ADVERTISEMENT

ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ഇടവേള കഴിഞ്ഞു. ഇനി ലീഗ് മത്സരങ്ങളുടെ അവസാന ലാപ് പോരാട്ടം. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഏറെക്കുറെ കിരീടമുറപ്പിച്ചെങ്കിലും സ്പാനിഷ്, ഇറ്റാലിയൻ, ജർമൻ, ഫ്ര‍ഞ്ച് ലീഗുകളിൽ കടുത്ത പോരാട്ടമാണ്.

∙ ഉറപ്പാണ് സിറ്റി!

2012ൽ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം ഉറപ്പിച്ചത് സീസണിന്റെ അവസാന ദിവസം കളി തീരാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ‍ിനെ ഗോൾ വ്യത്യാസത്തിൽ മറികടന്നായിരുന്നു സിറ്റിയുടെ കിരീടനേട്ടം. ഇത്തവണ 8 മത്സരങ്ങൾ മാത്രം ശേഷിക്കെ, 2–ാം സ്ഥാനത്തുള്ള യുണൈറ്റഡിനെക്കാൾ 14 പോയിന്റ് ലീഡുണ്ട് സിറ്റിക്ക്. യുണൈറ്റഡിന് 9 മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും സിറ്റിയെ മറികടക്കുക ഏറെക്കുറെ അസാധ്യം. ‌

ചാംപ്യൻസ് ലീഗ് ബെർത്തുകൾക്കാണ് ലീഗിൽ ഇനിയുള്ള പോരാട്ടം. 8 ടീമുകളാണു പ്രീമിയർ ലീഗിൽ നിന്നുള്ള 4 ചാംപ്യൻസ് ലീഗ് ടിക്കറ്റുകൾക്കായി മത്സരിക്കുന്നത്. ടോപ് സ്കോറർ പോരാട്ടത്തിൽ ടോട്ടനം താരം ഹാരി കെയ്നും ലിവർപൂൾ താരം മുഹമ്മദ് സലായും ഒപ്പത്തിനൊപ്പം (17 ഗോളുകൾ).

∙ മിലാൻ മുന്നണി!

ഇറ്റലിയിൽ യുവന്റസിന്റെ കുത്തക തകർത്ത് മിലാൻ ടീമുകൾ ഒന്നും രണ്ടും സ്ഥാനത്തു നിൽക്കുന്നു. ഇവരിലാര് ഏറ്റവും വലിയ ‘ഒറ്റക്കക്ഷിയാകും’ എന്നതാണു ചോദ്യം.11 മത്സരങ്ങൾ ശേഷിക്കുന്ന ഇന്റർ മിലാന് ഒന്നാം സ്ഥാനത്ത് 6 പോയിന്റ് ലീഡുണ്ട്. 3–ാം സ്ഥാനത്തുള്ള യുവന്റസും 7–ാം സ്ഥാനത്തുള്ള ലാസിയോയും തമ്മിലുള്ള വ്യത്യാസം 6 പോയിന്റ് മാത്രം. ‌

ടോപ് സ്കോറർ പോരാട്ടത്തിൽ യുവെ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാമതും (23) ഇന്റർ താരം റൊമേലു ലുക്കാകു (19) 2–ാം സ്ഥാനത്തും നിൽക്കുന്നു.

∙ ത്രികോണ മത്സരം!

സ്പാനിഷ് ലീഗ് പതിവു പോലെ അത്‌ലറ്റിക്കോ–റയൽ–ബാർസിലോന ത്രികോണ മത്സരത്തിലെത്തി നിൽക്കുന്നു. 10 റൗണ്ട് മത്സരങ്ങൾ ശേഷിക്കെ അത്‌ലറ്റിക്കോ (66), ബാർസിലോന (62), റയൽ മഡ്രിഡ് (60) എന്നതാണു പോയിന്റ് നില. 4–ാം സ്ഥാനക്കാരായ സെവിയ്യയുമായുള്ള നാളത്തെ മത്സരം അത്‌ലറ്റിക്കോയ്ക്കു നിർണായകം. മികച്ച ഫോമിലുള്ള ബാർസയ്ക്കു റയൽ വല്ലദോലിഡാണ് അടുത്ത എതിരാളികൾ. ലീഗിൽ കഴിഞ്ഞ 18 കളികളിൽ പതിനഞ്ചും ജയിച്ചാണു ബാർസ കിരീടപ്പോരാട്ടത്തിലേക്കു കുതിച്ചെത്തിയത്.

അപ്രതീക്ഷിത തോൽവികൾ വഴങ്ങിയതാണു റയലിനു തിരിച്ചടിയായത്. 11–ാം തീയതിയിലെ റയൽ–ബാർസ, മേയ് 9ലെ ബാർസ–അ‌ത്‌ലറ്റിക്കോ പോരാട്ടങ്ങൾ കിരീടത്തിൽ നി‍ർണായകം. ടോപ് സ്കോറർ പോരാട്ടത്തിൽ ലയണൽ മെസ്സി (23) ഒന്നാം സ്ഥാനത്ത്. ലൂയി സ്വാരെസ് (19) രണ്ടാമത്.

∙ ഇന്ന് വോട്ടെടുപ്പ്!

ജർമൻ ലീഗിലും ഫ്രഞ്ച് ലീഗിലും ഇന്നു കിരീടത്തിനുള്ള ‘വോട്ടെടുപ്പ് ദിനം.’ ജർമനിയിൽ ഒന്നാം സ്ഥാനക്കാരായ ബയൺ മ്യൂണിക് തൊട്ടു പിന്നിലുള്ള ലൈപ്സീഗിനെ നേരിടുന്നു. നിലവിൽ ബയണിനു 4 പോയിന്റ് ലീഡുണ്ട്. ഫ്രാൻസിൽ ഒന്നാമതുളള പിഎസ്ജി 2–ാം സ്ഥാനക്കാരായ ലില്ലെയെ നേരിടുന്നു. 2 ടീമിനും ഇപ്പോൾ 63 പോയിന്റ്.‌

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കിടെ പരുക്കേറ്റ പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കി മത്സരത്തിനുണ്ടാവില്ല എന്നത് ബയണിന് വലിയ തിരിച്ചടിയാണ്. 35 ഗോളുകളുമായി ലെവൻഡോവ്സ്കി ടോപ് സ്കോറർ പട്ടം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ഫ്രാൻസിൽ 20 ഗോളുകളുമായി കിലിയൻ എംബപ്പെയാണു മുന്നിൽ.

English Summary: Major European Football Leagues - Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com