ഏഷ്യയുടെ ചാംപ്യൻസ് ലീഗിൽ ഇന്ത്യൻ കരുത്ത് തെളിയിക്കാൻ എഫ്‍സി ഗോവ!

juan-ferrando
എഫ്സി ഗോവയുടെ സ്പാനിഷ് പരിശീലകൻ യുവാൻ ഫെറാൻഡോ
SHARE

ഇന്ത്യയിൽനിന്ന് ആദ്യമായൊരു ക്ലബ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) ചാംപ്യൻസ് ലീഗ് കളിക്കുന്നു. ലീഗിലെ ഗ്രൂപ്പ് ‘ഇ’ മത്സരങ്ങൾക്ക് ഇന്ന് (ഏപ്രിൽ 14) ഗോവയിൽ തുടക്കം. കടുപ്പക്കാരായ എതിരാളികൾക്കെതിരെ ബൂട്ടുകെട്ടുന്നതിനു മുൻപ് എഫ്സി ഗോവയുടെ സ്പാനിഷ് പരിശീലകൻ യുവാൻ ഫെറാൻഡോ ‘മനോരമ ഓൺലൈനുമായി’  സംഭാഷണത്തിൽ....

∙ എത്രത്തോളം ഒരുങ്ങിയിട്ടുണ്ട് എഫ്സി ഗോവ? മാനസികമായും ശാരീരികമായും...?

ചാംപ്യൻസ് ലീഗ് കളിക്കുക എന്ന ത്രസിപ്പിക്കുന്ന അനുഭവത്തിലേക്കു കടന്നുകഴിഞ്ഞു. ക്ലബിനു മാത്രമല്ല, ഇന്ത്യൻ ഫുട്ബോളിനാകെ ഇത് അഭിമാന മുഹൂർത്തം. ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളോടാണു ഞങ്ങൾ ഏറ്റുമുട്ടാൻ പോകുന്നത്. അതൊരു ബഹുമതിയാണ്. വലിയ വെല്ലുവിളിയും. ഐഎസ്എൽ സീസണിനുശേഷമുള്ള ചെറിയ ഇടവേളയൊഴിച്ചാൽ ഞങ്ങൾ പൂർണമായും തയാറെടുപ്പിലായിരുന്നു. കളിക്കാർക്കൊരു പുനരുജ്ജീവനം വേണമായിരുന്നു. ആ ചെറിയ ഇടവേള അതിനായിട്ടാണു വിനിയോഗിച്ചത്. അതെ, ഞങ്ങൾ പൂർണമായും കളിക്കളത്തിൽത്തന്നെയാണ്. ഇവിടെയുണ്ട്. കുതിക്കാൻ തയാർ.

∙ എഎഫ്സി ലീഗിനായുള്ള തയാറെടുപ്പുകൾ എങ്ങനെയായിരുന്നു? ഇന്ത്യൻ കളിക്കാർ എല്ലാവരുംതന്നെ ഇത്തരമൊരു വലിയ വേദിയിൽ ആദ്യമാണ്. അവരിലേക്ക് ആത്മവിശ്വാസം കുത്തിവച്ചത് എങ്ങനെ?

അതെ, അവർക്ക് ഇത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, ഏറ്റവും വലിയ മത്സരവേദിയാണ്. അതുകൊണ്ടുതന്നെ ഈ നിമിഷങ്ങൾ പരമാവധി ആസ്വദിക്കണമെന്നാണ് എനിക്കു പറയാനുള്ളത്. ഒരു സമയം, ഒരു മുഹൂർത്തം, ഒരു ദൗത്യം. അതുമാത്രം ചിന്തിക്കുക. മുന്നോട്ടു നോക്കുക, മുന്നോട്ടു പോകുക. അതാണു ഞങ്ങൾ ചെയ്യുന്നത്. വരാനിരിക്കുന്നവയെക്കുറിച്ച് കളിക്കാർ ആവേശഭരിതരാണ്. ഞങ്ങളുടെ കളിക്കാർ പ്രതിഭാധനരാണ്. അവരുടെ കഴിവി‍ൽ വിശ്വസിച്ചാൽമാത്രം മതി. ആ വിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നതാണ് എന്റെ ജോലി. വിജയം കൈവരിക്കാനുള്ള നിലയിൽ ചുവടുറപ്പിക്കാൻ അവരെ പ്രാപ്തരാക്കുക എന്നതാണു ഞാൻ ചെയ്യുന്നത്.

ഇറാൻ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽനിന്നുള്ള ടീമുകളാണല്ലോ എതിരാളികൾ. അവരുടെ കളിക്കാരെല്ലാംതന്നെ മികച്ച ശാരീരിക യോഗ്യതകൾ ഉള്ളവർ. ശാരീരികമായ ഈ വെല്ലുവിളി എങ്ങനെ തരണം ചെയ്യും?

എല്ലായ്പ്പോഴും എതിരാളികളെ മാത്രം ഫോക്കസ് ചെയ്തു തയാറെടുപ്പു സാധ്യമാവില്ല. എതിരാളികൾ മികച്ച ടീമുകളാണ്. അവരുടെ കളിക്കാർ വ്യക്തിഗതമായി ഏറെ കഴിവുകൾ ഉള്ളവരാണ്. അവർ ഈ ടൂർണമെന്റിൽ മുൻപും കളിച്ചിട്ടുമുണ്ട്. കഴിവു തെളിയിച്ചിട്ടുമുണ്ട്. നമ്മളെ നേരിടാൻ അവർ വരുമ്പോൾ തന്ത്രങ്ങൾകൊണ്ടും ഗെയിംപ്ലാൻകൊണ്ടും എങ്ങനെ നേരിടണം, പിന്നിലാക്കണം എന്ന തിരിച്ചറിവും വിവേകവുമാണു വേണ്ടത്.

∙ ആക്രമിക്കുന്ന കോച്ച്. പക്ഷേ മുൻനിരയിൽ ഇഗോർ ആംഗുലോ എന്ന ആക്രമണകാരിയില്ല. ഈ സാഹചര്യം എങ്ങനെ വിലയിരുത്തുന്നു? ആക്രമണത്തിലെ സാധ്യതകൾ എങ്ങനെയെല്ലാമാണ്?

ഇഗോർ മഹാനായ കളിക്കാരനാണ്. ടീമിൽ അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹമുണ്ട്. പക്ഷേ അദ്ദേഹം ഇല്ലാതെതന്നെ ലൈനപ്പിൽ പല സാധ്യതകളും തെളിഞ്ഞുകിടപ്പുണ്ട്. ഐഎസ്എലിൽ അദ്ദേഹം കളിക്കാത്ത മത്സരങ്ങളിലും ഞങ്ങൾ നന്നായി ആക്രമിച്ചല്ലോ. ഞങ്ങൾക്കൊരു ഫിലോസഫിയേയുള്ളൂ. അത് എഎഫ്സി ലീഗിലും തുടരും.

∙ താങ്കളുടെ പ്രിയശിഷ്യനാണു നൊഗ്വേറ (പക്ഷേ എഎഫ്സി ലീഗിൽ ഇല്ല). എന്തു തോന്നുന്നു?

ടീമിൽനിന്നു ചിലരെ വിട്ടുകളയുന്നതു കടുത്ത തീരുമാനമാണ്. പ്രത്യേകിച്ചു നൊഗ്വേറയെപ്പോലൊരു കളിക്കാരനെ. കളിക്കളത്തിനകത്തും പുറത്തും വലിയ സ്വാധീനം ചെലുത്തിയിട്ടുള്ളവരാണു ഞങ്ങളുടെ വിദേശതാരങ്ങൾ. നൊഗ്വേറ ടീമിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഇപ്പോഴും ഞാൻ ആഗ്രഹിച്ചുപോകുന്നു. പക്ഷേ ഞങ്ങളുടെ പ്രതിരോധം താരതമ്യേന നേർത്തതാണെന്നൊരു തോന്നൽ. ആ ഭാഗം കൂടുതൽ ശക്തിപ്പെടുത്തണമായിരുന്നു. അതുകൊണ്ടു നൊഗ്വേറയെ വിട്ടുകളഞ്ഞു.

∙ കടുപ്പക്കാരായ എതിരാളികളുമായുള്ള 6 മത്സരങ്ങളെ എങ്ങനെ കാണുന്നു? തന്ത്രം, പോരാട്ടവീര്യം, അനുഭവസമ്പത്ത്....

