sections
MORE

‘ഹൈദരാബാദില്‍നിന്ന് ഓഫര്‍ വന്നു; ലക്ഷ്യം നേടാൻ ബ്ലാസ്റ്റേഴ്സിൽ തുടരുന്നു’

prasanth-practice
പ്രശാന്ത് മോഹൻ പരിശീലനത്തിനിടെ
SHARE

മറ്റൊരു ഐഎസ്എൽ സീസൺ, കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവികൾ, പരിശീലകൻ കിബു വിക്കുനയുടെ സ്ഥാനം തെറിച്ചു. നിരാശാജനകമായ പ്രകടനത്തിനിടയിലും സീസൺ വിലയിരുത്തുകയാണ് ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം കെ.പ്രശാന്ത്. 11–ാം സ്ഥാനത്ത് സീസൺ അവസാനിപ്പിക്കേണ്ടി വന്നെങ്കിലും. ഇത്തവണ ടീമിലെത്തിയ വിദേശ താരങ്ങളും സഹൽ അബ്ദു സമദ് ഉൾപ്പെടെയുള്ള യുവ താരങ്ങളും അടുത്ത സീസൺ എന്ന പ്രതീക്ഷയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.....

∙ ഈ സീസൺ വിലയിരുത്തുമ്പോൾ ടീമെന്ന രീതിയിലും കളിക്കാരനെന്ന രീതിയിലും എന്ത് തോന്നുന്നു?

പ്ലേ ഓഫ് കളിക്കണം, ചാംപ്യൻഷിപ് നേടണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് എല്ലാ സീസണിലും ഇറങ്ങുന്നത്. ഇത്തവണ വ്യക്തിപരമായും ചില ലക്ഷ്യങ്ങൾ വച്ചിരുന്നു. എത്ര ഗോൾ നേടും, എത്ര അസിസ്റ്റ്, എന്നൊക്കെ. പക്ഷേ ടീം പിന്നോട്ടു പോയതിനൊപ്പം വ്യക്തിഗത ലക്ഷ്യത്തിലും എത്താൻ കഴിഞ്ഞില്ല. ഇത്തവണ ഇന്ത്യൻ താരങ്ങളും വിദേശ താരങ്ങളും എല്ലാം മികച്ചവരായിരുന്നു. എന്നിട്ടും തോറ്റതിൽ വിഷമമുണ്ട്. പല കളികളും ചെറിയ ചില തെറ്റുകൾ, ശ്രദ്ധക്കുറവ് എന്നിവ മൂലമാണ് തോറ്റത്. എല്ലാവരും പ്രതിരോധത്തെ കുറ്റപ്പെടുത്തുന്നത് കണ്ടു. പക്ഷേ മുന്നേറ്റവും മധ്യനിരയും പ്രസ് ചെയ്തിരുന്നെങ്കിൽ പന്ത് പിന്നിലേക്ക് എത്തില്ല. തോൽവിയിൽ എല്ലാവരും ഒരു പോലെ ഉത്തരവാദികളാണ്. പല കളികളിലും എതിരാളികളുടെ ഗോളുകൾ അവരുടെ ഭാഗ്യം അല്ലെങ്കിൽ നമ്മുടെ പിഴവ് മൂലം ഉണ്ടായതാണ്. അവർ സൃഷ്ടിച്ചെടുത്ത ഗോളുകൾ കുറവാണ്. 

∙ കോച്ചിന്റെ രീതി, മുൻകാല പരിശീലകരിൽ നിന്നുള്ള വ്യത്യാസം?

കളി രീതിയിലും കളിയോടുള്ള സമീപനത്തിലുമെല്ലാം വ്യത്യസ്തനായിരുന്നു കിബു വിക്കുന. നല്ല വ്യക്തി കൂടിയാണ്. ഡിഫൻസിലേക്ക് മാറേണ്ടി വന്നത് എന്റെ പ്രകടനത്തെ ബാധിച്ചു. വിങ്ങറായി കളിക്കാൻ വേണ്ട തയാറെടുപ്പുകളും പരിശീലനവും തുടർച്ചയായി നടത്തിയിരുന്നതിനാൽ മാറ്റം പ്രയാസമായിരുന്നു. ഞാൻ റൈറ്റ് ബാക്ക് സ്ഥാനത്ത് കളിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പ്രതിരോധത്തിൽ നന്നായി കളിക്കാൻ കഴിയുന്നില്ലെന്ന്  കോച്ചിനോട് തുറന്നു പറഞ്ഞു. അതോടെ പഴയ സ്ഥാനത്തേക്ക് തിരികെ പോയി. ആദ്യ കളി മുതലേ വിങ്ങറായി ഇറങ്ങിയിരുന്നെങ്കിൽ നന്നായി കളിക്കാൻ കഴിയുമായിരുന്നു എന്നാണ് വിശ്വാസം. 

∙ കളിക്കാർക്കിടയിലെ ബന്ധവും സൗഹൃദവും?

ആദ്യം മുതലേ തന്നെ കളിക്കാർ തമ്മിൽ ധാരണ കൈവന്നിരുന്നു. കളിക്കാതിരുന്നവർക്കു പോലും ആദ്യ 11ലെ താരങ്ങളുമായി മികച്ച ബന്ധമായിരുന്നു. അബ്ദുൽ ഹക്കു കളിക്കുന്നത് സീനിയർ താരമെന്ന രീതിയിൽ കോസ്റ്റയ്ക്ക് സന്തോഷമായിരുന്നു. മികച്ച നിലവാരമുള്ള വിദേശ താരങ്ങൾ കരുത്തു കൂട്ടി. അവരിൽ നിന്ന് കിട്ടിയ അറിവുകളും സഹായിച്ചു. 

