sections
MORE

ഇന്ത്യ തോറ്റത് യുഎഇയോടു മാത്രമല്ല; അർജന്റീനയോടും ബ്രസീലിനോടും കൂടിയാണ്!

india-vs-uae
ഇന്ത്യ–യുഎഇ മത്സരത്തിൽനിന്ന് (ട്വിറ്റർ ചിത്രം)
SHARE

മാർച്ച് അവസാനം രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യയും യുഎഇയും ഏറ്റുമുട്ടിയപ്പോൾ സ്കോർ ബോർഡ് ഇങ്ങനെ: യുഎഇ–6, ഇന്ത്യ–0. യുഎഇയുടെ ഗോൾ സ്കോറർമാർ. അലി മബ്ഖൂത് (3), ഖലീൽ ഇബ്രാഹിം, ഫാബിയോ വിർജിനിയോ ഡി ലിമ, സെബാസ്റ്റ്യൻ ടാഗ്ലിയാബ്യൂ. ആരാണീ അറബികൾക്കിടയിൽ ഇടം പിടിച്ച 2 വിദേശ പേരുകാർ? ഫാബിയോ ബ്രസീലുകാരനാണ്. ടാഗ്ലിയാബ്യൂ അർജന്റീനക്കാരനും. ദേശീയ ടീമിനു കളിപ്പിക്കാൻ വേണ്ടി മാത്രം യുഎഇ പൗരത്വം നൽകിയവരാണിവർ. സാങ്കേതികമായി പറഞ്ഞാൽ ‘നാച്ചുറലൈസ്’ ചെയ്യപ്പെട്ട താരങ്ങൾ. ഇത്തരം നാച്ചുറലൈസ് താരങ്ങളുടെ കൂടി പിൻബലത്തിലാണ് ചൈനയും അറബ് രാജ്യങ്ങളുമെല്ലാം ലോക കായികവേദിയിൽ ‘അൺ നാച്ചുറൽ’ വിജയങ്ങൾ കൊയ്യുന്നത്. 

∙ മെയ്ഡ് ഇൻ ചൈന!

ലോകജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന ചൈനയാണ് കായികതാരങ്ങളെ ‘നാച്ചുറലൈസ്’ ചെയ്ത് ഇറക്കുമതി ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്ന ഒരു രാജ്യമെന്നത് കൗതുകകരമാണ്. പണക്കൊഴുപ്പിൽ കൈ തരിച്ചു നിന്നിരുന്ന ചൈനീസ് സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബുകളാണ് അതിനു തുടക്കമിട്ടത്. മുത്തഛനോ മുത്തശ്ശിയോ ചൈനീസ് ആണെങ്കിൽ ഏതു വിദേശതാരത്തെയും പിടിച്ച് ‘നാച്ചുറലൈസ്’ ചെയ്യുന്നതായിരുന്നു അവരുടെ രീതി. 2019ൽ, നോർവെക്കാരനായ ജോൺ ഹൗ സെയ്റ്ററാണ് ഇങ്ങനെ ‘ചൈനക്കാരനായ’ ആദ്യത്തെയാൾ. ചൈനീസ് ചുവയുള്ള പുതിയ പേരും സെയ്റ്റർക്കു കിട്ടി– ഹൗ യോങ്‌യോങ്.

ഗാബോൺകാരനായ അലക്സാണ്ടർ എൻദൗംബൗ (ക്വിയാൻ ജിയെഗെയ്), ഇംഗ്ലിഷുകാരനായ നിക്കോ യെന്നാരിസ് (ലീ കെ), പോർച്ചുഗൽകാരനായ പെഡ്രോ ദെൽഗാഡോ (ദെയെരിജിയാദുവോ) എന്നിവരെല്ലാം സെയ്റ്ററുടെ പിന്നാലെയെത്തി. ഇതിൽ ലീ കെ ചേനീസ് ദേശീയ ടീമിനു വേണ്ടി ജഴ്സിയണിയുന്ന ആദ്യത്തെ നാച്ചുറലൈസ്ഡ് താരവുമായി. 