ഏഷ്യയിലെ ഏറ്റവും മികച്ച ടൂർണമെന്റാണിത്. ഞങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പ് മാത്രമല്ല, എല്ലാ ഗ്രൂപ്പിലും മത്സരങ്ങൾ കടുപ്പംതന്നെ. ഓരോ എതിരാളിയെയും ഞങ്ങൾ പഠിച്ചു. സൂക്ഷ്മവശങ്ങളുടെ പഠനത്തിൽനിന്ന് ഞങ്ങൾക്കു നേട്ടമുണ്ടാക്കാവുന്ന പോയിന്റുകൾ കിട്ടിയിട്ടുണ്ട്. പോരാട്ടവീര്യത്തിന്റെ കാര്യത്തിൽ ഞങ്ങൾ ഒട്ടും പിന്നിലല്ല. ഇതൊരു ‘സ്പെഷൽ’ ടീമാണ്. ഐഎസ്എലിലെ പ്രകടനംതന്നെ അതിനുദാഹരണം. പോരാട്ടം ഈസിയായി വിട്ടുകൊടുക്കുന്ന കൂട്ടരല്ല ഈ യുവാക്കൾ. അതുതന്നെ ഏറ്റവും വലിയ കരുത്ത്.

∙ കാലാവസ്ഥയും മൈതാനവും എഫ്സി ഗോവയ്ക്കു പരിചിതമാണ്. മുൻതൂക്കം ലഭിക്കുമോ?

ആത്മാർഥമായി പറയട്ടെ, ഇതൊരു മുൻതൂക്കമേയല്ല. ലോകകപ്പ്, യുവേഫ ചാംപ്യൻസ് ലീഗ്, കോപ്പ ലിബർട്ടഡോറസ് തുടങ്ങിയ ലോകവേദിയിലെ ടൂർണമെന്റുകളിലൊന്നാണ് എഎഫ്സി ചാംപ്യൻസ് ലീഗും. ഇത്തരം മത്സരങ്ങളിൽ മോട്ടിവേഷൻ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. അതുകഴിഞ്ഞേ മറ്റെന്തുമുള്ളൂ. ഈ അവസരം, അതിന്റെ പ്രാധാന്യം. അതു മനസ്സിലാക്കുക. ഇത്തരമൊരു മത്സരത്തിൽ കളിക്കാൻ കഴിയുന്നതുതന്നെയാണ് ഏറ്റവും വലിയ അഭിമാനം. ആ ഒരു ബോധം ഉണ്ടാകുമ്പോൾ മറ്റെല്ലാം അപ്രസക്തം.

∙ എഫ്സി ഗോവ മെച്ചപ്പെടേണ്ട മേഖലകൾ ഏതൊക്കെ? സെറ്റ്–പീസ്? പ്രതിരോധം?

സത്യം പറയാം, എല്ലാ മേഖലകളും മെച്ചപ്പെടുത്തേണ്ടതുതന്നെ. പുറമേക്ക് ഒന്നുരച്ചുനോക്കിയാൽ മതി, അകത്തു പ്രതിഭയുടെ തിളക്കം കാണാനാവും. വിജയം കൈവരിക്കാനുള്ള കഴിവ് ഈ ടീമിനുണ്ട്. ഓരോ ദിവസവും ‍ഞങ്ങൾ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്.

∙ സ്റ്റേഡിയത്തിൽ കാണികളുണ്ടാവില്ല. എന്തു തോന്നുന്നു?

സങ്കടമുണ്ട്. അതിന്റെ കാരണങ്ങൾ നമുക്കെല്ലാം അറിയാം. കാണികളില്ലാത്ത ഫുട്ബോൾ, കാണികളുള്ള ഫുട്ബോളിനു തുല്യമല്ല. പക്ഷേ ഇതൊരു ‘സ്പെഷൽ’ സാഹചര്യമാണ്. ഈ സാഹചര്യത്തിനൊത്ത ‘സ്പെഷൽ’ കാണികൾ നമുക്കുണ്ട്. അവരാണ് ഇവിടെ പ്രധാനം. ഓക്കേ, നമുക്ക്  ഈ അവസ്ഥയോടു പൊരുത്തപ്പെടാം, നമ്മുടെ ശ്രദ്ധ കളിയിൽ മാത്രമായി കേന്ദ്രീകരിക്കാം.

∙ ഇഷാൻ പണ്ഡിതയെക്കുറിച്ച്...?

നല്ല കളിക്കാരൻ. ഇഷാന്റെ നാളുകൾ വരാൻ പോകുന്നതേയുള്ളൂ. ഗോളടിക്കാനാവുമെന്ന് ഐഎസ്എലിൽ തെളിയിച്ചുകഴിഞ്ഞു. അതു ഞങ്ങളുടെ ടീമിനു പകരുന്ന പുത്തൻമാനങ്ങൾ ചെറുതല്ല.  പക്ഷേ ഒത്തിരി മുന്നേറാനുണ്ട് ഈ യുവതാരം. അദ്ദേഹത്തിന്റെ മനോഭാവം മുന്നേറ്റത്തിനു സഹായകമാണ്. ഞങ്ങൾ തുടർന്നും ഒരുമിച്ചു പ്രവർത്തിക്കും. കഴിവുകൾ പ്രകടിപ്പിക്കാൻ എഎഫ്സി ചാംപ്യൻസ് ലീഗ് ഇഷാൻ പണ്ഡതയ്ക്കു വലിയൊരു അവസരമാണ്.

∙ യുവാൻ ഫെറാൻഡോ (40)

ഉയരം: ആറടി രണ്ടിഞ്ച്. പരുക്കുകളിൽ പൊലിഞ്ഞുപോയ കളിക്കാരൻ. അതുകൊണ്ടുതന്നെ ചെറുപ്പത്തിലേ പരിശീലകന്റെ കുപ്പായത്തിലേക്ക്. 18–ാം വയസ്സിൽ പരിശീലകനായി. പ്രായോഗികപാഠങ്ങൾ എഫ്സി ബാർസിലോന ‘ബി’ ടീമിന്റെ തട്ടകത്തിൽനിന്ന്. ‘ലാ ലിഗ’ ക്ലബ് മാലഗയുടെ ടെക്നിക്കൽ സ്റ്റാഫായി വളർച്ച. മൊൾദോവയിലെ ഷെരിഫ് ടിരാസ്പോളിനെ യുവേഫ ചാംപ്യൻസ് ലീഗ് യോഗ്യതാറൗണ്ടിലേക്കു നയിച്ചു. യൂറോപ്പാ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്കും ടീമിനെ കൊണ്ടുപോയി. ടോട്ടനം ഹോട്സ്പർ ഉൾപ്പെട്ട ഗ്രൂപ്പിൽ മൂന്നാമതെത്തി. ഗ്രീസിലും സ്പെയിനിലും ജോലി ചെയ്തു. ഐഎസ്എൽ കഴിഞ്ഞയുടൻ കോവിഡ് ബാധിതനായി. മോചിതനായ ഉടൻ, ക്ഷീണം വകവയ്ക്കാതെ ടീമിനൊപ്പം. ഇപ്പോൾ മനസ്സിൽ ഒരു ചിന്തമാത്രം: എഎഫ്സി ചാംപ്യൻസ് ലീഗ്.

∙ കളി എവിടെ കാണാം?

ഇന്ന് ഇന്ത്യൻ സമയം രാത്രി 10.30

എഫ്സി ഗോവ–അൽ റയ്യാൻ, ഖത്തർ

വേദി: നെഹ്റു സ്റ്റേഡിയം, ഫറ്റോർദ

സ്റ്റാർ സ്പോർട്സ് 3ൽ തത്സമയം.

ഡിസ്നി ഹോട്സ്റ്റാറിൽ ലൈവ് സ്ട്രീമിങ്

∙ ആരാണ് അൽ റയ്യാൻ?

ഖത്തർ സ്റ്റാർസ് ലീഗിലെ (2020–21) മൂന്നാം സ്ഥാനക്കാർ. 1998 ലോകകപ്പ് നേടിയ ഫ്രഞ്ച് താരം, മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്ജി കളിക്കാരൻ ലോറോ ബ്ലാ പരിശീലിപ്പിക്കുന്ന ടീം. ഖത്തർ ലീഗ് 8 തവണ നേടിയിട്ടുണ്ട്.

English Summary: AFC Champions League 2021: FC Goa and Juan Ferrando gear up for toughest test

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS