sections
MORE

മന്ദർറാവു ദേശായി, നാരായൺ ദാസ്; സൂപ്പർ ലീഗിലെ നൂറാമന്മാർ

mandar-rao-desai-narayan-das
മന്ദർറാവു ദേശായി, നാരായൺ ദാസ്
SHARE

ഐഎസ്എൽ ഫു‌ട്ബോളിലുമുണ്ട് സെഞ്ചുറിയ‌ടിച്ചവർ. ഗോൾനേട്ടത്തിലല്ല, കളത്തിലിറങ്ങിയതിന്റെ പേരിൽ. ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിൽ എത്തിനിൽക്കുമ്പോൾ നൂറിലേറെ മത്സരങ്ങൾ കളിച്ചിട്ടുള്ളവർ നാലുപേരുണ്ട്, എല്ലാവരും ഇന്ത്യൻ താരങ്ങൾ. മുംബൈ സിറ്റി എഫ്സിയുടെ മന്ദർ റാവു ദേശായിയാണ് (29) ഇതിൽ മുൻപിൽ. ആദ്യസീസൺ മുതൽ കളത്തിലുള്ള മന്ദർ ഇതുവരെ 113 മത്സരങ്ങൾ കളിച്ചു. തൊട്ടുപിന്നിൽ ഈസ്റ്റ് ബംഗാളിന്റെ ബംഗാളി താരമായ നാരായൺദാസ് (107 മത്സരങ്ങൾ). ലെന്നി റോഡ്രിഗസ് (എ‌ടികെ മോഹൻ ബഗാൻ, 104), ഹർമൻജ്യോത് കാബ്ര (ബെംഗളൂരു എഫ്സി, 102) എന്നിവരാണ് മറ്റു നൂറാമന്മാർ. 

∙ മന്ദർറാവു ദേശായി

മുംബൈ സിറ്റിയിൽ മൗർത്താദാ ഫാൾ എന്ന അതികായനൊപ്പം പ്രതിരോധനിര കാക്കുന്ന മന്ദർ റാവു ദത്താറാവു ദേശായി ഗോവക്കാരനാണ്. കയറിയിറങ്ങിക്കളിക്കുന്ന മന്ദറിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് 113 മത്സരങ്ങൾ. എത്ര പൊരുതിയാലും ക്ഷീണം ബാധിക്കാത്ത പ്രകടനം തന്നെയാണ് കളിച്ച ടീമുകളു‌ടെയെല്ലാം വിശ്വസ്തനാക്കിമാറ്റിയത്. ഡെംപോ ഗോവയിലൂടെ യൂത്ത് കരിയർ ആരംഭിച്ച മന്ദർ ഐഎസ്എൽ ആദ്യ സീസണിൽത്തന്നെ എഫ്സി ഗോവയിൽ എത്തി. കഴിഞ്ഞ സീസൺ വരെ അവിടെ തുടരുകയും ചെയ്തു. 

പരിശീലകൻ ലൊബേറ ഗോവയിൽനിന്ന് ഈ സീസണിൽ മുംബൈയിൽ എത്തിയപ്പോൾ മന്ദറിനെ കൂടെക്കൂട്ടിയതും വെറുതെയല്ല. ഇതുവരെ 7 ഗോളുകൾ നേടിയിട്ടുണ്ട്. ഇതിനിടെ ഒരുതവണ ബെംഗളൂരു എഫ്സിക്കായി ഐ ലീഗിൽ ലോൺ അടിസ്ഥാനത്തിൽ കളിക്കുകയും ചെയ്തു. ഇന്ത്യൻ സീനിയർ ടീമിനുവേണ്ടി 5 തവണയും അണ്ടർ 23 ടീമിനുവേണ്ടി ഒരു തവണയും ജഴ്സിയിട്ടു. 

∙ നാരായൺ ദാസ്

ടാറ്റാ സ്റ്റീലിന്റെ ടാറ്റാ ഫുട്ബോൾ അക്കാദമിയിൽനിന്ന് (ടിഎഫ്എ)കളി പഠിച്ച നാരായൺ ദാസിന് സ്റ്റീലിന്റെ കരുത്തും തിളക്കവുമാണ്. അതുകൊണ്ടുതന്നെയാണ് ദാസ് വിവിധ ടീമുകളുടെ പിൻനിരയിൽ 107 മത്സരം പൂർത്തിയാക്കിയത്. മറ്റു സീസണുകളിലെന്നപോലെ ഇത്തവണ ഈസ്റ്റ് ബംഗാളിന്റെ നിരയിൽ ആ തിളക്കം കാണിച്ചുതന്നു. ടിഎഫ്എയിൽനിന്ന് പൈലൻ ആരോസിലൂടെ ഐ ലീഗിലേക്ക്. പിന്നെ ഗോവയിലെ ഡെംപോ. 

ഐഎസ്എൽ ആദ്യവർഷംതന്നെ എഫ്സി ഗോവയിൽ. തൊട്ടടുത്ത വർഷം ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനായി കളിച്ചെങ്കിലും അതിനടുത്ത വർഷം പുണെ സിറ്റി എഫ്സിയിലൂടെ ഐഎസ്എലിലേക്ക്. പിന്നീട് പല ടീമുകളിലും ഈ ബംഗാളിയുടെ കരുത്ത് കണ്ടു. വീണ്ടും ഗോവ, ഡൽഹി ഡൈനമോസ്, ഒഡിഷ എഫ്സി, ഒടുവിൽ വീണ്ടും ഈസ്റ്റ് ബംഗാൾ. അണ്ടർ 19 (3തവണ), അണ്ടർ 23(8 തവണ), സീനിയർ ഇന്ത്യൻ ടീമുകൾക്കായി (29) കളിച്ചിട്ടുള്ള നാരായൺ സീനിയർ ടീമിനായി ഒരു ഗോളുമടിച്ചു, പ്യൂർട്ടോറിക്കോയ്ക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ.

∙ ഒരു വർഷം കഴിയണം ഛേത്രി

ചുരുങ്ങിയത് ഇനിയുമൊരു വർഷം കാത്തിരിക്കണം സുനിൽ ഛേത്രിക്ക് ഐഎസ്എൽ ഓൾ ടൈം ടോപ് സ്കോറർ ആകാൻ. ബെംഗളൂരു എഫ്സി നായകനും ഇന്ത്യൻ ക്യാപ്റ്റനുമായ ഈ വെറ്ററൻ താരം നിലവിൽ 47 ഗോളുമായി രണ്ടാം സ്ഥാനത്താണ്. സ്പെയിനിന്റെ ഫെറാന്‍ കോറോമിനോസാണ് മുൻനിരയിൽ, 48 ഗോൾ. 2017 – 2020 സീസൺ ഗോവയ്ക്കായി കളിച്ച കോറോ 57 കളിയിൽനിന്നാണ് ഇത്രയും ഗോളടിച്ചത്. ബെംഗളൂരുവിന്റെ ജഴ്സിയിൽ മാത്രം കളത്തിലിറങ്ങിയിട്ടുള്ള ഛേത്രി 94 കളിയിൽനിന്നും. 

നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്സ് ടീമുകൾക്കായി കളിച്ചിട്ടുള്ള മുംബൈയുടെ ബർത്തലോമ്യു ഓഗ്ബെച്ചെ 55 കളിയിൽനിന്ന് 35 ഗോളുമായി മൂന്നാം സ്ഥാനത്തുണ്ട്. മാഴ്സലീഞ്ഞോ 33 (78), റോയ് കൃഷ്ണ 29 (42) എന്നിവരാണ് തൊട്ടുപിന്നിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA