ADVERTISEMENT

കൊച്ചി ∙ ഐഎസ്എൽ സീസണിൽ ഒരു ടീമിലെ കളിക്കാർക്കു ശമ്പളമായി നൽകാവുന്ന ആകെത്തുക പരമാവധി 16.5 കോടി രൂപ. അതിനേക്കാൾ കൂടിയ തുകയാണ് 7–ാം സീസണിൽ ഐഎസ്എൽ സംഘാടകർ കോവിഡ് പരിശോധനയ്ക്കും അനുബന്ധകാര്യങ്ങൾക്കുമായി ചെലവിട്ടത്. 17 കോടി രൂപ.

ഒരു ടീമിന് പകരക്കാരെ ഉൾപ്പെടെ 25 കളിക്കാരെ ഇറക്കാൻ ചട്ടപ്രകാരം ചെലവഴിക്കാവുന്ന പരമാവധി തുകയേക്കാൾ കൂടുതൽ പണമാണു സംഘാടകർ ഇക്കഴിഞ്ഞ സീസണിൽ പുറത്തിറക്കിയത്. അതും കോവിഡ് പരിശോധനയ്ക്കും അനുബന്ധസൗകര്യങ്ങൾക്കുമായി. ഗോവയിലെ 14 ഹോട്ടലുകളിലായി 18 ബയോ സെക്യുർ ബബ്‌ൾ സംവിധാനമാണു ലീഗ് തുടങ്ങുംമുൻപേ ഒരുക്കിയത്. ഇതിൽ 11 ടീമുകൾക്കുവേണ്ടിയും ഒന്ന് റഫറിമാർക്കുവേണ്ടിയും മാത്രമുള്ളതായിരുന്നു.

കളിക്കാർ, കോച്ചിങ് സ്റ്റാഫ്, റഫറിമാർ, മറ്റ് ഒഫീഷ്യൽസ്, സംഘാടക ജീവനക്കാർ എന്നിവരെല്ലാമായി 1635 പേര്‍ക്ക് ആർടി–പിസിആർ ടെസ്റ്റ് നടത്തി. ഒരു തവണയല്ല, പലവട്ടം. ഓരോ 72 മണിക്കൂറിലൊരിക്കൽ പരിശോധനയ്ക്ക് ഓരോരുത്തരും വിധേയരാകണം എന്നതായിരുന്നു ചട്ടം. അതനുസരിച്ച് 70,000 ടെസ്റ്റ് നടത്തി. ലീഗ് സംഘാടകർ 26,000 മാസ്കുകൾ കളി നടത്തിപ്പുമായി ബന്ധപ്പെട്ടു വിതരണം ചെയ്തു. ക്ലബുകൾ സ്വന്തം കളിക്കാർക്കും സ്റ്റാഫിനുമായി നൽകിയ മാസ്കുകളുടെ എണ്ണം ഇതിൽപ്പെടുന്നില്ല.

കോവിഡ് ചട്ടങ്ങൾ പാലിക്കാനുള്ള ചെലവിനുമപ്പുറം മുടക്കിയത് 20 കോടി രൂപ. മുഖ്യമായും സ്റ്റേഡിയം വാടക, പരിശീലന മൈതാനങ്ങളുടെ വാടക, ടിവി സംപ്രേഷണത്തിന്റെ ചെലവ് എന്നിങ്ങനെ. ഫറ്റോർദ സ്റ്റേഡിയത്തിന്റെ വാടക നൽകുന്നത് എഫ്സി ഗോവയാണ്. മറ്റു 2 സ്റ്റേഡിയങ്ങളുടെ വാടക സംഘാടകർതന്നെ നൽകി. പരിശീലനത്തിന് 8 മൈതാനങ്ങളാണ് അറ്റകുറ്റപ്പണി നടത്തി വാടകയ്ക്ക് എടുത്തത്. സ്റ്റേഡിയങ്ങളിലും ചില പരിശീലന വേദികളിലും ഫ്ലഡ്‌ലൈറ്റുകൾ സജ്ജമാക്കി, അവയ്ക്കു ജനറേറ്ററും പിന്തുണയും ഒരുക്കി.

എല്ലായിടത്തു ശുചീകരണം, അറ്റകുറ്റപ്പണി, സുരക്ഷ എന്നിവയും ഐഎസ്എൽ സംഘാടകരുടെ വകയായിരുന്നു.
ആകെ നാലായിരത്തിൽപ്പരം മിനിറ്റ് വിഡിയോ ദൃശ്യങ്ങളാണ് ഇക്കഴിഞ്ഞ സീസണിൽ ഐഎസ്എലിൽനിന്നു കളിപ്രേമികൾക്കു ലഭിച്ചത്. 360 മില്യൻ ആളുകൾ അവ കണ്ടു. കളിയുടെ നേരിട്ടുള്ള സംപ്രേഷണത്തിന് ഓരോ സ്റ്റേഡിയത്തിലും ലീഗ് മത്സരങ്ങൾക്കു 19 ക്യാമറകൾവീതം സജ്ജമാക്കിയിരുന്നു.

പ്ലേഓഫ് മുതൽ 2 ക്യാമറകൾകൂടി ഉപയോഗിച്ചു. ടിവി പ്രൊഡക്‌ഷൻ, സംപ്രേഷണം എന്നിവയ്ക്കായി ഗോവയിലും മുംബൈയിലും ഓരോ ടീമുകൾ പ്രവർത്തിച്ചു. 150 പേർ ഇതിൽ പങ്കാളികളായി. ഏഷ്യയുടെ മറ്റു ഭാഗങ്ങൾക്കു പുറമേ ഓസ്ട്രേലിയ, യുഎസ്എ, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിങ്ങനെ 80 ഭൂമിശാസ്ത്ര മേഖലകളിൽ ഐഎസ്എൽ 7–ാം സീസൺ സംപ്രേഷണം ചെയ്തിരുന്നു.

English Summary:Expense Hike in ISL due to Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com