ADVERTISEMENT

മാഞ്ചസ്റ്റർ ∙ സെർജിയോ അഗ്യൂറോ ഈ സീസൺ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റി വിടുകയാണെന്നു പ്രഖ്യാപിച്ചതോടെ ഇംഗ്ലിഷ് ഫുട്ബോൾ ട്രാൻസ്ഫർ വിപണിയിൽ മറ്റൊരു ‘മാഞ്ചസ്റ്റർ ഡാർബി’ക്കു കളമൊരുങ്ങി. അഗ്യൂറോയുടെ അഭാവത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിന്റെ യുവതാരം എർലിങ് ഹാലൻഡിനെ ടീമിലെത്തിക്കാനാണു സിറ്റിയുടെ ശ്രമം. ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പിൻഗാമിയായി അടുത്ത തലമുറയുടെ സൂപ്പർതാരമെന്ന വിശേഷണമുള്ള ഇരുപതുകാരൻ ഹാലൻഡിനായി അയൽക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്തെത്തിയതോടെയാണു ട്രാൻസ്ഫർ വിപണിയിലെ ‘നഗരപ്പോര്’ ശക്തമായത്. 

ലോകത്തിലെ യുവ സ്ട്രൈക്കർമാരിൽ ഗോൾ നേടുന്നതിനുള്ള കഴിവിൽ ഒന്നാം സ്ഥാനത്താണു നോർവീജിയൻ താരമായ ഹാലൻഡ്. കഴിഞ്ഞ വർഷം ഡോർട്മുണ്ടിലെത്തിയ ശേഷം ഇതുവരെ ആകെ 49 മത്സരങ്ങളിൽ നേടിയതു 49 ഗോളുകൾ. യൂറോപ്യൻ പോരാട്ടവേദിയായ ചാംപ്യൻസ് ലീഗിൽ ആകെ 8 കളികളിൽ 12 ഗോളുകൾ. 

സിറ്റി – സാധ്യതകൾ

അർജന്റീനക്കാരൻ അഗ്യൂറോ പോകുന്നതോടെ അനാഥമാകുന്ന സിറ്റിയുടെ മുന്നേറ്റനിരയ്ക്ക് ഏറ്റവും പറ്റിയ സ്ട്രൈക്കർ ഹാലൻഡാണെന്നു കോച്ച് പെപ് ഗ്വാർഡിയോള സൂചിപ്പിച്ചു കഴിഞ്ഞു. സിറ്റിയുടെ മറ്റൊരു സ്ട്രൈക്കറായ ഗബ്രിയേൽ ജിസ്യൂസിന്റെ പ്രകടനം ഓരോ ദിവസവും മങ്ങിവരികയാണ്. ആ സാഹചര്യത്തിൽ ഒരു ഔട്ട് ആൻഡ് ഔട്ട് സ്ട്രൈക്കറെയാണു സിറ്റി തേടുന്നത്. ആ സ്ഥാനത്തേക്ക് ഏറ്റവും യോജിച്ചയാൾ ഹാലൻഡാണ്. ഹാലൻഡിന്റെ പിതാവ് അൽഫ് ഇൻഗേ മുൻ സിറ്റി താരമായിരുന്നതും അനുകൂല ഘടകമാണ്. 2003ൽ  30–ാം വയസ്സിൽ പരുക്കുമൂലം വിരമിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, സിറ്റിയുടെ ഉടമസ്ഥരായ അബുദാബി ബിസിനസ് ഗ്രൂപ്പ് ഒരു റെഡിമെയ്ഡ് താരത്തെ ഇതുവരെ വൻവിലയ്ക്കു വാങ്ങിയിട്ടില്ല. ധനികരായ സിറ്റി മാനേജ്മെന്റിനു ഹാലൻഡിനു വില പറയുക നിസ്സാരമാണ്.  

യുണൈറ്റഡ് – സാധ്യതകൾ

മാൻ. യുണൈറ്റഡിന്റെ നോർവേക്കാരൻ കോച്ച് ഒലെ ഗുണ്ണാർ സോൽഷ്യറുടെ ശിഷ്യനാണു ഹാലൻഡ്. നോർവീജിയൻ ക്ലബ് മോൾഡെയിൽ സോൽഷ്യറുടെ കീഴിൽനിന്നാണു ഹാലൻഡ് ഓസ്ട്രിയൻ ക്ലബ് സാൽസ്ബർഗിലേക്കും അവിടെനിന്നു ഡോ‍ർട്മുണ്ടിലേക്കും കൂടുമാറിയത്. കഴിഞ്ഞ വർഷം 2 കോടി യൂറോയ്ക്കു ഹാലൻഡിനെ വാങ്ങാൻ കഴിയുമായിരുന്നു. താരത്തെ ടീമിലെത്തിക്കാമെന്നു യുണൈറ്റഡിനു പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാൽ, അവസാന നിമിഷം ഹാലൻഡ് ജർമൻ ക്ലബ്ബിൽ ചേരാൻ തീരുമാനമെടുക്കുകയായിരുന്നു. 

English Summary: Manchester City to buy Haaland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com