ്ങിയശേഷം നാലു സീസണുകളിലായി 74 മത്സരങ്ങളിൽ നിന്നു ബ്ലാസ്റ്റേഴ്സിനു നേടാനായതു 76 പോയിന്റാണ്. ലീഗിൽ ആദ്യ രണ്ടു സ്ഥാനത്തുള്ള ബഗാനും മുംബൈയും ചേർന്ന് ഈ സീസണിൽ നേടിയ പോയിന്റ് മാത്രമെടുത്താലും ഇതിലേറെ വരും!
ഗോളിന്റെ കണക്കുകൾ കൂടി പരിശോധിച്ചാൽ ബ്ലാസ്റ്റേഴ്സ് സമ്മാനിക്കുന്ന നിരാശയുടെ ആഴം ഇനിയുമേറും. കഴിഞ്ഞ നാലു സീസണുകളിലെ 74 മത്സരങ്ങളിൽ നിന്നു വെറും 90 ഗോളുകളാണ് ബ്ലാസ്റ്റേഴ്സിൻ്റെ സമ്പാദ്യം. ദിമിതർ ബെർബറ്റോവും ഗാരി ഹൂപ്പറും ബാർത്ത് ഓഗ്ബെചെയും പോലുള്ള പേരെടുത്ത ഫോർവേഡുകളുടെ സാന്നിധ്യമുണ്ടായിട്ടു കൂടെയാണു ഗോളടിയിലെ ഈ നനഞ്ഞ കണക്കുകൾ. ഗോൾ വ്യത്യാസവും ഞെട്ടിപ്പിക്കുന്നതു തന്നെ. 118 തവണയാണ് ഇക്കാലയളവിൽ ബ്ലാസ്റ്റേഴ്സിൻ്റെ വലയിൽ പന്തു കയറിയത്. ഗോൾ വ്യത്യാസം മൈനസ് 28 i
∙ കൊപ്പലിന്റെ വിജയരഹസ്യം?
ഗാരി ഹൂപ്പറും വിൻസന്റെ ഗോമസും പോലുള്ള വൻതാരങ്ങളില്ലാതെ കൊപ്പൽ ബ്ലാസ്റ്റേഴ്സിനെ കലാശപ്പോരാട്ടത്തിലേയ്ക്കു നയിച്ചതിനു പിന്നിൽ കെട്ടുറപ്പുള്ള പ്രതിരോധമാണ്. ടീമിന്റെ ആണിക്കല്ലായ ആരൺ ഹ്യൂസും ഹെങ്ബാർത്തും ഹോസു പ്രീറ്റോയും സന്ദേശ് ജിങ്കാനും ഡിഫൻസീവ് മിഡ്ഫീൽഡിൽ നങ്കൂരമിട്ട മെഹ്താബുമെല്ലാം ചേർന്ന പ്രതിരോധപ്പൂട്ട് ആയിരുന്നു അന്നു ബ്ലാസ്റ്റേഴ്സിന്റെ ന്യൂക്ലിയസ്.
കിബു വിക്കൂനയുടെ ടീമിന്റെ മധ്യത്തിലും മുന്നേറ്റത്തിലും ആളനക്കമേറെയുണ്ടായിട്ടും ബ്ലാസ്റ്റേഴ്സ് പാളിപ്പോയതിന്റെ മുഖ്യകാരണവും പ്രതിരോധ വീഴ്ചകൾ തന്നെ. കോസ്റ്റയും കോനെയും ചേർന്ന വിദേശജോടി ഹ്യൂസ്– ഹെങ്ബാർത്ത് സഖ്യത്തിന്റെ ഏഴയലത്തുപോലും വന്നില്ല. പ്രതിരോധത്തിൽ 11 പേരെ പരീക്ഷിച്ചു സീസൺ പൂർത്തിയാക്കുമ്പോൾപോലും വിശ്വസിക്കാവുന്നൊരു കോംബിനേഷൻ കണ്ടെത്താൻ ടീമിനായില്ല.
English Summary: Steve Coppel's KBFC and Kibu Vicuna's KBFC - A Comparison