∙ മൻഡാരിൻ പഠിക്കണം, ദേശീയ ഗാനം പാടണം! 

മേൽപ്പറഞ്ഞവർക്കെല്ലാം ചൈനീസ് ബന്ധമുണ്ടായിരുന്നെന്നു പറയാം. എന്നാൽ ജന്മം കൊണ്ട് ഒരു ചൈനീസ് ബന്ധവും ഇല്ലാത്ത 5 ബ്രസീലുകാർക്കും കിട്ടി പൗരത്വം. എൽക്സൺ (എയ് കെസാൻ), അലോയ്സോ ദോസ് സാന്റോസ് ഗോൺസാൽവസ് (ലുവോ ഗുവോഫു), അലൻ കാർവാലോ (അ ലാൻ), റിക്കാർഡോ ഗൗലാർട്ട് (ഗാവോ ലെയ്റ്റ്), ഫെർണാണ്ടീഞ്ഞോ (ഫെയ് നാൻഡുവോ)! പൗരത്വം നൽകുന്നതിനുള്ള നിയമനടപടികൾ ഉദാരവൽക്കരിച്ചതാണ് ചൈനീസ് ക്ലബുകൾക്കും വിദേശതാരങ്ങൾക്കും തുണയായത്.

എന്നാൽ ‘ചൈനീസ് പൗരത്വ പരീക്ഷ’ പാസാവാനുള്ള ചില മാനദണ്ഡങ്ങൾ രസകരമാണ്. ചൈനീസ് ചരിത്രവും ഭാഷയും പഠിക്കണം എന്നതാണത്. ചൈനയോടുള്ള കൂറ് മനസ്സിൽ അടിയുറക്കുന്നതിനാണത്രേ ഇത്. ചൈനീസ് ദേശീയ ഗാനം തെറ്റാതെ പാടാനും പഠിക്കണം. നാച്ചുറലൈസ്ഡ് താരങ്ങളുടെ ‘രാജ്യസ്നേഹത്തെ’ക്കുറിച്ച് ക്ലബുകൾ ഇടയ്ക്കിടെ റിപ്പോർട്ട് നൽകുകയും വേണം! 

∙ ഖത്തറിന്റെ ‘വിദേശ ടീം’ 

അറബ് മേഖലയിലെ സമ്പന്ന രാജ്യങ്ങളായ ഖത്തറും ബഹ്റൈനും ‘നാച്ചുറലൈസേഷൻ’ കൊണ്ട് കായികലോകത്ത് വിപ്ലവം സൃഷ്ടിച്ചവരാണ്. 2016 റിയോ ഒളിംപിക്സിൽ ഖത്തറിനു വേണ്ടി മത്സരിച്ച 39 അത്‌ലീറ്റുകളിൽ 23 പേരും നാച്ചുറലൈസ്ഡ് താരങ്ങളായിരുന്നു. കെനിയൻ ഓട്ടക്കാരും ബൾഗേറിയൻ ഭാരോദ്വഹന താരങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടും. ബഹ്റൈന് ഒളിംപിക് ചരിത്രത്തിൽ ഇതുവരെ കിട്ടിയ 3 മെഡലുകളും നേടിയത് ‘ആഫ്രിക്കൻ താരങ്ങളാണ്’. അവരുടെ എക്കാലത്തെയും മികച്ച അത്‌ലീറ്റ് ആയ സൽവ ഈദ് നാസർ ജനിച്ചത് നൈജീരിയയിലാണ്.

2015ൽ കായികലോകത്തെ അമ്പരപ്പിച്ച് ലോക ഹാൻഡ് ബോൾ ചാംപ്യൻഷിപ്പിൽ റണ്ണർ അപ്പായ ഖത്തർ ടീം ‘വിദേശ താരങ്ങളുടെ’ ഒരു സംഘമായിരുന്നു. മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യങ്ങളും കായിക അവസരങ്ങളും കണ്ടു കൊണ്ടാണ് ആഫ്രിക്കൻ താരങ്ങൾ അറബ് രാജ്യങ്ങളിലേക്കു ചേക്കറുന്നത്. എന്നാൽ സ്വദേശി താരങ്ങളുടെ വഴിയടയ്ക്കുകയാണ് ഇതിലൂടെ ചെയ്യുന്നത് എന്ന ആരോപണങ്ങളും ശക്തമാണ്. 

∙ അറാത്ത ഇസുമി എന്ന നീൽകാന്ത് 

ഇന്ത്യൻ ഫുട്ബോൾ ടീമിനു വേണ്ടി കളിച്ച ‘നീൽകാന്ത് ഖംബോൽജ’ എന്ന താരത്തെ അറിയാമോ? അദ്ദേഹത്തിന്റെ ജാപ്പനീസ് പേരു കേട്ടാൽ നമ്മൾ ശരിക്കറിയും– അറാത്ത ഇസുമി! ഈസ്റ്റ് ബംഗാൾ, മഹീന്ദ്ര യുണൈറ്റഡ്, അത്‌ലറ്റിക്കോ ഡി കൊൽക്കത്ത, കേരള ബ്ലാസ്റ്റേഴ്സ് എന്നിവർക്കു വേണ്ടിയെല്ലാം കളിച്ചിട്ടുള്ള അറാത്ത 2012ലാണ് തന്റെ ജാപ്പനീസ് പാസ്പോർട്ട് കൈവെടിഞ്ഞതിനു ശേഷം ഇന്ത്യൻ പൗരനായത്. നീൽകാന്ത് ഖംബോൽജ എന്ന ഇന്ത്യൻ പേര് സ്വീകരിച്ചെങ്കിലും ആരാധകർ പഴയ പേരു തന്നെ തുടർന്നു. ജാപ്പനീസ് വംശജയായ അക്കിയോ ഇസുമിയാണ് അറാത്തയുടെ അമ്മ. അച്ഛൻ ഗുജറാത്തുകാരനായ നരേന്ദ്ര ഖംബോൽജയും. ജപ്പാനിലെ ഷിമോനോസെകി നഗരത്തിലാണ് അറാത്ത ജനിച്ചത്.

അറാത്തയെപ്പോലെ മികവുള്ള താരങ്ങളെ ഇന്ത്യ നാച്ചുറൈലൈസ് ചെയ്ത് ദേശീയ ടീമിലെത്തിക്കണമെന്ന് പരിശീലകരായ സ്റ്റീഫൻ കോൺസ്റ്റന്റൈനും ഇഗോർ സ്റ്റിമാച്ചുമെല്ലാം ആവശ്യമുയർത്തിയിരുന്നു. ഇന്ത്യ ഈ വഴിക്കു നീങ്ങിയിരുന്നെങ്കിൽ ജർമൻ ക്ലബ്ബായ ബയൺ മ്യൂണിക്കിനു വേണ്ടി കളിച്ചിട്ടുള്ള സർപ്രീത് സിങ്ങിനെ വരെ ടീമിലെത്തിക്കാമായിരുന്നു. എന്നാൽ മികച്ച ഫുട്ബോൾ സൗകര്യങ്ങൾ വിട്ട് സർപ്രീത് ഇന്ത്യയിലേക്കു വരാൻ തയാറാകുമോ എന്നത് മറ്റൊരു കാര്യം. ന്യൂസീലൻഡിലെ ഓക്ക്‌ലൻഡിൽ ജനിച്ച സർപ്രീത് ഒടുവിൽ ന്യൂസീലൻഡിനെ തന്നെ ദേശീയ ടീം ആയി സ്വീകരിക്കുകയായിരുന്നു.

English Summary: Naturalized Sports Stars

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA