ADVERTISEMENT

മഡ്രിഡ്∙ ജയിച്ചാൽ ലാലിഗ കിരീടപ്പോരാട്ടത്തിൽ ഒന്നാം സ്ഥാനമെന്ന ലക്ഷ്യവുമായി ഇറങ്ങിയ സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിന് സെവിയ്യയ്‌ക്കെതിരെ സമനിലക്കുരുക്ക്. അവസാന മിനിറ്റുവരെ തോൽവിയുടെ വക്കിലായിരുന്ന റയലിന്, ഇൻജറി ടൈമിന്റെ നാലാം മിനിറ്റിൽ ഡിഗോ കാർലോസ് വഴങ്ങിയ സെൽഫ് ഗോളാണ് പിടിവള്ളിയായത്. ടോണി ക്രൂസിന്റെ ഷോട്ട് കാർലോസിന്റെ കാലിൽത്തട്ടി ഗതിമാറി വലയിൽ കയറുകയായിരുന്നു. പകരക്കാരൻ താരം മാർക്കോ അസെൻസിയോയുടെ വകയാണ് റയലിന്റെ ആദ്യ ഗോൾ. 67–ാം മിനിറ്റിലായിരുന്നു ഇത്. സെവിയ്യയ്ക്കായി ഫെർണാണ്ടോ റിഗസ് (22), ഇവാൻ റാക്കിട്ടിച്ച് (78–പെനൽറ്റി) എന്നിവർ ഗോൾ നേടി. ആദ്യ ഗോളിനു വഴിയൊരുക്കിയും രണ്ടാം ഗോൾ നേടിയും ബാർസിലോനയുടെ മുൻ താരം കൂടിയായ ക്രൊയേഷ്യക്കാരൻ ഇവാൻ റാക്കിട്ടിച്ച് സെവിയ്യയുടെ മിന്നും താരമായി.

ജയിച്ചില്ലെങ്കിലും തോൽവി ഒഴിവാക്കിയ റയൽ, 35 കളികളിൽനിന്ന് 75 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ബാർസിലോനയ്ക്കും 35 കളികളിൽനിന്ന് 75 പോയിന്റാണെങ്കിലും നേർക്കുനേർ പോരാട്ടങ്ങളിലെ വിജയത്തിന്റെ ബലത്തിലാണ് റയൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. സെവിയ്യയ്‌ക്കെതിരെ ജയിച്ചിരുന്നെങ്കിൽ 77 പോയിന്റുമായി നിലവിൽ ഒന്നാമതുള്ള അത്‍ലറ്റിക്കോ മഡ്രിഡിനെ മറികടന്ന് റയലിന് ഒന്നാം സ്ഥാനത്തെത്താമായിരുന്നു. ലീഗിൽ മൂന്നു മത്സരങ്ങൾ വീതം മാത്രം ബാക്കിനിൽക്കെ കിരീടവും ഏറെക്കുറെ ഉറപ്പാക്കാമായിരുന്നു. ജയിക്കാനായില്ലെങ്കിലും ലാലിഗയിൽ റയൽ മഡ്രിഡ് തോൽവിയറിയാതെ പൂർത്തിയാക്കിയ തുടർച്ചയായ 15–ാം മത്സരമാണിത്.

റയലിനെ സമനിലയിൽ കുരുക്കിയ സെവിയ്യ 35 കളികളിൽനിന്ന് 71 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുന്നു. ജയിച്ചിരുന്നെങ്കിൽ ഒന്നാം സ്ഥാനക്കാരായ അത്‍ലറ്റിക്കോ മഡ്രിഡിന് നാലു പോയിന്റ് അടുത്തെത്താൻ സെവിയ്യയ്ക്ക് കഴിയുമായിരുന്നു. ഇൻജറി ടൈമിൽ സമനില വഴങ്ങിയതോടെ സെവിയ്യയുടെ കിരീട മോഹങ്ങൾ ഏറെക്കുറെ അവസാനിച്ചു.

മത്സരത്തിൽ ഏദർ മിലിട്ടാവോയുടെ ഹാൻഡ് ബോളിന് പെനൽറ്റി അനുവദിച്ച റഫറി, തൊട്ടുമുൻപ് റയൽ മഡ്രിഡ് സ്ട്രൈക്കർ കരിം ബെൻസേമയെ സെവിയ്യ ഗോള്‍കീപ്പർ വീഴ്ത്തിയതിന് പെനൽറ്റി നൽകിയില്ലെന്ന് ആരോപണമുണ്ട്. റയൽ പരിശീലകൻ സിനദീൻ സിദാൻ ഇക്കാര്യം മത്സരശേഷം എടുത്തുപറയുകയും ചെയ്തു.

English Summary: Real Madrid held by Sevilla as La Liga title race intensifies in Spain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com