sections
MORE

ജർമനിയെ അട്ടിമറിച്ച് നോർത്ത് മാസിഡോണിയ

HIGHLIGHTS
  • ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നോർത്ത് മാസിഡോണിയയ്ക്ക് ജയം
  • ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, ഇറ്റലി ടീമുകൾക്കു ജയം
Germany North Macedonia WCup 2022 Soccer
മാസിഡോണിയയ്ക്കു വേണ്ടി ഗോൾ നേടിയ ഗോരാൻ പാൻഡേവ് ടീമംഗങ്ങൾക്കൊപ്പം ആഘോഷിക്കുന്നു. AP Photo/Martin Meissner
SHARE

ബെർലിൻ ∙ ലോകം വെട്ടിപ്പിടിച്ച അലക്സാണ്ടർ ചക്രവർത്തിയുടെ നാട്ടുകാർ ജർമൻ ഫുട്ബോൾ ടീമിനെ വെട്ടിനിരത്തി! ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ജർമനിക്കെതിരെ നോർത്ത് മാസിഡോണിയയ്ക്ക് അട്ടിമറി ജയം (2–1). ദുയ്സ്ബർഗിലെ സ്വന്തം സ്റ്റേഡിയത്തിലാണ് അപ്രതീക്ഷിത തോൽവി എന്നത് ജർമനിയുടെ മുറിവിന്റെ ആഴം കൂട്ടി. 20 വർഷത്തിനിടെ ഇതാദ്യമായാണു സ്വന്തം നാട്ടിൽ ജർമനി ഒരു ലോകകപ്പ് യോഗ്യതാ മത്സരം തോൽക്കുന്നത്. 

85–ാം മിനിറ്റിൽ എൽജിഫ് എൽമാസാണു മാസിഡോണിയയുടെ വിജയഗോൾ നേടിയത്. ആദ്യ പകുതിയുടെ അധിക സമയത്തു ഗൊരാൻ പാൻഡെവിന്റെ ഗോളിൽ മാസിഡോണിയ ലീഡ് നേടിയിരുന്നു. 63–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റിയിലൂടെ ഇൽകായ് ഗുണ്ടോവൻ ജർമനിക്കായി ആ ഗോൾ മടക്കി.

എന്നാൽ, ഉത്സാസാഹത്തോടെ കളിച്ച മാസിഡോണിയ, ഇറ്റാലിയൻ ക്ലബ് നാപ്പോളിയുടെ താരമായ എൽമാസിലൂടെ വിജയമുറപ്പിച്ചു. പാസിങ്ങിലും പന്തവകാശത്തിലും മുന്നിൽ നിന്നെങ്കിലും ജർമനിക്ക് ആ ഗോളിനു മറുപടി നൽകാനായില്ല. ഫിഫ റാങ്കിങ്ങിൽ 65–ാം സ്ഥാനത്തു നിൽക്കുന്ന ടീമാണു നോർത്ത് മാസിഡോണിയ. ജർമനി 13–ാം സ്ഥാനത്തും. 

ഈ വർഷം നടക്കുന്ന യൂറോപ്യൻ ചാംപ്യൻഷിപ്പിനു ശേഷം ദേശീയ ടീമിനോടു വിട പറയുന്ന ജർമൻ പരിശീലകൻ യോക്കിം ലോയ്ക്ക് മുന്നറിയിപ്പായി ഈ തോൽവി. മാസിഡോണിയയുടെ ജയത്തിൽ ‘ലോട്ടറി’യടിച്ചത് ഫിഫ റാങ്കിങ്ങിൽ 99–ാം സ്ഥാനത്തു നിൽക്കുന്ന അർമീനിയയ്ക്കാണ്. റുമേനിയയെ 3–2നു തോൽപിച്ച അവർ ജെ ഗ്രൂപ്പിൽ 3 കളികളും ജയിച്ച് ഒന്നാം സ്ഥാനത്തേക്കു കയറി. മാസിഡോണിയ 2–ാമതും ജർമനി 3–ാമതുമാണ്.

കഷ്ടപ്പെട്ട് ഫ്രാൻസ്

ലോക ചാംപ്യൻമാരായ ഫ്രാൻസിന്റെ കഷ്ടപ്പാട് 3–ാം മത്സരത്തിലും തീർന്നില്ല. ബോസ്നിയയ്ക്കെതിരെ 1–0നാണ് അവർ രക്ഷപ്പെട്ടത്. 60–ാം മിനിറ്റിൽ അന്റോയ്ൻ ഗ്രീസ്മനാണു വിജയഗോൾ നേടിയത്. ആദ്യ കളിയിൽ യുക്രെയ്നോടു സമനില വഴങ്ങിയ ഫ്രാൻസ് 2–ാം മത്സരത്തിൽ കസഖ്സ്ഥാനെതിരെ സെൽഫ് ഗോളിന്റെ സഹായം കൂടി കി‍ട്ടിയാണു ജയിച്ചത്. കോച്ച് റോബർട്ടോ മാൻചീനിയുടെ കീഴിൽ പരാജയമറിയാതെ 25 മത്സരങ്ങൾ പൂർത്തിയാക്കിയ ഇറ്റലി ഇന്നലെ ലിത്വാനിയയെ 2–0നു തോൽപിച്ചു. സ്റ്റെഫാനോ സെൻസിയും സിറോ ഇമ്മൊബീലെയും ഗോൾ നേടി. പരുക്കേറ്റു പുറത്തായ ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്‌കിയെ കൂടാതെ ഇറങ്ങിയ പോളണ്ടിനെ ഇംഗ്ലണ്ട് 2–1നു തോൽപിച്ചു. ഹാരി കെയ്നും ഹാരി മഗ്വയറുമാണു ഗോൾ സ്കോറർമാർ. കൊസവോയെ 3–1നു തോൽപിച്ച സ്പെയിൻ ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്കു കയറി. മികവു തുടരുന്ന ഡെൻമാർക്ക് ഓസ്ട്രിയയെ 4–0നു തോൽപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA