ADVERTISEMENT

മഡ്ഗാവ് (ഗോവ) ∙ കോവിഡ് ഉയർത്തിയ വെല്ലുവിളികളെ കളത്തിനു പുറത്താക്കി അരങ്ങേറിയ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ 7–ാം സീസണിൽ മുംബൈ സിറ്റി എഫ്സി ജേതാക്കൾ. ഫൈനലിൽ എടികെ മോഹൻ ബഗാനെ 2–1നു കീഴടക്കിയാണു മുംബൈ പ്രഥമ കിരീടമുയർത്തിയത്. നേരത്തേ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തി   ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയ മുംബൈ കിരീടത്തിലൂടെ ഡബിൾ തികച്ചു. 

90–ാം മിനിറ്റിൽ ബിപിൻ സിങ് നേടിയ ഗോളാണു മുംബൈയെ ജേതാക്കളാക്കിയത്. ബഗാൻ ഗോൾമുഖത്തേക്ക് മുംബൈ സിറ്റിയുടെ മുർത്താദ ഫോൾ ഉയർത്തിവിട്ട പന്ത് ഒഴിവാക്കാ‍ൻ ബോക്സ് വിട്ടിറങ്ങിയ ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യയ്ക്കു പിഴച്ചു. പന്തു തട്ടിയെടുത്ത മുംബൈ സ്ട്രൈക്കർ ബർത്‌ലോമിയോ ഓഗ്ബെച്ചെ പ്രതിരോധക്കാരെ വെട്ടിച്ചു നൽകിയ പാസ് ഇടംകാൽ ഷോട്ടിലൂടെ വലയ്ക്കുള്ളിലാക്കി ബിപിൻ മുംബൈയ്ക്കു വിജയമധുരം സമ്മാനിച്ചു. 

18–ാം മിനിറ്റിൽ ഡേവിഡ് വില്യംസിലൂടെ എടികെയാണ് ആദ്യം മുന്നിലെത്തിയത്. 29–ാം മിനിറ്റിൽ ടിരിയുടെ സെൽഫ് ഗോളിൽ മുംബൈ ഒപ്പമെത്തി. 2–ാം പകുതിയിൽ മുംബൈ താരം മുഹമ്മദ് റാകിപിന്റെ സെൽഫ് ഗോളിലൂടെ എടികെ മുന്നിലെത്തിയെന്നു കരുതിയെങ്കിലും റഫറി അതിനു മുൻപേ റോയ് കൃഷ്ണയ്ക്കെതിരെ ഓഫ്സൈഡ് വിളിച്ചതിനാൽ ഗോൾ അനുവദിക്കപ്പെട്ടില്ല. 

മുംബൈ താരത്തിന് ഗുരുതര പരുക്ക്

atk-vs-mcfc
എടികെ– മുംബൈ സിറ്റി മത്സരത്തിൽനിന്ന്

മത്സരത്തിനിടെ തലയ്ക്കു ഗുരുതരമായ പരുക്കേറ്റ മുംബൈ താരം അമേയ് റണവദെയെ അടിയന്തരമായി ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റേണ്ടി വന്നു. ഒന്നാം പകുതിയുടെ ഇൻജറി ടൈമിൽ കൂട്ടിയിടിയിൽ പരുക്കേറ്റു നിലത്തുവീണ് പിടഞ്ഞ താരത്തിന് അതിവേഗം പ്രഥമശുശ്രൂഷ നൽകേണ്ടി വന്നു. താരത്തെ എഴുന്നേൽപിച്ചു നിർത്തിയെങ്കിലും തല നേരെ നിൽക്കുന്നുണ്ടായിരുന്നില്ല. സംഭവത്തെത്തുടർന്നു 10 മിനിറ്റോളം മത്സരം നിർത്തിവച്ചു. താരം നിരീക്ഷണത്തിലാണെന്ന് ഐഎസ്എൽ സംഘാടകർ അറിയിച്ചു. 

8 കോടി

ഐഎസ്എൽ ജേതാക്കളായ മുംബൈ സിറ്റിക്ക് 8 കോടി രൂപയാണു സമ്മാനമായി ലഭിക്കുക. 2–ാം സ്ഥാനക്കാരായ ബഗാനു 4 കോടി. 

ഐഎസ്എൽ‌  AWARDS

ഗോൾഡൻ ബോൾ: റോയ് കൃഷ്ണ (എടികെ മോഹൻ ബഗാൻ) 

ഗോൾഡൻ ബൂട്ട്: ഇഗോർ അംഗുലോ (എഫ്സി ഗോവ– 14 ഗോളുകൾ) 

ഗോൾഡൻ ഗ്ലൗവ്: അരിന്ദം ഭട്ടാചാര്യ (എടികെ മോഹൻ ബഗാൻ– 10 ക്ലീൻ ഷീറ്റുകൾ) 

എമേർജിങ് പ്ലെയർ: ലാലെങ്മാ‌വിയ അപുയ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ്) 

English Summary: Mumbai City FC vs ATK Mohun Bagan, Indian Super League (ISL 2021) Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com