sections
MORE

ഖാലിദ് ജമീൽ; ടീമിനെ ഐഎസ്എൽ പ്ലേഓഫിലെത്തിച്ച ആദ്യ ഇന്ത്യൻ കോച്ച്!

khalid-jamil
ഖാലിദ് ജമീൽ (ഐഎസ്എൽ ചിത്രം)
SHARE

രണ്ട് വർഷം മുൻപ് ഐ ലീഗിൽ കൊൽക്കത്ത ഈസ്റ്റ് ബംഗാൾ, ഖാലിദ് ജമീലിനെ മുഖ്യ പരിശീലകനാക്കിയത് 1.25 കോടി രൂപ പ്രതിഫലം നൽകിയാണ്. തൊട്ടു മുൻപത്തെ സീസണിൽ ഐസ്വാൾ എഫ്സിയെ ചരിത്രത്തിലാദ്യമായി ഐ ലീഗ് ചാംപ്യന്മാരാക്കിയതായിരുന്നു ജമീലിന്റെ വിലയുയരാൻ കാരണം. ഇപ്പോൾ ഐഎസ്എലിന്റെ കളിക്കളത്തിൽ ജമീൽ എന്ന പരിശീലകൻ അർപ്പിക്കുന്ന ഓരോ ചുംബനവും ഈ ഇന്ത്യൻ പരിശീലകനെ അതിനേക്കാൾ വിലയുള്ളവനാക്കുന്നു.

ഐഎസ്എലിന്റെ പ്ലേഓഫിലേക്ക് (അവസാന നാലിലേക്ക്) ഇതാദ്യമായി ഒരു ഇന്ത്യൻ പരിശീലകൻ തലയുയർത്തിയെത്തുന്നു, അതും പകരക്കാരനായെത്തി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇത്തവണ ഐഎസ്എലിൽ അവസാന നാലിൽ എത്തിയതോടെ ജമീൽ ചരിത്രം കുറിക്കുകയാണ്. ഓരോ വിജയം നേടുമ്പോഴും ഓരോ ഗോൾ പിറക്കുമ്പോഴും ഗ്രൗണ്ടിൽ മുത്തം വയ്ക്കുന്ന ജമീലിന്റെ ദൃശ്യത്തിന് ദിവസം ചെല്ലുംതോറും മിഴിവേറുന്നു. 

∙ ഐഎസ്എലിലെ ‘ഇന്ത്യൻനെസ്’

ഇന്ത്യൻ താരങ്ങളുടെ എണ്ണംപറഞ്ഞ 2 ഗോളുകളോടെയാണ് വെള്ളിയാഴ്ച കേരള ബ്ലാസ്റ്റേഴ്സിനെ തോൽപിച്ച് നോർത്ത് ഈസ്റ്റ് പ്ലേ ഓഫിലേക്ക് എത്തുന്നതെന്നു വരുമ്പോൾ ജമീലിനിനൊപ്പം ഈ ഇന്ത്യൻനെസ്സ് പൂർത്തിയാകുന്നു. മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സ്പാനിഷ് പരിശീലകൻ ജെറാർഡ് നൂസിനു പകരക്കാരനായി ഒന്നരമാസം മുൻപാണ് ജമീൽ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്. തുടർന്നങ്ങോട്ട് ഒരൊറ്റ തോൽവിയുമില്ലാതെയാണ് ടീം പ്ലേ ഓഫിലേക്കു കയറിവന്നത്. 9 കളികളിൽ 6 വിജയം. 3 സമനില. ജെറാർഡിനു കീഴിൽ ടീമിനു ലഭിച്ചത് 2 വിജയം, 6 സമനില, 3 തോൽവി.