∙ ആദ്യ കളികളിലെ ഗോൾ വരൾച്ച, പ്രത്യേകിച്ച് സൂപ്പർ താരം ഗാരി ഹൂപ്പറിന്റെ?

വിദേശ താരങ്ങൾ ടീമുമായി ഇണങ്ങിച്ചേരാൻ അൽപസമയം എടുത്തു. പിന്നെ ബയോ സെക്ക്വർ ബബിൾ വലിയൊരു ഘടകമായിരുന്നു. പലപ്പോഴും ദിവസങ്ങളോളം മുറിയിലും പരിശീലന കേന്ദ്രത്തിലും മാത്രമായി ചെലവിടേണ്ടി വന്നു. മുൻപ് ഒരു കളി തോറ്റാൽ സഹതാരങ്ങളോട് സംസാരിച്ചും അൽപനേരം തമാശ പറഞ്ഞും മനസ്സ് ശരിയാക്കും. ഇത്തവണ അതിനും കഴിയാത്ത സ്ഥിതിയായിരുന്നല്ലോ... അതൊക്കെയാവാം അദ്ദേഹത്തെ ബാധിച്ചത്. ഗാരി ഹൂപ്പറിന്റെ കളിയുടെ ഗതി മുൻകൂട്ടികാണാനുള്ള കഴിവാണ് ഏറ്റവും വിസ്മയിപ്പിച്ചത്. ടീമിലെ ഏറ്റവും മികച്ച ഫസ്റ്റ് ടച്ചും അദ്ദേഹത്തിന്റേതാണ്. 

∙ കളിക്കാരുടെ കരാർ, കോച്ചിന്റെ പുറത്താക്കൽ?

ഇന്ത്യൻ കളിക്കാർക്കെല്ലാം രണ്ടിൽ കൂടുതൽ വർഷത്തെ കരാർ ബാക്കിയുണ്ട്. എന്റെ കരാറിൽ 2 വർഷം ബാക്കിയുണ്ട്. ചിലപ്പോൾ അടുത്ത തവണയാകും കളി മെച്ചപ്പെടുക. സഹൽ കളിയിൽ വരുത്തിയ മാറ്റം കണ്ടില്ലേ. പ്രതിരോധവും ഫിറ്റ്നസുമായിരുന്നു സഹലിന്റെ ദൗർബല്യങ്ങൾ അത് അവൻ പരിഹരിച്ചു. വിദേശ താരങ്ങളുടെ കരാറിനെക്കുറിച്ച് അറിയില്ല. പരിശീലകനെ പുറത്താക്കുന്നത് ഏതായാലും ടീമിനെ ബാധിക്കും. പക്ഷേ തുടർ തോൽവികൾ ഏറ്റുവാങ്ങുമ്പോൾ കോച്ചിനെ പുറത്താക്കാൻ മാനേജ്മെന്റ് തീരുമാനിക്കുന്നതിൽ അദ്ഭുതപ്പെടാനില്ല. തോൽവിയുടെ ഭാരം പരിശീലകന്റെ തലയിലാണ് വരുന്നത്.

∙ എന്താണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് ടീമിനില്ലാതിരുന്ന എക്സ് ഫാക്ടർ?

തോൽവി സമ്മതിക്കാതെ വീണ്ടും തിരിച്ചടിക്കാനുള്ള മനോബലം ഇത്തവണ ഉണ്ടായില്ല എന്നാണ് വിലയിരുത്തൽ. ആരാധകർ ഇല്ലാത്തതും ടീമിന്റെ പോരാട്ടവീര്യത്തെ ബാധിച്ചു.

∙ പ്രശാന്തിന് എന്താണ് പറ്റിയത്? സോഷ്യൽ മീഡിയ കമന്റുകൾ പ്രശ്നമാകുന്നുണ്ടോ?

ഫെയ്സ്ബുക്കിലും മറ്റും വരുന്ന ചർച്ചകൾ ആദ്യമൊക്കെ വിഷമമുണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അതൊന്നും ശ്രദ്ധിക്കാറില്ല. കളിക്കാരനെന്ന നിലയിൽ ഇനിയും മെച്ചപ്പെടാനുണ്ട്. എന്റെ ഏറ്റവും മികച്ച കളി പുറത്തെടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അടുത്ത സീസണിലേക്കും വ്യക്തിപരമായ ലക്ഷ്യങ്ങൾ വയ്ക്കും. നേടാൻ കഴിയുമെന്നാണ് വിശ്വാസം. മറ്റു പല ഓഫറുകളും വന്നിട്ടും ഞാൻ ടീം വിടാതിരുന്നതും അത് തെളിയിക്കാനാണ്. 

∙ പ്രശാന്ത് ടീം വിടുമോ?

തൽക്കാലം അതിനെപ്പറ്റി ആലോചിക്കുന്നില്ല. ഇനിയുള്ള 2 വർഷവും ക്ലബ്ബിനായി എന്റെ 100 ശതമാനവും നൽകാനാണ് ശ്രമിക്കുന്നത്. ഹൈദരാബാദ് എഫ്സിയിൽ നിന്നൊക്കെ ഓഫർ ഉണ്ടായിരുന്നു. പക്ഷേ ബ്ലാസ്റ്റേഴ്സിനായി തിളങ്ങണമെന്നാണ് ആഗ്രഹം. അതിനു കഴിയുമെന്ന് വിശ്വാസമുണ്ട്. ഞാൻ സന്തുഷ്ടനല്ല, അത് ക്ലബ്ബിലുള്ള അസംതൃപ്തിയല്ല, മറിച്ച് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്തതു മൂലമാണ്.

English Summary: K Prasanth, Kerala Blasters player interview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA