ADVERTISEMENT

ബെർണഡിറ്റിന്റെ ഹൃദയം പ്രണയത്തിന്റെ വലിയൊരു മൈതാനമാണ്. ഭർത്താവ് ജീൻ പിയറിനെ നാലു പതിറ്റാണ്ടായി ആ മൈതാനത്തു നിന്നു ‘വിരമിക്കാൻ’ അവർ അനുവദിച്ചിട്ടില്ല! മുട്ടുകാലിനു നടത്തിയ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവുമൂലം നീണ്ട 39 വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന ഫുട്ബോൾ താരം ജീൻ പിയർ ആഡംസിന് ഇപ്പോൾ 73 വയസ്സ്. അന്നു തൊട്ടിന്നോളം ജീൻ പിയറിനു കാവലാളായി ഭാര്യ ബെർണഡിറ്റ് ആഡംസ് അരികിലുണ്ട്; ഗോൾവല കാക്കുന്ന ഗോളിയുടെ ജാഗ്രതയോടെ.

എഴുപതുകളിൽ ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പിഎസ്ജിയുടെ ഉരുക്കുകോട്ടയായിരുന്നു ജീൻ പീയർ. 29–ാം വയസ്സിൽ പിഎസ്ജിയുമായി കരാറിലേർപ്പെട്ട പിയർ ക്ലബ്ബിന്റെ മുൻനിര താരങ്ങളിലൊരാളായി മാറുകയായിരുന്നു. 1972–76 കാലഘട്ടത്തിൽ സഹതാരം മരിയസ് ട്രസറിനൊപ്പം ഫ്രാൻസ് ടീമിന്റെ പ്രതിരോധവും പിയർ കാത്തു.

പ്രതിരോധനിരയിലെ മികവു മൂലം ആരാധകർ അദ്ദേഹത്തെ ‘ബ്ലാക്ക് റോക്ക്’ എന്നു വിളിച്ചു. 1948ൽ സെനഗലിൽ ജനിച്ച പിയറിന്റെ കുടുംബം അദ്ദേഹത്തിന്റെ 10–ാമത്തെ വയസ്സിലാണു ഫ്രാൻസിലേക്കു കുടിയേറിയത്. ദാരിദ്ര്യം മറികടക്കാൻ റബർ സംസ്കരണ കമ്പനിയിൽ വരെ ജോലി ചെയ്തെങ്കിലും എഴുപതുകളോടെ ക്ലബ് ഫുട്ബോളിൽ സജീവമായി മാറി. 22 വട്ടം ഫ്രഞ്ച് ദേശീയ ടീമിനായും കളത്തിലിറങ്ങി.

bernadette
ബെർണഡിറ്റ്

1982ൽ കാൽമുട്ടിനേറ്റ പരുക്കാണു പിയറിന്റെ ജീവിതത്തിനു നേരെ ചുവപ്പു കാർഡ് കാണിച്ചത്. ശസ്ത്രക്രിയയ്ക്കു വിധേയനായെങ്കിലും അനസ്തറ്റിസ്റ്റിന്റെ ശ്രദ്ധക്കുറവു മൂലം തലച്ചോറിലേക്കുള്ള ഓക്സിജൻ തടസ്സപ്പെട്ട് അബോധവസ്ഥയിലായി. അന്നു മുതൽ തീർത്തും കിടപ്പിലായ പിയറിനു വേണ്ടി ചിരിക്കുന്നതും കരയുന്നതുമൊക്കെ ബെർണഡിറ്റാണ്.

ചലനശേഷി നഷ്ടപ്പെട്ടുവെങ്കിലും പിയർ എല്ലാമറിയുന്നു എന്ന സന്തോഷമാണു ബെർണഡിറ്റിന്റെ മനസ്സിൽ നിറയെ. ദയാവധം നടപ്പിലാക്കണമെന്ന ആവശ്യവുമായി സുഹൃത്തുക്കൾ ഉൾപ്പെടെ രംഗത്തെത്തിയപ്പോഴും ജീവിതത്തിന്റെ മൈതാനത്തുനിന്നു പ്രിയതമനെ മടക്കി അയയ്ക്കാൻ ബെർണഡിറ്റ് തയാറല്ല. പ്രണയത്തിന്റെ പച്ചവറ്റാത്ത ഹൃദയ മൈതാനത്ത് പിയറിനായുള്ള പ്രാർഥനയുമായി അവർ കാത്തിരിക്കുന്നു...

English Summary: What Happened To Jean-Pierre Adams? Ex-PSG Player Has Been In A Coma For 39 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com