ബെംഗളൂരു എഫ്സിയോടുള്ള 1 – 1 സമനിലയ്ക്കുശേഷണ് ജമീൽ ചുമതലയേൽക്കുന്നത്. തുടർന്നുവന്ന ആദ്യ മത്സരത്തിൽത്തന്നെ ജംഷഡ്പ‌ുരിനെ 2 – 1ന് തോൽപിച്ച് നോർത്ത് ഈസ്റ്റ് മടങ്ങിവരവ് അറിയിച്ചു. ഗോളുകളുടെ കൊടുക്കൽ വാങ്ങലുകളിലുമുണ്ട് ഈ വ്യത്യാസം. മുൻ പരിശീലകന്റെ കാലത്ത് 11 കളിയിൽനിന്ന് 13 ഗോൾ മാത്രമാണ് ടീം നേടിയത്, 15 എണ്ണം തിരിച്ചുവാങ്ങി. ജമീൽ വന്ന ശേഷമുള്ള 9 കളിയിൽനിന്ന് 18 ഗോൾ അടിച്ചു, തിരിച്ചുവാങ്ങിയത് 10 എണ്ണം മാത്രം.

ഇതു രണ്ടാംതവണയാണ് നോർത്ത് ഈസ്റ്റ് പ്ലേഓഫിലെത്തുന്നത്. കഴിഞ്ഞതവണ ഒൻപതാം സ്ഥാനത്തായിരുന്നു ടീം (ആകെ 10 ടീമുകൾ). ഐഎസ്എലിലെ ഏറ്റവും മികച്ച നേട്ടത്തിലാണ് ഇത്തവണ ടീം എത്തിനിൽക്കുന്നത്, 3–ാം സ്ഥാനം. ഇതിനു മുൻപത്തെ മികച്ച നേട്ടം  2018–19 ലെ 4–ാം സ്ഥാനമാണ്. കളത്തിലിറങ്ങുന്നില്ലെങ്കിലും ഒരു ടീമിനെ അപ്പാടെ ഒരു പരിശീലകൻ മാറ്റിയെഴുതുന്നതിന്റെ കൃത്യമായ ഉദാഹരണമായി മാറുകയാണ് ജമീലും നോർത്ത് ഈസ്റ്റും.   

∙ പരിശീലകവിജയം

ഇന്ത്യയ്ക്കുവേണ്ടി 12 തവണ കളത്തിലിറങ്ങിയിട്ടുള്ള ഖാലിദ് ജമീൽ എന്ന മധ്യനിരക്കാരൻ പരുക്കുമൂലം നേരത്തേ കളി നിർത്തിയ താരമാണ്. കളിക്കാരനെന്നതിനേക്കാൾ പരിശീലകനായി തിളങ്ങുകയും ചെയ്യുന്നു. താൻ താരമായിരുന്ന മുംബൈ എഫ്സിയെ ഐ ലീഗിൽ മുൻനിരയിലേക്കു കൊണ്ടുവന്നാണ് ജമീൽ പരിശീലകവേഷത്തിലേക്കെത്തുന്നത്. 2016 – 17ൽ ഐസ്വാൾ എഫ്സിയിലെത്തി. ആ വർഷം അവരെ ഐ ലീഗ് ചാംപ്യന്മാരാക്കി ചരിത്രംകുറിച്ചു. ആദ്യമായാണ് ഒരു നോർത്ത് ഈസ്റ്റ് ടീം ഐ ലീഗ് കിരീടം നേടുന്നത്.

ഇതോടെയാണ് റെക്കോർ‌ഡ് പ്രതിഫലത്തോടെ അടുത്ത വർഷം ജമീലിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്. തൊട്ടടുത്ത വർഷം മോഹൻ ബഗാൻ പരിശീലകനായി. പിന്നീട് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അക്കാദമി വിഭാഗത്തിന്റെ പ്രധാന പരിശീലകനും ഇപ്പോൾ ഐഎസ്എൽ മുഖ്യ ടീമിന്റെയും. മഹീന്ദ്ര യുണൈറ്റഡ്, മുംബൈ എഫ്സി, എയർ ഇന്ത്യ ടീമുകൾക്കായി 37 കളികളിൽനിന്ന് 5 ഗോൾ എന്നതാണ് കളിക്കാരനെന്ന നിലയിലെ ജമീലിന്റെ നേട്ടം.

English Summary: Khalid plays torchbearer for Indian coaches in ISL

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA